ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണയ സമിതി രൂപവല്‍ക്കരിച്ചു

July 28, 2011 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള അമൂല്യ ശേഖരത്തിന്റെ  മൂല്യനിര്‍ണയം നടത്തുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവല്‍ക്കരിച്ചു.  ആഗസ്ത് ഒന്നിന് ഇവര്‍ യോഗം ചേരും.
നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിട്യൂട്ട് വൈസ് ചാന്‍സലര്‍ ഡോ.സി.വി. ആനന്ദബോസ്, ഇന്‍സ്റ്റിട്യൂട്ടിലെ പുരാവസ്തു സംരക്ഷണ വകുപ്പ് തലവന്‍ പ്രൊഫ. എം.വി. നായര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍, റിസര്‍വ് ബാങ്ക്‌   പ്രതിനിധി വികാസ് ശര്‍മ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി നമ്പി രാജന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഡോ.സി.വി. ആനന്ദബോസാണ് കോ-ഓര്‍ഡിനേറ്റര്‍.
എ, സി, ഡി, ഇ, എഫ് എന്നീ നിലവറകളിലെ പുരാവസ്തുക്കള്‍ എന്തൊക്കെയാണെന്നു കണ്ടെത്തി അവ സംരക്ഷിക്കുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍കൂടി സമര്‍പ്പിക്കാന്‍ സമിതിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂല്യനിര്‍ണയം നടത്തുന്നത് വീഡിയോ ചിത്രീകരണം നടത്താനും കോടതി നിര്‍ദേശിച്ചിരുന്നു. പോലീസിലെയോ സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും ഏജന്‍സിയിലെയോ ഫോട്ടോഗ്രാഫറാകും ചിത്രീകരണം നടത്തുക. വിദഗ്ദ്ധസമിതിയുടെ അഭിപ്രായം ആരാഞ്ഞ് ഈ വിഷയത്തില്‍ തീരുമാനമെടുക്കും.
ക്ഷേത്രത്തിന്റെ സുരക്ഷാനടപടികളെക്കുറിച്ച് അവലോകനം നടത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉന്നതതലയോഗം വ്യാഴാഴ്ച നടക്കും.

സുരക്ഷാ ചുമതലയുടെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. വേണുഗോപാല്‍ കെ. നായരുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് ഇതുവരെയുള്ള സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിയുടെ യോഗത്തില്‍ അവതരിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം