ട്രഷറിയിലെ മിച്ചം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല: ധനമന്ത്രി

July 19, 2011 കേരളം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ വിശദീകരിക്കുന്ന ധവളപത്രം ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ വച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി പരിധികടന്നതായി ധവള പത്രം. ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക, കാര്‍ഷിക അനുബന്ധമേഖലയില്‍ നിന്നുള്ള വിഹിതം കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 10,197 കോടി രൂപ ബാധ്യതയെന്ന് ധനമന്ത്രി.

ട്രഷറിയിലെ മിച്ചം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല. 3,882 കോടിരൂപയാണ് ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും ഉയര്‍ന്ന പലിശ നല്‍കേണ്ട സ്ഥിരനിക്ഷേപങ്ങളാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്് (14.57 ) കുറഞ്ഞു. ഇത് വികസനത്തെ ബാധിച്ചു. വികസനച്ചെലവ് കുറയുകയും വികസനേതര ചെലവുകള്‍ കുതിച്ചുയരുകയും ചെയ്തുവെന്ന് ധവളപത്രം പറയുന്നു.

ബജറ്റിനുപുറത്തെ ബാധ്യത 5,064 കോടിരൂപ. ശമ്പള പരിഷ്‌കരണം നടത്തനുള്ള ബാധ്യത 4,825 കോടി രൂപ. പെന്‍ഷന്‍ റിവിഷന് 6,518 കോടിരൂപ അധികം ചെലവാകും. നെല്ല് സംഭരണം, വിപണി ഇടപെടല്‍ എന്നവയ്ക്ക് 191 കോടിരൂപ ബാധ്യത. കാര്‍ഷിക കടാശ്വാസ ഇനത്തില്‍ 175 കോടി ബാധ്യത. റേഷന്‍ സ്ബസിഡിക്ക് 267 കോടി അധിക ചെലവ്.

നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണവും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം