ശ്രീരാമന്റെ ജനനത്തെക്കുറിച്ചുള്ള കഥ

July 25, 2011 സനാതനം

ആശാനായര്‍
രാക്ഷസേശ്വരനായ രാവണന്‍ സര്‍വൈശ്വര്യത്തോടുംകൂടി ലങ്കയില്‍ വാഴുന്നകാലം. ദേവാദികളെ ദ്രോഹിച്ചും ബ്രാഹ്മണരെ പീഡിപ്പിച്ചും രാവണന്‍ ലോകത്തിന് മുഴുവന്‍ ഭീഷണിയായി വര്‍ത്തിച്ചു. ഗോഹത്യ, പരസ്ത്രീഹരണം. മുനിജനസംഹാരം. യാഗവിഘ്‌നങ്ങള്‍ ഇവ രാവണന്റെ പ്രധാന വിനോദങ്ങളായിരുന്നു.
ലോകം ദു:ഖാര്‍ത്തരായി മാറി. രാവണന്റെ നീചകര്‍മ്മങ്ങളില്‍ ദു:ഖിതയായി തീര്‍ന്ന ഭൂമീദേവി ഒരു പശുവിന്റെ രൂപം ധരിച്ച് ഇന്ദ്രസന്നിധിയിലെത്തി തന്റെ ദു:ഖം അറിയിച്ചു. ദേവേന്ദ്രാ. ദുഷ്ടനായ രാവണനാല്‍ ലോകം പാപപൂരിതമായിരിക്കുന്നു. ആ ദുഷ്ടരാക്ഷസന്റെ നീചപ്രവൃത്തികളില്‍ നിന്നും എന്നെ രക്ഷിച്ചാലും.
ദേവേന്ദ്രന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി. ദേവി, രാവണന്റെ ശക്തിയ്ക്കാധാരം ബ്രഹ്മദേവന്റെ വരങ്ങളാണ്. ബ്രഹ്മദേവനില്‍ നിന്നും വരങ്ങള്‍ നേടിയ രാവണനെ വധിക്കുന്നതില്‍ ഞാന്‍ അശക്തനാണ്. രാവണന്റെ കൈയൂക്ക് എനിക്കും ഭീതി ജനകമാണ്. വന്നാലും ദേവി. നമുക്ക് ബ്രഹ്മദേവനെകണ്ട് അഭയം യാചിക്കാം. ഇന്ദ്രദേവന്‍ ഭൂമീദേവിയേയും കൂട്ടി സത്യലോകത്തേയ്ക്ക് യാത്രയായി.
ബ്രഹ്മദേവന്‍ ഇന്ദ്രദേവനെയും ഭൂമീദേവിയേയും സ്വീകരിച്ചിരുത്തി. ആഗമനോദ്ദേശം ചോദിച്ചു. ബ്രഹ്മന്‍, അവിടുത്തെ ചരണങ്ങള്‍ മാത്രമാമ് ഇന്ന് ഞങ്ങള്‍ക്കാശ്രയം. ദേവാ. രാവണന്റെ ദുഷ്ടതയാല്‍ ഭൂമീദേവി ദു:ഖിക്കന്നു. അശരണയായ ദേവി ദേവാധിപനായ എന്നെ അഭയം തേടി. പക്ഷേ പ്രഭോ. രാവണന് അങ്ങ് നല്‍കിയ വിശിഷ്ടവരങ്ങളെ അതിജീവിക്കുവാനുള്ള ശക്തി എനിക്കില്ല. വിരിഞ്ചാ. ആ ദുഷ്ടനില്‍ നിന്നും പ്രപഞ്ചത്തെ രക്ഷിച്ചാലും. ഇന്ദ്രന്‍ തന്റെ ആവശ്യം അറിയിച്ചു.
പക്ഷേ ബ്രഹ്മദേവനും നിസ്സഹായനായിരുന്നു. അദ്ദേഹം പറഞ്ഞു. ഭൂമീദേവി, ഇന്ദ്രദേവാ, രാവണന്റെ ശക്തിക്കാധാരം എന്റെ  വരങ്ങള്‍തന്നെയാണ്. എന്നാല്‍ വരങ്ങള്‍ നല്‍കിയ എനിക്ക് അവന്റെ ശക്തി ഇല്ലാതാക്കുവാനുള്ള ത്രാണിയില്ല. മാത്രമല്ല എന്റെ ഭക്തന്മാരില്‍ മുമ്പനാണ് രാവണന്‍. കൈകൂപ്പുന്നവനെ നശിപ്പിക്കാന്‍ എനിക്ക് സാധിക്കുകയില്ല.
ഇന്ദ്രനും ഭൂമീദേവിയും നിരാശരായി. ഇത്മനസ്സിലാക്കിയ ബ്രഹ്മദേവന്‍ അവരെ ഉപദേശിച്ചു. ‘നിങ്ങള്‍ ഇത്രയധികം നിരാശരാകേണ്ടതില്ല. സംഹാരമൂര്‍ത്തിയായ ഭഗവാന്‍ പരമേശ്വരനാല്‍ അസാദ്ധ്യമായത് എന്താണ്? അദ്ദേഹത്തെ അഭയം തേടുകതന്നെ.’
അങ്ങനെ ബ്രഹ്മാദികള്‍ കൈലാസത്തിലെത്തി. ഗൗരീസമേതം കൈലാസത്തില്‍ വിളങ്ങുന്ന രുദ്രനെ അവര്‍ കൈകൂപ്പി. ബ്രഹ്മദേവാ. അപ്രതീക്ഷിതമാണല്ലോ ഈ സന്ദര്‍ശനം? എന്താണ് വിശേഷിച്ച്? പരമശിവന്‍ അന്വേഷിച്ചു.
‘ശങ്കരാ. അങ്ങ് സര്‍വ്വവും അറിയുന്നവനാണ്. പിന്നെ ഈ ചോദ്യത്തിന്റെ പ്രസക്തിയെന്താണ്? ഇങ്ങനെ ബ്രഹ്മന്‍ ചോദിച്ചപ്പോള്‍ ശങ്കരന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. ‘എങ്കിലും പ്രഭോ. ഞാന്‍ അറിയിക്കാം. രാവണന്റെ ദുഷ്ടതകളാല്‍ ഏവരും സഹികെട്ടിരിക്കുന്നു. അവനെ നിഗ്രഹിച്ച് ലോകം പരിശുദ്ധമാക്കാന്‍ ഉമാപതേ. അവിടുന്ന് തയ്യാറാകില്ലേ? ബ്രഹ്മദേവന്‍ പറഞ്ഞു.
ശിവശങ്കരന്‍ ഏവരെയും വീക്ഷിച്ചുകൊണ്ട് ഇപ്രകാരം മൊഴിഞ്ഞു. ബ്രഹ്മദേവാ, ഓരോ കര്‍മ്മത്തിനും വിധിക്കപ്പെട്ടവര്‍ ഓരോരുത്തരാണ്. അത് തെറ്റിക്കുവാന്‍ നമുക്കെന്ത് അവകാശം? വിധിയെ ലംഘിക്കുവാന്‍ നമുക്കാര്‍ക്കും സാധിക്കുന്നതല്ലെന്ന് അങ്ങ് അറിയുക.’
പരമശിവന്‍ തുടര്‍ന്നു. ‘ദേവാ, രാവണ നിഗ്രഹം നടത്തുവാന്‍ ബാദ്ധ്യസ്ഥനായത് ഞാനല്ല. രാവണന്‍ ജനിച്ചപ്പോഴേ അവന്റെ മരണവും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ അത് എന്റെ കൈയാല്‍ അല്ലെന്ന് അറിയുക. ഭൂമീദേവി, അവിടുത്തെ വ്യസനം ഇനി അധികനാള്‍ ഉണ്ടാകില്ലെന്ന് വിശ്വസിച്ചുകൊള്ളുക. പാലാഴിയില്‍ പള്ളികൊള്ളുക. പാലാഴിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ മനുഷ്യാവതാരത്തിനാണ് രാവണനെ നിഗ്രഹിക്കുവാനുള്ള അവകാശം മഹാവിഷ്ണുവിന്റെ അവതാരകര്‍മ്മം ത്വരിതഗതിയിലാക്കുവാന്‍ ഞാന്‍ യത്‌നിക്കുന്നതാണ്. നിങ്ങള്‍ സമാധാനത്തോടെ മടങ്ങുക.
അങ്ങനെ ബ്രഹ്മാദികളെ സമാധാനിപ്പിച്ചയച്ചശേഷം പരമശിവന്‍ മഹാവിഷ്ണുവിനോട് കല്പിച്ചു. ‘മഹാവിഷ്‌ണോ, അങ്ങ് മനുഷ്യനായി ജന്മംകൊണ്ട്, രാവണ നിഗ്രഹം നടത്തുവാനുള്ള സമയം അടുത്തിരിക്കുന്നു. അവതാരകര്‍മ്മങ്ങള്‍ ആരംഭിക്കുക.’
പരമേശ്വരാ. അവിടുത്തെ ആജ്ഞ ഞാന്‍ ശിരസ്സാവഹിക്കുന്നു. പക്ഷേ ഭൂമിയില്‍ ഞാന്‍ എവിടെ എപ്രകാരം ജന്മംകൊള്ളണമെന്ന് ദയവായി അങ്ങ് അറിയിച്ചാലും. ‘മഹാവിഷ്ണു ആവശ്യപ്പെട്ടു.
മഹേശന്‍ ഇപ്രകാരം അരുളിചെയ്തു. ‘മഹാവിഷ്‌ണോ, അയോദ്ധ്യയില്‍ സൂര്യവംശജാതനായ ദശരഥന്‍ എന്നൊരു രാജാവുണ്ട്. അദ്ദേഹത്തിന്റെ സീമന്ത പുത്രനായി അങ്ങ് ജനിക്കുക. ആ ജന്മത്തില്‍ ഭവാന്‍ ശ്രീരാമന്‍ എന്നറിയപ്പെടും. രാവണ നിഗ്രഹത്തിനായി ലക്ഷ്മീദേവിയും സര്‍വ്വദേവകളും അവിടുന്നിന് തുണയായി ആ ജന്മത്തിലും വര്‍ത്തിക്കുന്നതായിരിക്കും. ലക്ഷ്മീപതേ, മനുഷ്യ ജന്മത്തിന്റെ എല്ലാ സുഖദു:ഖങ്ങളും അനുഭവിക്കുവാന്‍ ശ്രീരാമ ജന്മത്തില്‍ അങ്ങ് ബാദ്ധ്യസ്ഥനായിരിക്കും. ഉടനടി ശ്രീരാമാവതാരം കൈക്കൊള്ളുക.’
മഹേശന്റെ ഈ ആജ്ഞ അനുസരിച്ചാണ് മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം