ഇന്ത്യ-പാക്ക് വിദേശകാര്യ മന്ത്രിതല ചര്‍ച്ച: ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ ധാരണ

July 27, 2011 ദേശീയം

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയും പാക്ക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായി കൂടിക്കാഴ്ചക്കു ശേഷം

ന്യൂഡല്‍ഹി: ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ ഇന്ത്യ-പാക്ക് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം.ഭീകരവാദം ഇന്ത്യക്കും പാക്കിസ്ഥാനും ഒരു പോലെ ഭീഷണിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   ശ്രീനഗറിനും മുസഫറാബാദിനുമിടയിലും പൂഞ്ചിനും റാവല്‍കോട്ടിനുമിടയിലും ബസ് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. വാണിജ്യം,കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം തടസപ്പെട്ട ഇന്ത്യ- പാക്ക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിച്ചതില്‍ സംതൃപ്തിയുണ്ടെന്നും എസ്.എം.കൃഷ്ണ പറഞ്ഞു. ഭീകരാക്രമണത്തിനു പിന്നിലുള്ള മുഴുവന്‍ പേരെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ഇരുരാജ്യങ്ങളും പ്രയത്‌നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യാ- പാക്ക് വിദേശകാര്യമന്ത്രിമാര്‍ അടുത്തവര്‍ഷം ആദ്യം ഇസ്‌ലാമാബാദില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും കൃഷ്ണ അറിയിച്ചു.

ചര്‍ച്ച പ്രതീക്ഷിച്ചതിലേറെ ഫലപ്രദമായിരുന്നു. പാക്കിസ്ഥാനും ഇന്ത്യക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രതിജ്ഞയെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശരിയായ ദിശയിലേക്കാണു നീങ്ങുന്നത്.- കൃഷ്ണ പറഞ്ഞു.

ഇന്ത്യ- പാക്ക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചത് ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ ഒരു യുഗത്തിന്റെ തുടക്കമാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം കൂടുതല്‍ ആത്മവിശ്വാസം ഉണ്ടായി. കശ്മീര്‍ വിഷയത്തിലും രമ്യമായ പരിഹാരം കണ്ടെത്തണം. അതിനായി ചര്‍ച്ച ഇനിയും തുടരുമെന്നും അവര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം