ഇന്ത്യയുടെ വളര്‍ച്ച ലോകം ഉറ്റു നോക്കുന്നു: കാമറണ്‍

July 29, 2010 മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: സാമ്പത്തിക-വ്യാപാര രംഗത്ത്‌ ബ്രിട്ടനില്‍ കൂടുതല്‍ നിക്ഷേപത്തിന്‌ ഇന്ത്യന്‍ കമ്പനികള്‍ തയാറാകണമെന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറണ്‍. ഇന്ത്യയുടെ വ്യാവസായിക മുന്നേറ്റം ലാകത്തിനു മുഴുവന്‍ അനുഭവ വേദ്യമാകുന്ന കാലഘട്ടമാണിത്‌. ഇന്ത്യയുടെ വളര്‍ച്ച ലോകം ഉറ്റുനോക്കുന്നു. ബ്രിട്ടന്‍ സമ്പദ്‌ വ്യവസ്‌ഥയെ വളര്‍ച്ചയുടെ പാതയില്‍ നയിക്കാനുള്ള അവസരമായാണ്‌ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ കാണുന്നത്‌. ബ്രിട്ടനിലെ തൊഴിലില്ലായ്‌മ പെരുകുന്നതു തടയാനും ഇതിലൂടെ ശ്രമിക്കും.
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബാംഗ്ലൂര്‍ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ ക്യാംപസില്‍ വ്യവസായ-മാധ്യമ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയെ വാനോളംപുകഴ്‌ത്തിക്കൊണ്ടായിരുന്നു കാമറണിന്റെ വാക്കുകള്‍. സമീപകാലത്ത്‌ ഇന്ത്യയുടെ നേട്ടങ്ങള്‍ അത്ഭുതാവഹമാണ്‌. ബാംഗ്ലൂരിലും ഹൈദരാബാദിലും വന്നിട്ടുള്ള രാജ്യാന്തര വിമാനത്താവളങ്ങള്‍, മുംബൈയിലെ ബാന്ദ്ര സീലിങ്ക്‌, ഡല്‍ഹി മെട്രോ റയില്‍, ഡല്‍ഹി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ തുടങ്ങിയവ ഇന്ത്യയുടെ ശേഷി വിളിച്ചോതുന്നു.ഈ ശക്‌തി ബ്രിട്ടനിലും അനുഭവപ്പെടുന്നുണ്ട്‌. ബ്രിട്ടനില്‍ ഉല്‍പാദനരംഗത്ത്‌ ഏറ്റവുമധികം തൊഴില്‍ നല്‍കുന്നത്‌ ഇന്ത്യന്‍ കമ്പനിയായ ടാറ്റാ ഗ്രൂപ്പാണ്‌. ബ്രിട്ടീഷ്‌ ഐടി മേഖലയില്‍ മുതല്‍മുടക്കിയ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 180ല്‍ ഏറെയാണ്‌.
ഇന്ത്യ വെറും ഐടി, ബിപിഒ സേവന രാജ്യമാണെന്ന വിശ്വാസം ചില രാജ്യങ്ങള്‍ക്കെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ അതു വാസ്‌തവമല്ലെന്ന തിരിച്ചറിവ്‌ ഇന്ത്യ ലോകത്തിനു നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍