ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

July 27, 2011 ദേശീയം

ന്യൂഡല്‍ഹി: ഭാരതീയ ജീവിതശൈലി അനുകരണീയമാണെന്ന് ലോകമെങ്ങും പറയുന്ന ഈ കാലത്ത് ഏറ്റവും അധികം വിഷാദരോഗികള്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്നു പഠനം. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയിലെ ഒന്‍പതു ശതമാനം ആളുകളും ജീവിതത്തില്‍ എപ്പോഴെങ്കിലും നിരാശ ബാധിച്ചിട്ടുള്ളവരാണെന്നു പഠനത്തില്‍ കണ്ടെത്തി. ദു:ഖം, എല്ലാത്തിനോടും താല്‍പര്യക്കുറവ്, കുറ്റബോധം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിരാശ എന്നിവ ചേരുന്ന മേജര്‍ ഡിപ്രസീവ് എപിസോഡ് (എംഡിഇ) എന്ന അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവരാണ് ഇന്ത്യയിലെ 36% പേരെന്നും പഠനത്തില്‍ വ്യക്തമായി.എംഡിഇ ബാധിച്ചവര്‍ ഏറ്റവും കുറവ് ചൈനയിലാണ്. 12% പേര്‍.18 രാജ്യങ്ങളില്‍ നിന്നുള്ള 89,000 പേരെ കേന്ദ്രീകരിച്ച് 20 ഗവേഷകരാണ് പഠനം നടത്തിയത്. ലോകത്താകെമാനം 1210 ലക്ഷം പേരാണു വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അണുകുടുംബ വ്യവസ്ഥയിലേക്ക് ആളുകള്‍ മാറിയതോടെയാണ് ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം കൂടിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം