രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പിരിക്കുന്ന സംഭാവനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കരട്ബില്‍

July 17, 2011 ദേശീയം

ന്യൂഡല്‍ഹി: ഇനിമുതല്‍ ക്രിമിനല്‍ കേസുകളില്‍ കീഴ്‌ക്കോടതിയില്‍നിന്ന് ശിക്ഷ ലഭിച്ചാലും ഉന്നത കോടതി അന്തിമതീര്‍പ്പാക്കും വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതൊഴിവാക്കി ഏത് കോടതിയില്‍നിന്ന് ശിക്ഷിക്കപ്പെട്ടാലും മത്സരത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് കരടുബില്ലിലെ നിര്‍ദേശം. കേസ് ഉന്നതകോടതിയുടെ പരിഗണനയിലിരിക്കെ മത്സരിച്ചു ജയിക്കുന്ന ജനപ്രതിനിധികള്‍ക്ക് 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 8 (4) വകുപ്പുപ്രകാരം ലഭിക്കുന്ന പരിരക്ഷ എടുത്തുകളയും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കാനും രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പിരിക്കുന്ന സംഭാവനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി തയ്യാറാക്കിയ കരട്ബില്‍ കേന്ദ്രമന്ത്രിസഭയുടെ അന്തിമതീരുമാനത്തിനായി ഉടന്‍ സമര്‍പ്പിക്കും.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് ഒരുവര്‍ഷം മുമ്പാണ് കുറ്റപത്രം നല്‍കിയതെങ്കില്‍, കുറ്റവിമുക്തനാക്കപ്പെടുംവരെയോ കേസില്‍ തീര്‍പ്പാകുംവരെയോ അയോഗ്യനാക്കപ്പെടും. തനിക്കെതിരായ കുറ്റം രാഷ്ട്രീയപ്രേരിതമാണെന്ന് ഏതെങ്കിലും സ്ഥാനാര്‍ഥി കരുതിയാല്‍ അദ്ദേഹത്തിന് ഹൈക്കോടതി മുഖേന പ്രത്യേക കോടതിയെ അല്ലെങ്കില്‍ െ്രെടബ്യൂണലിനെ സമീപിക്കാം.

കേസ് രാഷ്ട്രീയപ്രേരിതമാണോ അല്ലയോ എന്ന് െ്രെടബ്യൂണല്‍ 15 ദിവസത്തിനകം തീരുമാനിക്കണം. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് െ്രെടബ്യൂണല്‍ വിധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. കുറ്റപത്രം ലഭിച്ചതോ ശിക്ഷിക്കപ്പെട്ടതോ ആയ വിവരം സ്ഥാനാര്‍ഥി മറച്ചുവെക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താലും പിന്നീട് അയോഗ്യനാക്കപ്പെടും. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലെ ‘125 എ’ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം.

പൊതുജനങ്ങള്‍, കമ്പനികള്‍ എന്നിവിടങ്ങളില്‍നിന്ന് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കൈപ്പറ്റുന്ന സംഭാവനകള്‍ക്ക് രശീത് നല്‍കണമെന്ന വ്യവസ്ഥ ജനപ്രാതിനിധ്യ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം കുറയ്ക്കാനും സുതാര്യത ഉറപ്പുവരുത്താനുമാണിത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രാതിനിധ്യ നിയമത്തിലെ ’29 ബി’ വകുപ്പിനാണ് ഭേദഗതി നിര്‍ദേശിച്ചത്. അതനുസരിച്ച് പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ ‘ ക്രോസ് ചെയ്ത അക്കൗണ്ട് പേയ്’ ചെക്ക് മുഖേന മാത്രമേ സംഭാവനകള്‍ സ്വീകരിക്കാവൂ. അതിന് രശീത് നല്‍കുകയും വേണം.

വിവിധ തലങ്ങളില്‍നിന്ന് ലഭിച്ച സംഭാവനകളുള്‍പ്പെടെ വരവുചെലവു കണക്കുകള്‍ പൊതുജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തണം. പാര്‍ട്ടികള്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായിഅവരുടെ തിരഞ്ഞെടുപ്പ് ചെലവിന് പരിധി നിശ്ചയിക്കണമെന്ന നിര്‍ദേശവും നിയമമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം