മുംബൈ ആക്രമണം: ശബ്ദസാമ്പിളുകള്‍ നല്‍കാനാവില്ലെന്ന് പാകിസ്ഥാന്‍

July 26, 2011 രാഷ്ട്രാന്തരീയം

തിമ്പു: 2008 മുംബൈ ഭീകരാക്രമണത്തിലെ ഏഴ് പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ കൈമാറണമെന്ന് ഇന്ത്യയുടെ ആവശ്യത്തിനാണ് പാകിസ്താന്റെ ഇത്തരം പ്രതികരണം. വ്യക്തികളുടെ ശബ്ദ സാമ്പിളുകള്‍ എടുക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു. ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും ശബ്ദസാമ്പിളുകള്‍ നല്‍കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നും മാലിക് പറഞ്ഞു.

പാകിസ്താന്‍ പീനല്‍കോഡും തെളിവുനിയമവുമനുസരിച്ച് വിരലടയാളം മാത്രമേ പ്രതിയുടെ തിരിച്ചറിയല്‍ അടയാളമായി അംഗീകരിക്കൂ. ഫോട്ടോയോ ശബ്ദസാമ്പിളോ ഔദ്യോഗികമായി എടുക്കാറില്ല. ഏതെങ്കിലും വഴിക്ക് ശബ്ദസാമ്പിളുകള്‍ ശേഖരിച്ച് ഞാന്‍ ഇന്ത്യയ്ക്ക് അയച്ചുതന്നാല്‍ അത് പാകിസ്താന്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. കോടതി അലക്ഷ്യമാകും മാലിക് പറഞ്ഞു. ശബ്ദസാമ്പിളുകള്‍ എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തേ കീഴ്‌ക്കോടതി തള്ളിയതാണെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ അറിയിച്ചെന്നും മാലിക് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ വൈകുന്നതില്‍ പാകിസ്താന്‍ മാത്രമല്ല ഉത്തരവാദി. പാകിസ്താന്റെ ജൂഡീഷ്യല്‍ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാന്‍ ഒരു വര്‍ഷത്തോളം എടുത്ത ഇന്ത്യയും ഇതിന് ഉത്തരവാദിയാണ് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നാണ് പാകിസ്താന്റെ നിലപാട്. കോടതി അനുവദിച്ചാല്‍ ശബ്ദസാമ്പിളുകള്‍ ഇന്ത്യയ്ക്ക് നല്‍കും. പ്രതികള്‍ക്ക് അന്തിമ കുറ്റപത്രം നല്‍കി. അവരെ അറസ്റ്റുചെയ്തു. ജാമ്യം നിഷേധിച്ചു. ഇന്ത്യ സന്ദര്‍ശിച്ച് പാക് ജുഡീഷ്യല്‍ കമ്മീഷന്‍ മടങ്ങിവന്നാലുടന്‍ നടപടികള്‍ വേഗത്തിലാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം