സ്‌പെക്ട്രം കരാര്‍ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അറിവോടെ: രാജ

July 25, 2011 ദേശീയം

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലം സംബന്ധിച്ച് തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രാജ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതെന്നും അന്നത്തെ ധനമന്ത്രിയാണ് ഇതിന് അനുമതി നല്‍കിയതെന്നും രാജ വ്യക്തമാക്കി. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ കേസില്‍ വാദം നടക്കുമ്പോഴാണ് രാജ ഇങ്ങനെ പറഞ്ഞത്. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്നപ്പോള്‍ സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. താന്‍ മാത്രമെങ്ങനെ ഈ കേസില്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും സ്‌പെക്ട്രം നടപടികളില്‍ ക്രമക്കേടുണ്ടെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരേയും തന്നോടൊപ്പം ജയിലില്‍ കിടക്കേണ്ടതല്ലേയെന്നും രാജ ചോദിച്ചു.

ഡിബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടത്. യൂണിടെക്കുമായുള്ള കരാറില്‍ അധാര്‍മ്മികമായി ഒന്നും ചെയ്തിട്ടില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികള്‍ പിന്തുടരുക മാത്രമാണ് താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ചെയ്തതെന്നും അത് സര്‍ക്കാരിന്റെ നയമായിരുന്നുവെന്നും രാജ കോടതിയെ ബോധിപ്പിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന എ. രാജയെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജ് ഒ.പി. സെയ്‌നി മുമ്പാകെയാണ് അന്വേഷണസംഘം ഹാജരാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം