രാസവളത്തിന്റെ വിലവര്‍ദ്ധന: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

July 20, 2011 കേരളം

തിരുവനന്തപുരം: രാസവളത്തിന്റെ വിലവര്‍ദ്ധന സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിലവര്‍ദ്ധന കര്‍ഷകര്‍ക്ക് താങ്ങാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാസവളത്തിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞത് കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്ന തീരുമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാന്‍ കഴിയില്ല. വിലനിയന്ത്രണം എടുത്തുകളഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നു. സഭയുടെ വികാരം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പെട്രോള്‍, രാസവളം എന്നിവയുടെ വില നിര്‍ണ്ണയാവകാശം കുത്തകകള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഇറങ്ങിപ്പോക്കിനു മുന്‍പ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാവസളത്തിന്റെ വില മാസംതോറും വര്‍ദ്ധിക്കുകയാണെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം