പരിഷ്കരിച്ച മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി

July 26, 2011 കേരളം

കെ.ബാബു (എക്സൈസ് വകുപ്പ് മന്ത്രി)

തിരുവനന്തപുരം: പരിഷ്കരിച്ച മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും 2014 ന് ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് ഇനിമുതല്‍ ഒന്നര ലിറ്റര്‍ ആയിരിക്കും. നിലവില്‍ ഇത് മൂന്ന് ലിറ്റര്‍ ആണ്. വിവിധയിനം മദ്യങ്ങളെല്ലാം കൂടി സൂക്ഷിക്കാവുന്നത് ഇതുവരെ 27.1 ലിറ്ററായിരുന്നത് 15 ലിറ്ററായി പരിമിതപ്പെടുത്തി.മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ തുറക്കുന്ന സമയം രാവിലെ ഒമ്പത് മണിയാക്കി പരിഷ്‌കരിച്ചു. നഗരങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെയും ഗ്രാമങ്ങളില്‍ രാവിലെ എട്ട് മുതല്‍ 11 വരെയുമാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. കള്ള് ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന് സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പകരം ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കും. ഇതിന് ചുരുങ്ങിയത് 50 തെങ്ങും അഞ്ച് തൊഴിലാളികളും വേണം. 2014 ന് ശേഷം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ട് വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ബാറുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ചും പുതിയ നിര്‍ദേശമുണ്ട്. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 200 മീറ്ററാണ് നഗരത്തിലെ ദൂരപരിധി. സംസ്ഥാനത്ത് 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പക്ഷേ ഈ ഇളവ് ബാധകമല്ല. ബേക്കല്‍, വൈത്തിരി, ആലപ്പുഴ, കുമരകം, ഫോര്‍ട്ട് കൊച്ചി, കുമളി, മൂന്നാര്‍, വര്‍ക്കല, അഷ്ടമുടി, കോവളം എന്നിവടങ്ങളില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കും. മറ്റിടങ്ങില്‍ അടുത്തസാമ്പത്തിക വര്‍ഷം 20 മുറിയുള്ള ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാകും ബാര്‍ലൈസന്‍സ് കിട്ടുക. അതിന് അടുത്തവര്‍ഷം മുതല്‍ 25 മുറിയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാകും ലൈസന്‍സ് നല്‍കുക. എല്ലാ മാസവും ഒന്നാം തീയതിയിലെ അവധി പോലെ ദു:ഖവെള്ളിയാഴ്ചയും ഇനിമുതല്‍ മദ്യശാലകള്‍ക്ക് അവധിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം