രാമായണത്തിലൂടെ…

July 23, 2011 സനാതനം

സ്വാമി സത്യാനന്ദ സരസ്വതി
അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
ബാലകാണ്ഡത്തിലെ രാമന്‍ താടകാവധം, സുബാഹുനിഗ്രഹം, ത്രൈയംബകഭഞ്ജനം, ഭാര്‍ഗ്ഗവദര്‍പ്പഹരണം തുടങ്ങിയ പ്രൗഢങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു എങ്കിലും സര്‍വ്വകര്‍മ്മങ്ങളിലും അധിഷ്ഠിതമായിരുന്ന ബാല്യത്തിന്റെ ലാളിത്യം ആനന്ദവും ആശ്വാസവും പകരുന്നു. അയോദ്ധ്യാകാണ്ഡത്തിലേക്ക് കടക്കുമ്പോള്‍ ജീവിതത്തിന്റെ കര്‍ക്കശമായ അനുഭവങ്ങള്‍ രാമന്‍ നേരിടുന്നതായികാണാം. രാമനിലൂടെ സാധാരണമനുഷ്യമനസ്സിലേക്ക് കടന്നുചെന്നാല്‍ അസഹനീയമായ സംഭവങ്ങളുടെ പട്ടിക ജീവിതത്തില്‍ നിരത്തിവയ്ക്കുവാനുണ്ടാകും. അമാനുഷികത്വവും അത്ഭുതങ്ങളും നില്‍ക്കട്ടെ, അനുകരിക്കുവാനും അനുസരിക്കുവാനും നിര്‍ദ്ദേശം നല്‍കുന്ന രാമന്റെ പ്രവൃത്തികളിലേക്ക് കടക്കാം.
ബ്രഹ്മലോകവും മനുഷ്യലോകവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന സന്തുഷ്ടിയും സമാധാനവും നാരദരാഘവസംവാദത്തില്‍ സ്ഫുരിച്ചുനില്പുണ്ട്. തപസ്സും ധര്‍മ്മകര്‍മ്മങ്ങളും കൊണ്ട് സംശുദ്ധിയാര്‍ന്ന മനുഷ്യലോകത്തിലേക്ക് ഇറങ്ങിവരുന്ന ദേവര്‍ഷിയെയാണ് നാം കാണുന്നത്. ബ്രഹ്മപദത്തിലേക്ക് ഉയരുവാനും മനുഷ്യാവസ്ഥയിലേക്ക് ഇറങ്ങിവരുവാനും കഴിയുന്ന അഭേദത്വം നാരദ – രാഘവ സംവാദത്തിലൂടെ നമുക്ക് ലഭ്യമാകുന്നു. മനുഷ്യാവതാരത്തിന്റെ മഹിമയില്‍ മാലിന്യം ചേരാത്ത ചിന്തകള്‍ അര്‍പ്പിക്കുവാന്‍ മഹാമുനിയുടെ മനസ്സ് തയ്യാറാകുന്നു. തപസ്സിന്റെ ദര്‍ശനവും അവതാരത്തിന്റെ ധന്യതയും മാനുഷ്യലോകത്തില്‍ സമ്മേളിക്കുന്ന അനുഭവമാണ് നാരദരാഘവസംവാദം. ധര്‍മ്മത്തിനുവേണ്ടി കര്‍മ്മം ചെയ്യുവാന്‍ ഉള്ള അവതാരമാണ് മനുഷ്യജന്മം. ക്ലേശങ്ങളും ക്ലിഷ്ടചിന്തകളും തരണംചെയ്ത് തപസ്സുകൊണ്ട് ഊര്‍ജ്ജമാര്‍ജിക്കുകയാണതിനുള്ള പോംവഴി. മനുഷ്യലോകത്തില്‍ മനുഷ്യന്റെ രൂപത്തില്‍ അവതാരമെടുത്ത നാരായണനും അവിടെവന്നെത്തുന്ന ദേവര്‍ഷിയായ നാരദനും ഈ രണ്ടു മഹാസങ്കല്പങ്ങളെ സമ്മേളിപ്പിക്കുന്നു. മനുഷ്യജന്മത്തിന്റെ മഹത്വവും ഗുരുത്വവും ഈ സംവാദത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. സാധാരണചിന്തയിലുള്ള ലോകഭാവന മനുഷ്യജീവിതത്തിന്റെ മാറ്റുരയ്ക്കുന്നതിന് മതിയാവുകയില്ലെന്ന് നാരദന്റെ വാക്കുകളില്‍നിന്ന് സ്പഷ്ടമാകുന്നു.
”യോഗേശനായ നീ സംസാരി ഞാനെന്നു
ലോകേശ! ചൊന്നതു സത്യമത്രേ ദൃഢം”
യഥാര്‍ത്ഥത്തില്‍ മനുഷ്യശരീരം സ്വീകരിച്ച രാമന്‍ സംസാരിയാണെന്ന് അവകാശപ്പെടുന്നു. കര്‍മ്മങ്ങള്‍ ഗൂഢമായിചെയ്യുന്നതിനു ആവശ്യമായ വിനയഭാവം സ്വീകരിച്ചിരിക്കയാണിവിടെ. എന്നാല്‍ ‘യോഗേശനായ നീ’ എന്ന് സംബോധന ചെയ്യുവാന്‍ ദേവര്‍ഷിയായ നാരദനെ പ്രേരിപ്പിച്ച സങ്കല്പം സംസാരിയെന്ന വിശേഷണം കൊണ്ട് വിസ്മരിച്ചുകൂടാ. രാമന്‍ പറയുന്നത് മോഹിപ്പിക്കുന്നതിനുള്ള ലോകാനുകാരികളായ വാക്കുകളാണെന്ന് നാരദനറിയാം. സാധാരണത്വത്തില്‍ മഹത്വം ദര്‍ശിക്കുവാനുള്ള ജീവിതസ്വഭാവമാണ് രാമന്റെ എളിമയില്‍ നാം കാണുന്നത്. ബ്രഹ്മജ്ഞാനിയായ നാരദനെ അജ്ഞാനം കൊണ്ട് മറയ്ക്കുവാന്‍ സാധ്യമല്ലെങ്കിലും അമിതബോധം കൊണ്ട് അഹങ്കാരിയാകുവാന്‍ അനുവദിക്കാതെ ഒരു സാധകനെ സംരക്ഷിക്കുന്ന അന്തര്‍മുഖത്വം രാമന്റെ വാക്കുകളില്‍ ഉണ്ട്. അല്പമായ തപസ്സും സിദ്ധികളും ഉപയോഗിച്ച് സാധാരണലോകത്തെ കബളിപ്പിക്കുന്നവരുണ്ട്. അമാനുഷികത്വം അവരവകാശപ്പെട്ടേക്കാം; അസാധാരണത്വം ആഗ്രഹിച്ചേക്കാം. അപ്രമേയത്വം അവരുടെ സ്വഭാവമായിരിക്കാം. അനന്തമായ ഈശ്വരശക്തി അല്പമായ സിദ്ധിയിലും തപസ്സിലും അടിഞ്ഞുപോകരുതെന്ന നിര്‍ദ്ദേശം അവതാരപുരുഷനായ രാമന്റെ എളിമയിലൂടെ പ്രഖ്യാപിതമാകുന്നു. രാമന് സാദ്ധ്യമല്ലാത്ത കര്‍മ്മങ്ങളില്ല. നാരദന് അത് അറിഞ്ഞുകൂടാത്തതുമല്ല. എങ്കിലും രാമന്‍ സാധാരണമനുഷ്യന്റെ പക്ഷത്താണ്. ദേവര്‍ഷിയായ നാരദന്‍ സാധാരണമനുഷ്യനിലെ അസാധാരണത്വം ദര്‍ശിക്കുന്നവനാണ്. പ്രപഞ്ചത്തിലെ സാധാരണത്വത്തിനുള്ളില്‍ സ്പന്ദിച്ചു നില്‍ക്കുന്ന അസാധാരണ മൂല്യശക്തിയാണ് ഈശ്വരന്‍. സാധാരണത്വത്തെ അവഗണിച്ചല്ല ഈ മഹിമ ദര്‍ശിക്കേണ്ടത്. ദൃശ്യപ്രപഞ്ചത്തിന്റെ അധിഷ്ഠാനവും അന്തഃശക്തിയും അതിലടങ്ങിയിട്ടുള്ള ആത്മശക്തി തന്നെയാണല്ലോ. സാധാരണത്വത്തില്‍ ലയിച്ചിരിക്കുന്ന ഈശ്വരത്വത്തിലേയ്ക്ക് കടന്നുവരുവാന്‍ ദേവര്‍ഷിയായ നാരദനെ ക്ഷണിക്കുന്ന സന്ദേശം രാമന്റെ വാക്കുകളിലുണ്ട്. നാരദന്‍ അത് അറിയുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ‘ചാതുര്യമുള്ള’ വാക്കുകളും ‘മാധുര്യം’ നിറഞ്ഞ അവതരണവും സാധാരണലോകത്തിനുള്ളതാണ്. ഇവ രണ്ടും കാര്യസാധ്യത്തിന് സൗകര്യംപോലെ പ്രയോഗിക്കുന്ന ലോകം അതുനുള്ളിലെ ഈശ്വരസത്തയെ മറയ്ക്കുകയും ചെയ്യുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം