സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന ആഗസ്റ്റ് ആദ്യവാരം നിലവില്‍ വരും

July 27, 2011 കേരളം

തിരുവനന്തപുരം: ബസ്സുടമകളുമായി ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗമാകും അന്തിമ തീരുമാനമെടുക്കുക. ആഗസ്ത് അഞ്ചിനകം തീരുമാനം നടപ്പില്‍ വരും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ ബസ്സുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.  മിനിമം ബസ് ചാര്‍ജ് അഞ്ചു രൂപയാക്കാനാണ് ധാരണ. ബസ്സുടമകള്‍ ആറ് രൂപയാണ് ആവശ്യപ്പെട്ടത്. ഫാസ്റ്റ് പാസഞ്ചറിന് ഇത് ഏഴുരൂപയായിരിക്കും. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ജസ്റ്റിസ് എസ്.രാമചന്ദ്രന്‍ നായര്‍ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തിരുന്നു. മിനിമം കൂലി അഞ്ചുരൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാക്കൂലി 30 ശതമാനം കൂട്ടണമെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ. മിനിമം കൂലി കൂട്ടുമ്പോള്‍ ഇപ്പോഴുള്ള രണ്ടര കിലോമീറ്ററിനു പകരം അഞ്ചു കിലോമീറ്റര്‍ യാത്ര അനുവദിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ബസ്സുടമകള്‍ അംഗീകരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം