ചലച്ചിത്ര സംവിധായകന്‍ മൈക്കിള്‍ കകോയാനിസ് അന്തരിച്ചു

July 26, 2011 രാഷ്ട്രാന്തരീയം

ഏഥന്‍സ്: കസാന്‍ദ് സാക്കിസിന്റെ നോവലായ സോര്‍ബ ദ ഗ്രീക്കിന് ക്ലാസിക് ചലച്ചിത്രാവിഷ്‌കാരം നല്‍കിയ പ്രശസ്ത സംവിധായകന്‍ മൈക്കിള്‍ കകോയാനിസ് (89) അന്തരിച്ചു. പത്ത് ദിവസമായി അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ഗ്രീക്ക്‌സൈപ്രസ് മേഖലയില്‍ നിന്നുള്ള സംവിധായകനാണ് കകോയാനിസ്. 1922 ജൂണ്‍ 11 ന് സൈപ്രസിലാണ് ജനനം. യഥാര്‍ത്ഥ പേര് മിഹാലിസ് കക്കോജിയാനിസ് എന്നാണ്. സോര്‍ബ ദ ഗ്രീക്കിലൂടെയാണ് അദ്ദേഹം ലോകം അറിയുന്ന സംവിധായകനായി മാറിയത്. ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടി. ആന്റണി ക്യൂന്‍, അലന്‍ ബേറ്റ്‌സ് തുടങ്ങിയ മുന്‍നിര ഹോളിവുഡ് താരങ്ങളുടെ മികച്ച അഭിനയ മികവിലൂടെയും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 1964ലാണ് സോര്‍ബ ദ ഗ്രീക്ക് പുറത്തുവരുന്നത്. 62 പുറത്തുവന്ന ഇലക്ട്രയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 54 പുറത്തുവന്ന വിന്‍ഡ്ഫാള്‍ ഇന്‍ ഏദന്‍സ് ആണ് ആദ്യ ചിത്രം. ഗ്രീക്ക് സിനിമയെ പുറംലോകത്തിന് പരിചയപ്പെടുത്തിയ മികച്ച കലാകാരനായാണ് കകോയാനിസിനെ ചലച്ചിത്രലോകം വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം