കോടതിയലക്ഷ്യം: എം.വി. ജയരാജന് പുതിയ കുറ്റപത്രം നല്‍കുമെന്ന് ഹൈക്കോടതി

July 27, 2011 കേരളം

എം.വി. ജയരാജന്‍

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ സി. പി.എം. നേതാവ് എം.വി. ജയരാജന് പുതിയ കുറ്റപത്രം നല്‍കുമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച എം.വി. ജയരാജന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.
കേസില്‍ കുറ്റം ചുമത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സി. പി.എം. നേതാവ് എം.വി. ജയരാജന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ജഡ്ജിമാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അടങ്ങുന്ന ചാനല്‍ വാര്‍ത്തകളുടെ സി.ഡി. എതിര്‍കക്ഷിയായ തനിക്ക് ലഭിച്ചില്ലെന്നും ഇത് സ്വാഭാവികനീതിക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതികള്‍ക്കെതിരെ നിര്‍ഭയമായി പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനാണ് മടിക്കുന്നതെന്ന് ചോദിച്ചാണ് ജസ്റ്റിസുമാരായ ജെ.എം. പഞ്ചാല്‍, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തില്‍ വിഷയങ്ങളെല്ലാം ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.നോട്ടീസ് നല്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ ഹൈക്കോടതി പാലിച്ചില്ലെന്ന് ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വരറാവു കുറ്റപ്പെടുത്തി. പ്രാഥമിക വാദംപോലും കേള്‍ക്കാതെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുന്ന കേസുകളില്‍ പ്രാഥമികവാദം നിര്‍ബന്ധമാണ്. അതിനുശേഷം മാത്രമേ നോട്ടീസ് നല്കാവൂ അദ്ദേഹം വാദിച്ചു.

എന്നാല്‍, പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോട്ടീസയയ്ക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ കോടതികള്‍ക്കെതിരെ സംസാരിക്കുന്നവര്‍ പ്രത്യാഘാതം നേരിടാന്‍ മടിക്കുന്നത് എന്തിനാണെന്നും ഹൈക്കോടതിയില്‍ എല്ലാ കാര്യങ്ങളും ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വഴിയരികില്‍ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ജയരാജന്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ‘ശുംഭന്‍’ എന്ന പരാമര്‍ശമാണ് കേസിനാധാരം. കുറ്റപത്രം സമര്‍പ്പിക്കണമെന്ന് മെയ് മാസം 30നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജയരാജന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ്. ടി.വി. ചാനലുകളില്‍ വന്ന വാര്‍ത്തയുടെ സി.ഡി. അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ നടപടിയെടുക്കാന്‍ കോടതി തീരുമാനിച്ചത്. ഈ സി.ഡി.കളുടെ ഉള്ളടക്കം എന്തെന്നറിയാനും പ്രതികരിക്കാനും കോടതി തനിക്ക് അവസരം നല്കിയില്ലെന്ന് ജയരാജന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം