പാകിസ്ഥാനിലെ ഭീകരവാദക്യാമ്പുകള്‍ തകര്‍ക്കണം: ഹില്ലരി

July 19, 2011 ദേശീയം

ന്യൂഡല്‍ഹി: ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പറഞ്ഞു. വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അമേരിക്കയും ലോക സമൂഹവും പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ലോകത്ത് ഒരിടത്തും തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഉണ്ടാകാന്‍ പാടില്ല എന്നതാണ് അമേരിക്കയുടെ നിലപാട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ പ്രധാന സഖ്യകക്ഷിയാണെന്ന് ഹിലരി ക്ലിന്റന്‍ വ്യക്തമാക്കി. പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകള്‍ തകര്‍ക്കേണ്ടത് സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

ഏതെങ്കിലും രാജ്യം ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായി മാറുന്നത് അംഗീകരിക്കാനാവില്ല. ഭീകരവാദത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പാകിസ്താനാണ്. ഭീകരവാദികളുടെ ആക്രമണത്തില്‍ അമേരിക്കക്കാരെക്കാള്‍ കൂടുതല്‍ പാകിസ്താന്‍ പൗരന്മാരാണ് മരിക്കുന്നത്. ഭീകരവാദി ക്യാമ്പുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുമായുള്ള ആണവ കരാര്‍ നടപ്പാക്കുമെന്ന് അമേരിക്ക ഉറപ്പ് നല്‍കിയതായി മന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു. സാമ്പത്തിക രംഗത്തെ സഹകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ വികസനത്തെക്കുറിച്ചും ചര്‍ച്ച നടത്തിയതായി എസ്.എം.കൃഷ്ണ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഹില്ലരി ക്ലിന്റണ്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഡല്‍ഹിയിലെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം