കാര്‍ഗില്‍ സ്മരണകള്‍ക്ക് ഇന്ന് 12 വയസ്സ്

July 26, 2011 കേരളം

തിരുവനന്തപുരം: കാര്‍ഗില്‍ യുദ്ധം വിജയിച്ചതിന്റെ 12ാം വാര്‍ഷികാഘോഷം പാങ്ങോട് യുദ്ധ സ്മാരകത്തില്‍ സംഘടിപ്പിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി യുദ്ധങ്ങളിലും സൈനിക ഓപ്പറേഷനുകളിലും വീരമൃത്യു വരിച്ച സൈനികരുടെ വിധവകളെ ആദരിച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായിരുന്നു. ഡോ. ശശി തരൂര്‍ എംപി, കെ. മുരളീധരന്‍ എംഎല്‍എ, മേജര്‍ ജനറല്‍ വൈ.സി. തരകന്‍, ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പ്രേമചന്ദ്രന്‍ എന്നിവര്‍  പങ്കെടുത്തു.രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കേണ്ടേത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സൈനിക് സെന്റര്‍ തുടങ്ങാനും, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ പോളിക്ലിനിക് തുടങ്ങാനുമുള്ള സ്ഥലം നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ വിവിധ യൂണിറ്റിലെ സൈനികരും ഉദ്യോഗസ്ഥരും കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ പ്രദീപ് നാരായണന്‍, ലഫ്. ജനറല്‍ എസ്.പി. ശ്രീകുമാര്‍ (റിട്ട.), ഡപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ കൃഷ്ണ മേനോന്‍, സീനിയര്‍ സ്റ്റാഫ് ഓഫിസര്‍ തുടങ്ങിയവര്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബിഎസ്എന്‍എല്‍ സംഭാവന ചെയ്ത മൊബൈല്‍ ഫോണും ആര്‍മിയുടെ സാമ്പത്തിക സഹായവും സൈനികരുടെ വിധവകള്‍ക്കു നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം