പോലീസില്‍ സ്ഥലംമാറ്റം അനിവാര്യം: മുഖ്യമന്ത്രി

July 19, 2011 കേരളം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്ഥലംമാറ്റം അത്യന്താപേഷിതമാണ്. എന്നാല്‍, പ്രധാനപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റില്ല. അതുകൊണ്ട് സ്ഥലംമാറ്റം ഇത്തരം അന്വേഷണങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. പോലീസ് വകുപ്പില്‍ എട്ട് മണിക്കൂര്‍ ജോലി നടപ്പിലാക്കണമെങ്കില്‍ സേനയുടെ അംഗബലം വര്‍ധിപ്പിച്ചേ മതിയാകൂ-മുഖ്യമന്ത്രി പറഞ്ഞു.

പോലീസുകാരുടെ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അങ്ങനെ വന്നാല്‍ അവര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിലേയ്ക്ക് പോകുന്നത് തടയാന്‍ കഴിയും. അതിന് അവരുടെ ജീവിതസാഹചര്യങ്ങളും കൂട്ടുകെട്ടും പരിശോധിക്കാന്‍ സംവിധാനം ഉണ്ടാക്കും-മുഖ്യമന്ത്രി പറഞ്ഞു.

പറവൂര്‍ പെണ്‍വാണിഭ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സംരക്ഷണവും പുനരധിവാസവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തോടും റേഞ്ച് ഐ.ജി.യോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം