വിജയത്തിന്റെ ‘പാസ്‌വേര്‍ഡു’മായി ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

July 19, 2011 മറ്റുവാര്‍ത്തകള്‍

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

ടി.കെ.ലാല്‍ജിത്‌
ഭാരതീയ പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ശാസ്ത്രീയത തിരയുന്ന ‘താളിയോല’ എന്ന ഗ്രന്ഥത്തിനുശേഷം  യുവതലമുറയുടെ വിജയത്തിനും നേര്‍വഴിക്കുമായി ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്റെ ‘പാസ്‌വേര്‍ഡ്’ എന്ന പുതിയ പുസ്തകം  പുറത്തിറങ്ങി.

ദീര്‍ഘ തപസ്സിന്റെ ഫലപ്രാപ്തിയായ ‘പാസ്‌വേര്‍ഡ്’  വായനക്കാരെ ഒട്ടേറെ ജീവിതാനുഭവങ്ങളിലൂടെ കൈപിടിച്ചു നടത്തുന്നതാണെന്ന് പുസ്തകത്തെക്കുറിച്ച് അദ്ദേഹം പുണ്യഭൂമിയോടു പറഞ്ഞു. വര്‍ത്തമാനകാലമനുഷ്യന്റെ മുറിവേറ്റ അഹംബോധങ്ങള്‍ക്കും നിസ്സഹായതയ്ക്കും അന്തഃസംഘര്‍ഷങ്ങള്‍ക്കുമുള്ള മൃതസഞ്ജീവനിയായി ഗ്രന്ഥം സ്വീകരിക്കപ്പെടുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം. നമ്മുടെ പാരമ്പര്യത്തിലൂന്നി നിന്നുകൊണ്ട് ആധുനികലോകത്തെ കാണുമ്പോള്‍ എല്ലാ ജീവിതസുഖങ്ങള്‍ക്കുമുകളിലൂടെ ലക്ഷ്യബോധമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യരാണ് ഏറിയ പങ്കും. വിജയിക്കുന്നവരാകട്ടെ തങ്ങളുടെ പാതയെക്കുറിച്ച് മനസുതുറക്കാന്‍ തയാറല്ല താനും. ഈ സാഹചര്യത്തിലാണ് ഇത്തരം ഗ്രന്ഥത്തെക്കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉപദേശം നല്‍കിയോ സാധ്യതകള്‍ ചൂണ്ടിക്കാണിച്ചോ ഒരു ജനസമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വാക്കുകളില്‍ ഊര്‍ജ്ജവും ഉറച്ചവഴികളും പകര്‍ന്നുനല്‍കുന്ന ഒരു ഗ്രന്ഥരചനയ്ക്ക് ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണനെ പ്രേരിപ്പിച്ച പ്രധാനഘടകം.

ലോകത്തെ നന്മയിലേക്കും പുരോഗതിയിലേക്കും നയിച്ച ഗുരുക്കന്മാരെല്ലാം തങ്ങളുടെ ആശയങ്ങള്‍ ദൃഷ്ടാന്തകഥകളിലൂടെ ആവിഷ്‌ക്കരിച്ചാണ് ശിഷ്യര്‍ക്കും പൊതുസമൂഹത്തിനും നല്‍കിയിരുന്നത്. ആചാര്യന്‍മാരില്‍നിന്നും നേരിട്ടും വായിച്ചും പകര്‍ന്നുകിട്ടിയ ഊര്‍ജ്ജം ഈ ഗ്രന്ഥത്തിലൂടെ പകരാന്‍കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗുരുത്വത്തിന്റെ വരപ്രസാദം മാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എട്ടു ശീര്‍ഷകങ്ങള്‍ക്കുപുറമേ, ഗ്രന്ഥകര്‍ത്താവ് മുന്‍പ് ഗവേഷണപഠനം നടത്തിയിരുന്ന ഗായത്രീമന്ത്രത്തിലെ 24 അക്ഷരങ്ങളെ അനുസ്മരിപ്പിക്കും വിധം 24 ഉപശീര്‍ഷകങ്ങളും മറ്റ് അസംഖ്യം ലഘുശീര്‍ഷകളുമായി കെട്ടിലും മട്ടിലും പുതുമ പുലര്‍ത്തുന്ന ‘പാസ്‌വേര്‍ഡ്’ ഒറ്റനോട്ടത്തില്‍ത്തന്നെ ആരേയും ആകൃഷ്ടരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വായനക്കാരന്റെ മനസില്‍ ഓരോപേജും തങ്ങിനില്‍ക്കാനുള്ള മാന്ത്രികതയും സാധാരണ ജീവിതത്തിന്റെ ലാളിത്യവും പുസ്തകത്തിലൂടനീളം നമുക്ക് ദര്‍ശിക്കാനാകും.

വിളിച്ചുണര്‍ത്തുന്ന സങ്കേതങ്ങളെ മറന്ന് സ്വയം ഉണരുവാനുള്ള കരുത്ത് ഗ്രന്ഥകാരന്‍ ഉടനീളം പകര്‍ന്നു നല്‍കുമ്പോള്‍ പുസ്തകങ്ങളില്‍ ‘പാസ്‌വേര്‍ഡ്’ വേറിട്ടുനില്‍ക്കുന്നു. കര്‍മ്മഫലത്തെയും വിധിയെയും പഴിച്ച് അവയ്ക്കുമുന്നില്‍ തോല്‍വി സമ്മതിക്കുന്നിടത്താണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ‘ജീവിതം മടുത്തു’ എന്ന രണ്ടുവാക്കുകള്‍ക്കുമുന്നില്‍ ഈ ഗ്രന്ഥം വെളിച്ചമേകുന്നു.

‘കാലം കാത്തിരുന്ന പുസ്തകം’ എന്ന വിശേഷണത്തോടെയാണ് പാസ്‌വേര്‍ഡ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. പ്രഭാഷകന്‍, പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിലെ കോളമിസ്റ്റ്, വിവിധ യൂണിവേഴ്‌സിറ്റികളിലെയും അക്കാദമികളിലേയും ക്ഷണിതാവ്, മോട്ടിവേറ്റര്‍, ചാനലുകളിലെ നിറസാന്നിധ്യം എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ പാസ്‌വേര്‍ഡിന്റെ വിവിധ ഭാഷാമൊഴിമാറ്റം നടപ്പിലാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍.

‘ജീവിതവിജയത്തിന് കുറുക്കുവഴികളില്ല എന്നാല്‍ ലളിതമാര്‍ഗ്ഗങ്ങളുണ്ട്’ എന്നു പ്രഖ്യാപിക്കുകയും അവ സ്വാനുഭവങ്ങളുടെയും കഥകളുടെയും ആഖ്യാനത്തിലൂടെ വായനക്കാരനിലെത്തിക്കുന്ന ഗ്രന്ഥകര്‍ത്താവ് മറ്റു മോട്ടിവേഷന്‍ ഗ്രന്ഥങ്ങളുടെ മാതൃകകളെ തിരസ്‌ക്കരിച്ച് സ്വന്തം പാതവെട്ടിത്തുറന്നിരിക്കയാണ്. വിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കുള്ളില്‍ രണ്ടാംപതിപ്പ് പ്രസിദ്ധീകരിക്കേണ്ടിവന്നതിലൂടെ പുത്തന്‍ ശൈലിയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.

”കാലം ആവശ്യപ്പെടുന്ന ഗുരൂക്തികളില്‍ ജനങ്ങളിലെത്തിയേ തീരൂ. ആ നിയോഗത്തില്‍ ഒരു രചയിതാവെന്ന നിലയില്‍ ഈശ്വരന്റെ ഉപകരണമായി ഭവിക്കാന്‍ സാധിച്ചത് സുകൃതം” ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്റെ വാക്കുകളില്‍ വീണ്ടും വിനയം. മാത്രയുടെ ഒരംശംപോലും വിലപ്പെട്ടതാണെന്ന തിരിച്ചറിവിലൂടെ ഈ പുസ്തകം നമ്മെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മുന്നോട്ടുപോകാനാവാതെ നില്‍ക്കുന്ന ഓരോ മനുഷ്യനും ഈ പുസ്തകം പ്രാണവായു നല്‍കുമെന്നും മികച്ച സമ്മാനമായിരിക്കുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ല.

ഇംഗ്ലീഷും ഫ്രഞ്ചും ഉള്‍പ്പടെ പത്തു വൈദേശിക ഭാരതീയ ഭാഷകളില്‍ പുറത്തിറങ്ങുന്ന പാസ്‌വേര്‍ഡിന്റെ പ്രസാധകര്‍ തിരുവനന്തപുരം ആസ്ഥാനമായ ഇക്‌സാര്‍ ആണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍