ചിത്തവൃത്തി നിരോധം

July 22, 2011 സനാതനം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

അദ്ധ്യായം – 3

പാതഞ്ജലയോഗസൂത്രത്തില്‍ യോഗശ്ചിത്തവൃത്തി നിരോധഃ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. യോഗസൂത്രത്തെ നാലുപാദങ്ങളായി തിരിച്ചിട്ടുണ്ട്. അവ യഥാക്രമം, സമാധിപാദം, സാധനാപാദം, വിഭൂതിപാദം, കൈവല്യപാദം എന്നിവയാണ്. ആദ്യത്തേതായ സമാധിപാദത്തിലെ രണ്ടാംസൂത്രമാണ് ”യോഗശ്ചിത്തവൃത്തി നിരോധഃ” എന്നുള്ളത്. ‘യോഗ’ എന്ന പദത്തിന് യോജിപ്പിക്കുന്നത് എന്നര്‍ത്ഥം കാണുന്നു. (യുജിര്‍ യോഗേ). ”സന്നഹനോപായധ്യാനസംഗതിയുക്തിഷു” – യുദ്ധത്തിനുള്ള തയ്യാറെടുപ്പ്, ഉപായം, ധ്യാനം, സംയോജനം, യുക്തി തുടങ്ങി നാനാര്‍ത്ഥങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇവിടെ അധ്യാത്മപ്രധാനമായ അര്‍ത്ഥമേ സ്വീകരിക്കേണ്ടതുള്ളൂ.
മനസ്സിന്റെ നാനാമുഖമായ വികാരവിചാരങ്ങളെയാണ് ചിത്തവൃതത്തിയായി പതഞ്ജലിമഹര്‍ഷി കണ്ടെത്തിയിരിക്കുന്നത്. മേല്‍പറഞ്ഞ വികാരവിചാരങ്ങള്‍ സൃഷ്ടിക്കുന്ന സുഖവും ദുഃഖവും ജീവന്റെ വിഷയാസക്തി വര്‍ദ്ധിപ്പിക്കുന്നു. തന്മൂലമുണ്ടാകുന്ന ജന്മാന്തരങ്ങള്‍ അനേകങ്ങളാണ്. ആവര്‍ത്തനപ്രത്യാവര്‍ത്തനങ്ങളിലൂടെ ജീവന്‍ സമ്പാദിക്കുന്ന മാനസചേഷ്ടകളാണ് പ്രകൃതത്തില്‍ ചര്‍ച്ചാവിഷയം. പല ശരീരങ്ങളിലൂടെയുള്ള ജീവന്റെപ്രയാണം വസ്തുഭേദം, കാലഭേദം എന്നിവകൊണ്ട് സ്ഥൂലസൂക്ഷ്മശരീരങ്ങളില്‍ അലകള്‍ സൃഷ്ടിക്കുന്നതും കാരണശരീരത്തില്‍ അക്ഷരപുരുഷനുമൊത്ത് ലയിച്ചിരിക്കുന്നതുമാണ്. ജ്ഞാനശക്തിയുടെ ബീജമായിട്ടാണ് ചിത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്തം ഉപാധി മാത്രമാണ്. മനസ്സിന്റെ ഉപാധിയായ മാനസശരീരം വസ്തുബന്ധത്തോടുകൂടി സൃഷ്ടിക്കപ്പെടുന്നു.
സ്പന്ദനങ്ങളായും അലകളായും ജീവനില്‍ സൃഷ്ടിക്കപ്പെടുന്ന ചലനങ്ങള്‍ അനേകവസ്തുക്കളുടെ ഗുണപരിണാമങ്ങളോട് ഇണങ്ങിച്ചേര്‍ന്നതാണ്. സ്ഥൂലശരീരത്തിന്റെ സൂക്ഷ്മാണുക്കളുടെ ചലനമാണ് മാനസികചലനമായി അനുഭവിക്കേണ്ടിവരുന്നത്. ചുരുക്കത്തില്‍ ചിത്തവും മനസ്സും സ്ഥൂലവസ്തുക്കളുമായിബന്ധപ്പെട്ട് രൂപമെടുക്കുന്ന സൂക്ഷ്മപരമാണുക്കളുടെ സംഘാതമാണ്.
ജീവനില്‍ വസ്തുഗുണങ്ങളെപ്പറ്റിയുള്ള ബോധമില്ലാതെവന്നാല്‍, പിന്നെ ചിത്തവൃത്തി അവശേഷിക്കുന്നില്ല. ജന്മങ്ങള്‍കൊണ്ട് ജീവനില്‍ നിക്ഷിപ്തമായിരിക്കുന്ന വസ്തുക്കളുടെ സൂക്ഷ്മപടലത്തെ നിര്‍മാര്‍ജനം ചെയ്യുകയെന്നുള്ളതാണ് ചിത്തത്തിന്റെ വൃത്തിനിരോധംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. വൃത്തിനിരോധത്തിന് സൂക്ഷ്മവസ്തുനിരോധംതന്നെയാണാവശ്യം. അതിനുവേണ്ടി സാധകനായ യോഗിക്ക് ചിത്തവൃത്തിനിരോധം ഉപദേശിക്കുന്നതാണ് യോഗസൂത്രം.
ചിത്തവൃത്തിനിരോധത്തിലൂടെ യോഗി നേടുന്ന അനുഭീതിയുടെ വിവിധമണ്ഡലങ്ങള്‍ ഉത്തരോത്തരം വികസിക്കുന്ന പ്രജ്ഞാവ്യാപ്തിയിലൂടെ അനുഭവപ്പെടുന്നതാണ്. സ്ഥൂലശരീരപ്രജ്ഞ സ്ഥൂലലോകത്തെ സ്വാഭാവികമാക്കുന്നതുപോലെതന്നെ യോഗസാധനയിലൂടെ ഉയര്‍ന്ന മണ്ഡലങ്ങളിലെത്തിച്ചേരുന്ന പ്രജ്ഞ അതാതിടങ്ങളിലെ പ്രത്യേകതകളെ അറിയുകയും സ്വാഭാവികമാക്കുകയും ചെയ്യും. മനുഷ്യന്റെ സാധാരണജീവിതത്തില്‍ ഇത് സാദ്ധ്യമല്ല. ശാസ്ത്രങ്ങളിലും ഗുരുവാക്യങ്ങളിലുംനിന്ന് ലഭിക്കുന്ന ഉപരിമണ്ഡലത്തിന്റെ അറിവുകള്‍ സാധാരണക്കാരന് അവന്റെ സ്ഥൂലപ്രജ്ഞയുമായി യോജിപ്പിക്കാന്‍ കഴിയില്ല.    എന്നാല്‍ യോഗിയെസംബന്ധിച്ച് സ്ഥൂലശരീരപ്രജ്ഞപോലെതന്നെ ഉപരിമണ്ഡലങ്ങളിലെ പ്രജ്ഞയും വേദ്യമായിത്തീരും. മേല്‍പറഞ്ഞ പ്രജ്ഞാവികാസത്തിന് തടസം നില്‍ക്കുന്ന സുക്ഷ്മവസ്തുചലനങ്ങളെ നിയമനം ചെയ്യുന്നതാണ് യോഗം.
”ശനൈഃ ശനൈരുപരമേത് ബുദ്ധ്യാ ധൃതിഗൃഹീതയാ
ആത്മസംസ്ഥം മനഃകൃത്വാ ന കിഞ്ചിദപി ചിന്തയേത്”
‘മെല്ലെ മെല്ലെ (അന്തരാത്മാവില്‍) രമിക്കണം. വിവേകബലമുള്ള ബുദ്ധികൊണ്ട് മനസ്സിനെ ആത്മസ്വരൂപത്തിലുറപ്പിച്ചു കഴിഞ്ഞാല്‍ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കരുത്’ – എന്ന ഗീതാവചനം മേല്‍പറഞ്ഞ യോഗസിദ്ധാന്തത്തെത്തന്നെ പ്രകടമാക്കുന്നതാണ്. (ധൃതി എന്ന വാക്കിനെ യോഗതത്ത്വോപനിഷത്ത് ചിത്തസാമര്‍ത്ഥ്യമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഭൗതികവിഷയങ്ങളെ ത്യദിക്കുന്നതിനുള്ള മനസിന്റെ തന്റേടം – ധൈര്യം – ധൃതി). ക്രമമായും തുടര്‍ച്ചയായുമുള്ള പരിശീലനം ഈ ആത്മനിയന്ത്രണത്തിന് അത്യാവശ്യമാണ്. ബുദ്ധിയുടെ ധീരവും സ്ഥിരവുമായ ഭാവംകൊണ്ടേ ഇതു സാധ്യമാകൂ. ചഞ്ചലമായ മനസ്സിനെ ബുദ്ധിയാല്‍ സ്ഥിരീകരിച്ചും ആത്മസങ്കല്പത്തില്‍ ഏകീകരിച്ചും മറ്റൊന്നും ചിന്തിക്കാതെ നിര്‍വിഷയമായ സ്ഥിതി സൂക്ഷിക്കുകയാണ് ധ്യാനയോഗം. ചിത്തവൃത്തിനിരോധം മേല്‍പറഞ്ഞ പരിശീലനം പൂര്‍ത്തിയാക്കാന്‍. ഗീതയില്‍ ധ്യാന   യോഗത്തിലെ പന്ത്രണ്ടും പത്തൊന്‍പതും ശ്ലോകങ്ങള്‍ പ്രസ്തുത പരിശീലനത്തെ സഹായിക്കുന്ന വയും അതുകൊണ്ടുലഭിക്കുന്ന നിശ്ചലമായ മനോവൃത്തിയെ വിവരിക്കുന്നവയുമാണ്.
”തത്രൈകാഗ്രം മനഃകൃത്വാ യതചിത്തേന്ദ്രികക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ”. – ആ ആസനത്തിലിരുന്ന് ചിത്തവൃത്തികളും ഇന്ദ്രിയവ്യാപാരങ്ങളുമടക്കി മനസ്സിനെ ഏകാഗ്രമാക്കി അന്തഃകരണശുദ്ധിക്കായി യോഗം അഭ്യസിക്കണം’
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം