പാദപൂജ

July 20, 2011 സനാതനം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

അദ്ധ്യായം – 3

യോഗിപ്രജ്ഞ

പ്രജ്ഞാവികാസംമൂലം സ്ഥൂലശരീരത്തില്‍നിന്ന് കാമശരീത്തിലേക്കും അനന്തരം മാനസശരീരത്തിലേക്കും പ്രവേശിക്കുന്ന ജീവന്റെ അനുഭവങ്ങള്‍ സാധകന്‍ ബുദ്ധിപൂര്‍വം കടന്നുപോകേണ്ടതാണ്. സാധാരണ ജാഗ്രദവസ്ഥയില്‍നിന്ന് നിദ്രയിലെത്തുകയും സ്വപ്നാവസ്ഥയില്‍ അനുഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ടല്ലോ. എന്നാല്‍ സ്വപ്നം എപ്പോഴാണ് സംഭവിക്കുകയെന്നറിയുവാന്‍ സ്ഥൂലശരീരപ്രജ്ഞയ്‌ക്കോ കാമശരീരത്തിലും മാനസശരീരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ കഴിയുന്നില്ല. ഇവയോരോന്നും തമ്മിലുള്ള അന്തരമറിയാത്ത അനുഭവത്തെയാണ് പ്രജ്ഞാവിച്ഛേദമെന്നു പറയുന്നത്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലുള്ള മഹാത്മക്കളില്‍ പ്രജ്ഞാവിച്ഛേദം സംഭവിക്കുന്നേയില്ല. സൂര്യനുദിച്ചുനില്‍ക്കുമ്പോള്‍ ഇരുട്ടനുഭവപ്പെടാത്തതുപോലെതന്നെ ജ്ഞാനസൂര്യന്റെ ഉദയത്തില്‍ അധ്യാസങ്ങളനുഭവപ്പെടുന്നില്ല. സാധാരണമനുഷ്യപ്രജ്ഞ അഥവാ ക്ഷരപുരുഷന്‍ സ്ഥൂലദേഹം നശിക്കുമ്പോള്‍ കാമശരീരത്തിലും അവിടെനിന്ന് മാനസശരീരത്തിലും അഭയം തേടുന്നു. സൂക്ഷ്മശരീരങ്ങളിലിരിക്കുന്ന ക്ഷരപുരുഷപ്രജ്ഞ അവിടെയുള്ള വൈചിത്ര്യങ്ങള്‍ അറിയുവാനും നിയന്ത്രിക്കുവാനും ശേഷിയുള്ളതാകുന്നില്ല. എന്നാല്‍ അക്ഷരപുരുഷപ്രജ്ഞ സ്ഥൂലത്തിലേതുപോലെതന്നെ സൂക്ഷ്മത്തിലും പ്രാതിഭാസികമായിരിക്കും. യോഗികളില്‍ മാത്രമേ നിതാന്തപ്രജ്ഞ നിലനില്‍ക്കുന്നുള്ളൂ.
സാധാരമനുഷ്യപ്രജ്ഞ ജാഗ്രത്തില്‍ സൂക്ഷ്മശരീരത്തിലും, സ്വപ്നത്തിലും പ്രോതാവസ്ഥയിലും കാമശരീരത്തിലും, നിദ്രയിലും സ്വര്‍ലോകാവാസത്തിലും മാനസശരീരത്തിലും കേന്ദ്രീഭവിക്കുന്നു. എന്നാല്‍ യോഗിയുടെ പ്രജ്ഞ നശ്വരങ്ങളായ ശരീരത്രയത്തില്‍ കേന്ദ്രീഭവിക്കുന്നില്ല. ഉപരിമണ്ഡലങ്ങളിലേക്ക് കടന്നുചെല്ലുന്ന സ്ഥിതപ്രജ്ഞാവസ്ഥ കാരണശരീരം, പ്രാതിഭാസികം, അദ്ധ്യാത്മം എന്നീ സൂക്ഷ്മമണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുകയും അവയോടു ബന്ധപ്പെട്ട ശരീരങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു.

യോഗവും ഭോഗവും

ചിത്തവൃത്തികള്‍ നിരോധിക്കുന്നതിലൂടെമാത്രമേ സാധകന് സമ്പൂര്‍ണവിജയം നേടാനാകൂ. ചൈതന്യത്തിന്റെ പ്രവാഹവും പ്രസരണവും നമുക്കറിയണമെങ്കില്‍ അതാതിനുയോജിച്ച മാധ്യമങ്ങള്‍തന്നെ വേണ്ടിയിരിക്കുന്നു. ത്രിഗുണപ്രധാനമായ മാധ്യമങ്ങളില്‍ ഓരോന്നിനുമുള്ള ഗുണങ്ങള്‍ ചൈതന്യത്തിന്റെ പ്രസരണത്തെ സാരമായി ബാധിക്കുന്നു.
”രക്താദിസാന്നിദ്ധ്യമുണ്ടാക കാരണം
ശുദ്ധസ്ഫടികവും തദ്വര്‍ണമായ്‌വരു” – എന്ന് അധ്യാത്മരാമായണത്തില്‍ സ്പഷ്ടമാക്കിയിരിക്കുന്നു. ഗുണങ്ങളുടെ സാപേക്ഷത അധ്യാത്മചിന്തയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭൗതികജീവിതത്തില്‍ സംതൃപ്തിക്കുവേണ്ടിചെയ്യുന്ന അഭ്യാസങ്ങളും സാഹസികതയും കാമശരീരത്തിലും മാനസശരീരത്തിലും വിശ്രമംകൊള്ളുന്ന വാസനകളായി പരിണമിക്കുന്നു. അതിനുകാരണമായ വിഷയങ്ങളെ സമ്പാദിക്കാന്‍ പ്രാകൃതപുരുഷന്‍ പരിശ്രമിക്കുമ്പോള്‍ അതിനെ നിരാകരിക്കാനാണ് സാധകന്‍ പരിശ്രമിക്കുന്നത്. പ്രാകൃതന് സമ്പാദിക്കാനുള്ള മോഹവും യോഗിക്ക് ത്യജിക്കാനുള്ള മോഹവുമാണ്. പ്രകൃതനില്‍ സമ്പാദ്യം പൂര്‍ത്തിയായാലും മോഹം വളര്‍ന്നുകൊണ്ടിരിക്കും. യോഗിയില്‍ ത്യാഗം പൂര്‍ത്തിയായാല്‍ മോഹമവസാനിക്കും. ആദ്യത്തേതില്‍ മോഹബദ്ധതയും രണ്ടാമത്തേതില്‍ മോഹമുക്തിയുമാണ് സംഭവിക്കുന്നത്.
ചിത്തം, മനസ്സ്, ബുദ്ധി, അഹങ്കാരമെന്നിങ്ങനെ ജീവന്‍ സ്വീകരിക്കുന്ന ഉപാധികള്‍ ശുദ്ധയെന്നും അശുദ്ധയെന്നുമുള്ള മാനസികവൃത്തികളവലംബിച്ച് അനുഭവങ്ങളെ സൃഷ്ടിക്കുന്നു. മാധ്യമങ്ങളുടെ വൃത്തിഭേദം, ഗുണഭേദമനുസരിച്ച് സംഭവിക്കുന്നുവെന്നുള്ളത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. ഇച്ഛ, ക്രിയ, ജ്ഞാനം ഇവയെ ആസ്പദമാക്കി സ്വാനുഭവത്തിന് വിധേയമാകുന്ന കര്‍മങ്ങള്‍ സത്, ചിത്, ആനന്ദം എന്നീ ലക്ഷണങ്ങളിലൂടെ അനുഭവജ്ഞാനത്തിന് കളമൊരുക്കുന്നു.
ഉപാധികളുടെ സ്ഥൂലവും സൂക്ഷ്മവുമായ വ്യത്യാസം സാധാരണമനുഷ്യനിലും അധ്യാത്മസാധകനിലും സൃഷ്ടിക്കുന്ന ഭേദം എത്ര വലുതാണെന്ന് ചിന്തിക്കേണ്ടതാണ്. ഒരേ വസ്തുവിനെ സമ്പാദിക്കുന്നതില്‍ കാണുന്ന ജീവന്റെ സംസ്‌കാരവ്യത്യാസമാണ് ഇതിനു കാരണമായിട്ടുള്ളത്. വസ്തുഭേദം ഈ വ്യത്യാസത്തിനു കാരണമാകുന്നില്ല. മറിച്ച് സങ്കല്പഭേദമാണ് ഫലവ്യത്യാസം ഉളവാക്കുന്നത്. സംഭരണവും ത്യാഗവും ഒരേ വസ്തുവിനെ ആശ്രയിച്ചാണെങ്കിലും ഫലം വ്യത്യസ്തമായിരിക്കുന്നു. യോഗി ചിത്തവൃത്തികളെ നിരോധിക്കുന്നതിലൂടെ കണ്ടെത്തുന്ന സൗഖ്യം, ഭോഗി ചിത്തവൃത്തികളെ അനുഭവിക്കുന്നതിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ജീവന്റെ രണ്ട് സംസ്‌കാരനിലകളാണിവ. ഭോഗം ആത്യന്തികദുഃഖത്തിനും യോഗം ആത്യന്തികസൗഖ്യത്തിനും വഴിതെളിക്കുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം