ഫയലുകള്‍ കൃത്യമായി സൂക്ഷിക്കാത്തതിന് നഗരസഭക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

July 26, 2011 കേരളം

തിരുവനന്തപുരം: ഫയലുകള്‍ കൃത്യമായി സൂക്ഷിക്കാത്തതിന് നഗരസഭക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നഗരസഭയിലെ റിക്കോഡ് സെക്ഷന്‍ കൃത്യ വിലോപം കാട്ടുന്നതായും പൊതുജനം നല്‍കുന്ന അപേക്ഷകള്‍ ഒരു സെക്ഷനില്‍ നിന്ന് മറ്റൊന്നിലേക്ക് ട്രാക്ക് റിക്കോര്‍ഡില്ലാതെ ഷട്ടിലടിക്കുന്നതായും ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്,നഗരസഭ സെക്രട്ടറിക്ക് കത്തയച്ചു. റിക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും  ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതില്‍ നഗരസഭ ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്ന് നേരത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും കണ്ടെത്തിയിരുന്നു.കൊല്ലോട് അന്തിയൂര്‍ക്കോണം സ്വദേശിയായ സിന്ധു പത്മകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷന്‍,നഗരസഭക്ക് കത്തെഴുതിയിരിക്കുന്നത്. കെട്ടിടത്തിന് നികുതി നിര്‍ണ്ണയം നടത്തണമെന്നാവശ്യപ്പെട്ട് 2008സെപ്റ്റംബര്‍ 10 ന് അപേക്ഷ സമര്‍പ്പിച്ചിട്ടും നഗരസഭ യാതൊരു മറുപടിയും നല്‍കുന്നില്ലെന്ന് കാണിച്ചാണ് സിന്ധു വിവരാവകാശ നിയമ പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്.അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 021623 നമ്പരില്‍ രസീത് നല്‍കിയതായി സിന്ധു വിവരാവകാശ കമ്മീഷന് 2009 മെയ് 30 ന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പരാതി പ്രകാരം നഗരസഭ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.അന്ന് അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ ചുമതല വഹിച്ചിരുന്ന ഗീതാകുമാരി,ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ എം.കുമാരി എന്നിവരാണ് ഫയല്‍ കൈകാര്യം ചെയ്തതെന്നും താമസം വരുത്തിയതിന് ഇരുവര്‍ക്കും മെമ്മോ നല്‍കിയെന്നും കാണിച്ച് 2009 ഡിസംബര്‍ 15 ന് റിപ്പോര്‍ട്ട് നല്‍കി. ഗുരുതര കൃത്യവിലോപം ശ്രദ്ധയില്‍പെട്ടിട്ടും എന്തുകൊണ്ട് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വിവരാവകാശ കമ്മീഷന്‍ വീണ്ടും നഗരസഭയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയവരെ നേരിട്ട് വിളിച്ച് കമ്മീഷന്‍ തെളിവെടുത്തു.

ഇ-10 സെക്ഷന്റെ ചുമതലയില്‍ ഇരുന്നപ്പോഴാണ് 2009 മാര്‍ച്ച് 21 ന് സിന്ധുവിന്റെ ഫയല്‍ എത്തിയതെന്നും അത് 31ന് ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ക്ക് കൈമാറിയെന്നും ഗീതാകുമാരി മൊഴി നല്‍കി. ബാക്ക് ഫയല്‍ ആവശ്യപ്പെട്ട് അതേ വര്‍ഷം ഏപ്രില്‍ മൂന്നിന് ഫയല്‍ ഇ-10 സെക്ഷനിലേക്ക് തന്നെ മടക്കിയെന്ന് ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മൊഴി നല്‍കി.എന്നാല്‍ ഫയല്‍ കണ്ടെത്താന്‍ യുഡി ക്ലര്‍ക്കിനായില്ല. ഇതിനിടെ നികുതി നിര്‍ണ്ണയം നടത്താന്‍ അപേക്ഷ നല്‍കിയ സിന്ധുവിനോട് പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ പ്ലാനിന്റെ രണ്ടു കോപ്പി അപേക്ഷയോടൊപ്പം നല്‍കണമെന്നാവശ്യപ്പെട്ടു. എന്നിട്ടും കാര്യം നടക്കാതെ വന്നതോടെയാണ് സിന്ധു വിവരാവകാശ കമ്മീഷനെ സമീപിച്ചു. ഫയല്‍ ആവശ്യപ്പെട്ടിട്ട് കിട്ടാതായതോടെയാണ് നഗരസഭയിലെ ഫയല്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമ്മീഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. അത്യാവശ്യ കാര്യത്തിനാണ് പൊതുജനങ്ങള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെന്നും അത്തരം ഫയലുകള്‍ യാതൊരു മാനണ്ഡവുമില്ലാതെ ഒരു ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറുകയാണെന്നും മാസങ്ങളോളം ഫയലുകള്‍ കാണാതാകുന്നുവെന്നും സ്ഥാലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ യഥാസമയം ചുമതകള്‍ കൈമാറുകയോ വരുന്നവര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്ന് ഉത്തരവില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ഫയലുകള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ നഗരസഭയില്‍ വരുത്തണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 ദിവസത്തിനകം പുരോഗതി അറിയിക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം