സംവിധായകന്‍ ജോഷിയുടെ മകള്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചു

July 25, 2011 ദേശീയം

ഐശ്വര്യ

ചെന്നൈ: ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പ്രശസ്ത സിനിമാ സംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ, തൃപ്പൂണിത്തുറ സ്വദേശിയായ രാധിക, തൃശൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കാര്‍ അമിതവേഗതയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആസ്പത്രിയിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. യേശുദാസ്, അശ്വിന്‍ എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. മരിച്ചവരുടെ ബന്ധുക്കള്‍ കേരളത്തില്‍ നിന്ന് ആസ്പത്രിയിലെത്തിയിട്ടുണ്ട്.

ചെന്നൈ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഹാബലിപുരം ഈസ്റ്റ്‌കോസ്റ്റ് റോഡില്‍ ചെങ്കല്‍പെട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ജോലി സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം