കാണാതായ സലിമിനെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി

July 22, 2011 കേരളം

സലിം ഫെറിഫ്

ആറ്റിങ്ങല്‍: കാണാതായ സലിമിന്റെ മൃതദേഹം വെട്ടിനുറുക്കി ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാക്കി കക്കൂസ് കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കലയില്‍ നിന്നും 12 ദിവസം മുമ്പ് കാണാതായ വടശ്ശേരിക്കോണം തോക്കാട് സലിംമന്‍സിലില്‍ സലി (44) മിന്റെ മൃതദേഹമാണ് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയത്. സംഭവത്തില്‍ സലിമിന്റെ സുഹൃത്തും മുടപുരം സജീന മന്‍സിലില്‍ ഷറീഫി (38) നെ പോലീസ് അറസ്റ്റുചെയ്തു.
ഷെറീഫ് വാടകയ്ക്ക് താമസിച്ചിരുന്ന കോരാണി പുകയിലത്തോപ്പ് സമീഹ മന്‍സിലിന്റെ പിന്‍വശത്തെ പുരയിടത്തിലെ കക്കൂസ് കുഴിയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തുവന്നത്.
പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഷെറീഫ് കൂട്ടുകാരനായ സലിമിനെ മൃഗീയമായി കൊലചെയ്യാന്‍ കാരണം. സൗദിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു. സലിമിന് പണം പലിശക്ക് കൊടുക്കുന്ന ബിസിനസായിരുന്നു. ഇതേ തുടര്‍ന്നാണ് സലിമില്‍നിന്ന് ഷെറീഫ് പണം കടംവാങ്ങുന്നത്. 65 ലക്ഷത്തോളം രൂപയാണ് റിയാദില്‍വെച്ച് ഷെറീഫ് സലിമില്‍നിന്നും പലിശക്ക് വാങ്ങിയത്. ഇത് മറ്റുള്ളവര്‍ക്ക് ദിവസച്ചിട്ടിക്ക് നല്‍കുന്നതിനായിരുന്നു. സലിമിന് ഷെറീഫിനെ അതിരറ്റ വിശ്വാസമായിരുന്നതിനാല്‍ യാതൊരു രേഖകളുമില്ലാതെയാണ് ലക്ഷങ്ങള്‍ നല്‍കിയത്. ഈ പണം സലിം ജീവിച്ചിരുന്നാല്‍ തിരികെ നല്‍കണമെന്ന ചിന്തയാണ് സലിമിനെ കൊല്ലാന്‍ പ്രേരിപ്പിച്ച ഘടകം.
ഷെറീഫ് ജൂണ്‍ 22 ന് സൗദിയില്‍ നിന്ന് നാട്ടിലെത്തി. സലിം 29 നും നാട്ടില്‍ വന്നു. ജൂലായ് 9 നാണ് സലിമിനെ കാണാതാകുന്നത്.
രാവിലെ 11 മണിയോടെ പണിനടക്കുന്ന വീട്ടിലേക്ക് ജോലിക്ക് ആളിനെ തിരക്കി കാറില്‍ പോകുന്ന വഴിയാണ് സലിമിനെ കാണാതാകുന്നത്. കാര്‍ ചാത്തമ്പാറയില്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷെറീഫ് വലയിലാകുന്നത്. സലിമിന്റെ മൊബൈലിലേക്ക് കാണാതാകുന്ന ദിവസം നാലു ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇത് കൊല്ലത്തുള്ള ഒരാളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും സിമ്മും ഉപയോഗിച്ച് ഷെറീഫ് വിളിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സലിമിനെ കാണാതായ ദിവസംമുതല്‍ അന്വേഷണത്തിന് സഹായിക്കാന്‍ ഷെറീഫും ഒപ്പമുണ്ടായിരുന്നു. സലിം പണം കൊടുത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഷെറീഫിനെ പോലീസ് രണ്ടുവട്ടം ചോദ്യം ചെയെ്തങ്കിലും തെളിവില്ലാത്തതിനാലും സലിമിന്റെ അടുത്ത സുഹൃത്തായതിനാലും വിട്ടയച്ചു. ഇതിനിടെ ഷെറീഫ് വീട്ടിലെ എല്ലാപേരെയും പുകയിലത്തോപ്പിലെ വാടക വീട്ടില്‍നിന്നും ബന്ധുവീട്ടിലേക്ക് മാറ്റിയതായി സൂചന ലഭിച്ചു. ഇതോടെയാണ് ഷെറീഫിന്റെ പങ്ക് വെളിവാകുന്നത്. ഇവര്‍ വീട്ടില്‍നിന്ന് മാറിയ ദിവസമാണ് സലിമിന്റെ കൊല നടന്നതെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിക്കൊല്ലുകയായിരുന്നു എന്നാണ് സൂചന. ഇതിനുശേഷം മൃതദേഹം കുളിമുറിയില്‍ കൊണ്ടുപോയി അവിടെവെച്ച് കത്തികൊണ്ട് കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി വീട്ടില്‍ പുറകിലെ മതിലിനോട് ചേര്‍ന്ന പുരയിടത്തിലെ കക്കൂസ് കുഴിയില്‍ ഇടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒരുവര്‍ഷം മുന്‍പാണ് ഷെറീഫ് ഈ വീട് വാടകയ്ക്ക് എടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തി. ഷെറീഫിനെ വ്യാഴാഴ്ച രാവിലെയോടെ തെളിവെടുപ്പിനായി കോരാണിയിലെത്തിച്ചു. റൂറല്‍ എസ്.പി. അക്ബര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഇ.കെ.സാബു, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. കെ.ഇ.ബൈജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ.രമയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വൈകീട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഷംസൂനത്ത് ബായിയാണ് സലീമിന്റെ ഭാര്യ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം