രാമായണത്തിലൂടെ…

July 27, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

ഓം രം രാമായ നമഃ

സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)
ദ്വേ അക്ഷരേ ബ്രഹ്മപരേത്വനന്തേ
വിദ്യാവിദ്യേ നിഹിതേ യത്രഗൂഢേ
ക്ഷരം ത്വവിദ്യാഹ്യമൃതം തു വിദ്യാ
വിദ്യാവിദ്യേ ഈശതേ യസ്തുസോ fന്യഃ (ശ്വേ : ഉ)
”അവേദനം  വിദുര്‍ യോഗം ചിത്തക്ഷയമകൃത്രിമം’‘ എന്നുള്ള യോഗപദവിയിലെത്തിച്ചേരാന്‍ ആത്മാവില്‍നിന്ന്  വ്യത്യസ്തമായി മറ്റൊന്നിന്റെയും പ്രതീതിയുണ്ടാകാന്‍ പാടില്ല. ഇങ്ങനെയുള്ള സൂക്ഷ്മദര്‍ശനത്തിന് സാധകനെ തയ്യാറാക്കുകയാണ് അഭിഷേകവിഘ്‌നംകൊണ്ടുദ്ദേശിക്കുന്നത്. രാമാഭിഷേകവും അഭിഷേകവിഘ്‌നവും സ്വാധീനിക്കാത്ത മനസ്സില്ല. മനുഷ്യലോകത്തും ദേവലോകത്തും ബ്രഹ്മലോകം വരെയും ഈ രണ്ടു കര്‍മ്മങ്ങള്‍ക്കും  സ്വാധീനതയുണ്ട്. കൈകേയിയുടെ അഭിഷേകവിഘ്‌നപരിശ്രമം രാമനെ ചിന്തിച്ചിട്ടുള്ളതാണ്. മകനായ ഭരതന് നേട്ടമുണ്ടാക്കുവാനാണെങ്കിലും രാമനെ ചിന്തിക്കാതെ അതു സാദ്ധ്യമല്ല. അഭിഷിക്തനാകാന്‍ പോകുന്ന രാമന്‍ ദശരഥന്റെയും സപത്‌നിമാരുടേയും അയോദ്ധ്യാനിവാസികളുടെയും  മനോമന്ദിരങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. അഭിഷേകം മുടക്കുന്ന കാര്യത്തില്‍ ദേവന്മാരും സദാപി രാമനെ സ്മരിച്ചിരുന്നു. മന്ഥര മുതല്‍ മഹാരാജാവ് വരെയും ആ രാജ്യത്തെ രാമസങ്കല്പം സ്വാധീനിച്ചിരുന്നു. അനുകൂലവും പ്രതികൂലവുമായ ചിന്തകള്‍ അയോദ്ധ്യയിലുണ്ട്. രണ്ടും ചെന്നെത്തുന്നത് രാമനിലാണ്. ഏഷണികളും ക്രോധവും വിലാപവും  വിദ്വേഷവും കൊട്ടാരത്തിലും രാജ്യമെമ്പാടും വ്യാപിച്ചു നിന്നത് രാമനെ കേന്ദ്രീകരിച്ചാണ്. വനവാസത്തിനുമുമ്പും വനവാസസമയത്തും  ഈ സ്വാധീനതക്ക് കുറവുവന്നില്ല.
ശ്രീരാമന്‍ രാമായണശരീരത്തിലെ ജീവാത്മാവും പരമാത്മാവുമാണ്. സര്‍വ്വ നാനാത്വങ്ങളെയും അടുപ്പിച്ചു നിറുത്തുന്ന ഏകത്വത്തിന്റെ മഹിമ പരമാത്മാവിനുള്ളതാണ്. രാമനെ സംബന്ധിച്ച് അയോദ്ധ്യാവാസികളുടെ മാത്രമല്ല ത്രിലോകവാസികളുടെയും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. സഹോദരന്മാരെ ശിക്ഷകൊണ്ട് രക്ഷിക്കുവാനുള്ള രാമന്റെ കഴിവ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ആധികാരിക സത്തയായിരുന്നു. അമ്മയായ കൗസല്യയോട് ചെയ്യുന്ന തത്ത്വോപദേശം ലോകത്തിന്റെ നശ്വരസ്വഭാവത്തെ വിശദീകരിക്കുന്ന തത്ത്വചിന്തയാണ്. വേര്‍പെടലും ഒരുമിക്കലും  പ്രപഞ്ചസ്വഭാവമാണ്. ഇതു രണ്ടിലും തുല്യഭാവനയാണ് ആത്മവൃത്തിയ്ക്ക് ആവശ്യം. അച്ഛനോട് അമ്മയ്ക്കുള്ള കര്‍ത്തവ്യവും ആധികാരികമായിത്തന്നെ രാമന്‍ അമ്മയെ അറിയിക്കുന്നുണ്ട്. പക്ഷം പിടിച്ച് കാര്യലാഭമുണ്ടാക്കുന്ന അന്തഃഛിദ്രങ്ങള്‍ സമ്പന്നഗൃഹങ്ങളില്‍പോലും ഇന്ന് ദൃശ്യമാണ്. നിഷ്പക്ഷമായ ധാര്‍മ്മികബോധം ഇല്ലാത്ത കുടുംബബന്ധമാണ് ഇതിനുകാരണം. അച്ഛനോടും അമ്മയോടും ഉള്ള ധാര്‍മ്മികമായ സമീപനം ലാഭേച്ഛകൊണ്ട് ചുരുങ്ങി പോകാറുണ്ട്. അച്ഛനും അമ്മയ്ക്കും തുല്യപ്രാധാന്യം ഉണ്ട് എന്ന് പറഞ്ഞ് രാമന്‍ വനത്തിന് പോകേണ്ടതില്ല എന്ന് കൗസല്യാദേവി പറയുന്നുണ്ട്. എങ്കിലും അങ്ങനെ നിര്‍ദ്ദേശിക്കുന്ന അമ്മയോട് ചേര്‍ന്നുനിന്ന് സാമ്രാജ്യം കരസ്ഥമാക്കുവാനോ രാജ്യം വാഴുവാനോ രാമന്‍ തുനിയുന്നില്ല. മാത്രമല്ല രാമന്‍ കൊടുക്കുന്ന നിര്‍ദ്ദേശം മനുഷ്യജീവിതത്തില്‍ മാതൃത്വത്തിനും പിതൃത്വത്തിനുമുള്ള ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നു.
”അച്ഛനെന്തുള്ളിലൊന്നിച്ഛയെന്നാലതി-
ങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും”
അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിനെപ്പറ്റി ഒരു മകനുണ്ടായിരിക്കേണ്ട ധാര്‍മ്മികമായ അഭിപ്രായം രാമന്റെ വാക്കുകളിലുണ്ട്. നഷ്ടപ്പെട്ട രാജ്യം തിരികെ കിട്ടുന്നതിനുള്ള ആയുധമായി അമ്മയുടെ വാക്കുകളെ പ്രയോജനപ്പെടുത്താന്‍ രാമന്‍ ശ്രമിച്ചില്ല. മറിച്ച്, അച്ഛനോട് അമ്മയ്ക്കുണ്ടായിരിക്കേണ്ട ഉത്തരവാദിത്വമെന്തെന്നാണ് നിര്‍ദ്ദേശിക്കുന്നത്. കര്‍ത്തവ്യാനുഷ്ഠാനത്തില്‍ നിന്നുള്ള വ്യതിയാനം രാമന്‍ തീരെ അനുവദിച്ചിരുന്നില്ല. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി അന്യരെ കുടുക്കിലാക്കുന്ന സാധാരണലോകം ഇതു ശ്രദ്ധിക്കേണ്ടതാണ്. രാമന്‍ രാജ്യം സ്വീകരിച്ചിരുന്നെങ്കില്‍ ഒരര്‍ത്ഥത്തില്‍ ദശരഥനും അതിഷ്ടപ്പെടുമായിരുന്നു. രാമനോട് ദശരഥനുള്ള അളവറ്റ സ്‌നേഹം അതിനു പ്രേരണ നല്കുന്നെങ്കില്‍ അതു തെറ്റാണെന്ന് പറയാന്‍ മറ്റാരും തയ്യാറാവുകയുമില്ല. കാരണം ഭരതന് രാജ്യം കൊടുക്കുന്നുണ്ടല്ലോ.  അതില്‍ കവിഞ്ഞ് മറ്റെന്തുവേണം? രാമനെ വനത്തിനയക്കണം എന്ന ദുഷ്ടചിന്തയ്ക്കടിസ്ഥാനമില്ലല്ലോ. ന്യായങ്ങള്‍ പലതുമുണ്ടാകാം എന്നാല്‍ ‘സത്യം വദിഷ്യാമി’ എന്നുള്ള രാമന്റെ തീരുമാനത്തില്‍ മറ്റു ന്യായീകരണങ്ങളില്ല. ദശരഥന്‍ സത്യം ചെയ്തുപോയതാണ്; അതും പൂര്‍ണമനസ്സോടെ. കൈകേയിയുടെ മഹത്തായ സേവനം അതിനു പ്രേരകമായി പുറകിലുണ്ട്. വെറുതേ നല്‍കിയ സത്യമെല്ലാം കൈകേയി ചോദിക്കുമ്പോള്‍ ആ സത്യം നല്‍കിക്കൊള്ളാമെന്നത് രണ്ടാമത്തെ വാഗ്ദാനമാണ്. ഒരു സത്യത്തെ ഉറപ്പിക്കാന്‍ മറ്റൊരു സത്യവും ചെയ്തിരിക്കുന്നു. രാമന്‍ രാജ്യം സ്വീകരിച്ചിരുന്നുവെങ്കില്‍ അച്ഛന്റെ സത്യലംഘനത്തിനും അമ്മയുടെ കര്‍ത്തവ്യത്തിനും തടസ്സം സൃഷ്ടിക്കുമായിരുന്നു. അമ്മയ്ക്കും അച്ഛനും ഒരുപക്ഷേ രാമന്റെ തീരുമാനം ഇഷ്ടപ്പെടുമായിരുന്നു. എന്നാല്‍ അതിനുവേണ്ടി സത്യസ്വരൂപനായ രാമന്‍ രണ്ടുപേരെയും അധര്‍മ്മഫലത്തിന് അര്‍ഹരാക്കി തീര്‍ക്കണം. സാധാരണ ബുദ്ധിയില്‍ ഇതു നിസ്സാരമെന്ന് തോന്നാം. അത്‌ലോകത്തിന്റെ സ്വഭാവമാണ്. എന്നാല്‍ രാമന്‍ ധര്‍മ്മസ്ഥാപകനാണ്. ധര്‍മ്മച്യുതി മൂലമുള്ള കര്‍മ്മബാദ്ധ്യത ഏറ്റെടുക്കുകയില്ല. കര്‍മത്തിന് അടിമപ്പെടുന്നത് പരമാത്മാവിന്റെ ലക്ഷണമല്ല. ആത്മവൃത്തിയില്‍ സ്വാര്‍ത്ഥത എന്ന സങ്കല്പം ഇല്ല. ഞാനും അന്യനും അവിടെ ദര്‍ശിക്കാനാവില്ല. നേട്ടങ്ങള്‍ എനിക്കെന്നും കോട്ടങ്ങള്‍ മറ്റൊരാള്‍ക്കുമെന്ന് ചിന്തിക്കാനാവില്ല. തനിക്ക് അന്യമായി ഒന്നിനെയും ദര്‍ശിക്കാനാവില്ല. ലോകത്തിന് മാതൃക കാണിച്ച് നേര്‍വഴി നടത്തേണ്ട ചുമതലയും ആദര്‍ശപുരുഷനായ രാമനുണ്ട്. അമ്മയോടുള്ള രാമന്റെ വാക്കുകള്‍ പരസുഖത്തിനും അപരസുഖത്തിനും ഒരേപോലെ ധര്‍മനീതി പുലര്‍ത്തുന്നതാണ്. പരാപേക്ഷയോടെ ചെയ്യുന്ന കര്‍മങ്ങളാണ് പലപ്പോഴും അധര്‍മ്മഫലം ഉളവാക്കുന്നത്. ഉത്തമപുരുഷനായ രാമന്‍ സര്‍വ്വധര്‍മ്മങ്ങളെയും സമന്വയിപ്പിക്കുന്നവനാണ്.
”യഃ പ്രീണയേത് സുചരിതൈഃ പിതരം സപുത്രഃ
യദ് ഭര്‍ത്തുരേവഹിതമിച്ഛതി തത്കളത്രം
തന്മിത്രമാപദി സുഖേ ച സമക്രിയം യത്
ഏതത്ത്രയം ജഗതി പുണ്യകൃതോ ലഭന്തേ”
ആര്‍ സത്പ്രവൃത്തികള്‍ കൊണ്ട് പിതാവിനെ സന്തോഷിപ്പിക്കുന്നു അവനാണ് യഥാര്‍ത്ഥ പുത്രന്‍. ആര്‍ ഭര്‍തൃഹിതം ആഗ്രഹിക്കുന്നു അവളാണ് മാതൃകാപത്‌നി. ആപത്തിലും സമ്പത്തിലും തുല്യമായ പങ്കുവഹിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ഈ മൂന്നും ലോകത്തില്‍ പുണ്യവാന്മാര്‍ക്കുമാത്രമേ ലഭിക്കുകയുള്ളു. ഏതു ദുഃഖകരമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും മനസ്സിന്റെ പ്രസന്നത വിജയത്തിനാവശ്യമാണ്. രാമന്‍ വനത്തിന് പോകുമ്പോള്‍ അമ്മയായ കൗസല്യയുടെ മനസ്സ് രാമന്റെ അഭ്യുദയത്തിന് വേണ്ടി പ്രസന്നമായിരിക്കണമെന്നാണ് അപേക്ഷിക്കുന്നത്. രാമസങ്കല്പം കൊണ്ട് പ്രസന്നമാകുന്ന മനസ്സ് കര്‍മ്മംകൊണ്ട് ശുദ്ധമാകുകയും മുക്തമാവുകയും ചെയ്യും. വനത്തില്‍ പോകുന്ന രാമനുവേണ്ടിയാണ് മാതാവ് സുഖമായിരിക്കണം എന്നുപറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ മോദത്തോടുകൂടി ഇരിക്കുന്നതിന്റെ ഫലം അനുഭവിക്കുന്നത് കൗസല്യ തന്നെയാണ്. ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ അന്യനുവേണ്ടിയായിരുന്നാല്‍ പോലും അവനവനു തന്നെയാണ് ഫലിക്കുന്നതെന്നുള്ള സത്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം