രാമായണത്തിലൂടെ…

July 29, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

ഓം രം രാമായ നമഃ

സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)
”മാതാവു മോദാലനുവദിച്ചീടുകില്‍
ഏതുമേ ദുഃഖമെനിക്കില്ല കേവലം”
എന്നുള്ള വരികളില്‍ അമ്മയുടെ അനുവാദവും അനുഗ്രഹവും രാമന്‍ ആവശ്യപ്പെടുന്നു. ഏതു വിഷമകര്‍മ്മങ്ങള്‍ക്കും ഒരു മകന്‍ അമ്മയില്‍നിന്നും സമ്മതവും അനുഗ്രഹവും വാങ്ങണമെന്ന സങ്കല്പം തന്നെ അമ്മയ്ക്കും മകനും തമ്മിലുള്ള ബന്ധത്തില്‍ മാതൃത്വത്തിനുള്ള മഹിമ പ്രഖ്യാപിക്കുന്നു. മാതാവ് മകനെ അനുഗ്രഹിച്ചയയ്ക്കുമ്പോള്‍ ദുഃഖിക്കാന്‍ പാടില്ലെന്നും അന്യാരോപം കൊണ്ട് കലുഷമാകാന്‍ പാടില്ലെന്നുമുള്ള രാമന്റെ സൂചനകള്‍ ധാര്‍മികപ്രബോധനകളാണ്. അമ്മയ്ക്ക് മകനോടുള്ള കര്‍ത്തവ്യം ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള കര്‍മ്മം എന്നിങ്ങനെ അതിപ്രധാനമായ മാനുഷികധര്‍മ്മങ്ങളില്‍ രാമന് വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. സത്യധര്‍മങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന യാതൊരു പ്രവൃത്തികൊണ്ടും മനുഷ്യബന്ധങ്ങളോട് കൂറ് പ്രഖ്യാപിക്കുവാന്‍ രാമന്‍ തയ്യാറായിരുന്നില്ല.
”ഭര്‍തൃകര്‍മ്മാനുകരണമാത്രേപാതി-
വ്രത്യനിഷ്ഠാ വധൂനാമെന്നു നിര്‍ണ്ണയം”
എന്നുള്ള രാമന്റെ വാക്കുകളില്‍ ഭര്‍തൃകര്‍മ്മത്തില്‍ ഭാര്യ ദത്തശ്രദ്ധയായിരിക്കണമെന്ന് രാമന് നിര്‍ബന്ധമുണ്ട്. എന്നാല്‍ വനത്തിലേക്ക് പുറപ്പെടാന്‍ തുടങ്ങുന്ന രാമന്‍ സീതയോട് പറയുന്നത് അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് കൊട്ടാരത്തില്‍ കഴിഞ്ഞുകൊള്ളുവാനാണ്. ”മയ്യല്‍ കളഞ്ഞ് മാതാവുമായ് വാഴ്ക നീ” എന്നാണ് രാമന്‍ സീതയെ സമാധാനിപ്പിക്കുന്നത്. ”മുന്നില്‍ നടപ്പന്‍ വനത്തിനു ഞാന്‍” എന്നാണ് സീതാദേവി രാമനോട് മറുപടി പറയുന്നത്. പതിവ്രതകള്‍ക്ക് ഭര്‍തൃധര്‍മാനുകരണമാണ് വിധിച്ചിട്ടുള്ളതെന്ന് വിധിഎഴുതിയ രാമന്‍ സീതയോട് കൊട്ടാരത്തില്‍ താമസിക്കുവാന്‍ പറഞ്ഞെതെന്തിനാണ്? പാതിവ്രത്യസംരക്ഷണത്തിന് രാമനോടൊത്ത് പോകേണ്ടവളല്ലേ സീത. എന്നിട്ടും രാമന്‍ എന്താണ് പല തടസ്സങ്ങളും പറഞ്ഞത്? ഭാര്യയുടെ ധര്‍മ്മം സീതയിലൂടെ അവതരിപ്പിക്കുകയായിരുന്നു രാമന്റെ ഉദ്ദേശ്യം. ലോകത്ത് സീതയെപ്പോലെ ഭാര്യമാരുണ്ടാകണമെന്ന സങ്കല്പമായിരിക്കാം ഇതിനു കാരണം. മറ്റൊരാളിന്റെ നിര്‍ബന്ധം കൊണ്ട് നിര്‍വ്വഹിക്കേണ്ടതല്ല ധര്‍മ്മം. സ്വമനസ്സാലെ വിഷമതകളേറ്റെടുത്തുകൊണ്ടുവേണം ധര്‍മ്മവീക്ഷണം നടത്താന്‍. പരപ്രേരണയില്‍ നിര്‍ബന്ധം കൊണ്ടുള്ള വേദനയ്ക്കും  അസ്വാതന്ത്ര്യത്തിനും വകയുണ്ട്. രാമന്‍ പരന് വേദനയും അസ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. ധര്‍മ്മബോധം വ്യക്തിയില്‍ സ്വതന്ത്ര്യമായുണ്ടാകേണ്ടതാണ്. അതിനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കുകയാണ് ഗുരുക്കന്മാര്‍ ചെയ്യുന്നത്. ഭാര്യയുടെ ധര്‍മ്മബോധത്തിന് ഭര്‍ത്താവ് കാരണക്കാരനാകണം. സീതാദേവിക്ക് സ്വയം അഭിപ്രായം രൂപീകരിക്കാന്‍ രാമന്‍ അവസരമൊരുക്കുകയാണ് ചെയ്തത്. ഭാര്യാധര്‍മം സ്വയം നിര്‍വ്വഹിക്കുവാനുള്ള സ്ത്രീലോകത്തെയാണ് രാമന്‍ വാര്‍ത്തെടുക്കുന്നത്.
കാട്ടിലേക്കു പോകുമ്പോള്‍ നേരിടേണ്ടിവരുന്ന ദുര്‍ഘടങ്ങളെയും വിഷമങ്ങളെയും സംബന്ധിച്ച് സീതയെ ബോധവതിയാക്കേണ്ടത് രാമന്റെ ധര്‍മമാണ്. വിഷമഘട്ടങ്ങളെ തരണം ചെയ്യുന്നതിന് വിചാരണ നടത്തുവാനുള്ള വിശേഷബുദ്ധി ഭാര്യയ്ക്ക് ഭര്‍ത്താവില്‍നിന്ന് ലഭിക്കേണ്ടതാണ്. രാമന്‍ അതു നിര്‍വ്വഹിക്കുന്നുമുണ്ട്. ഘോരകാനനത്തിലെ രാക്ഷസന്മാരും കല്ലും മുള്ളും കാനനഗഹ്വരങ്ങളും കാട്ടാറുകളും എല്ലാം രാമന്‍ സീതയ്ക്കു വിവരിച്ചുകൊടുക്കുന്നുണ്ട്. ഇതിനും ഒരു ഉദ്ദേശ്യമുണ്ട്. ലോകജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ധാരാളം വിഷമതകള്‍ നേരിടേണ്ടിവരും. ഈ വിഷമതകള്‍ ധര്‍മ്മത്തില്‍നിന്നു പിന്തിരിയുവാന്‍ ഭാര്യയെ പ്രേരിപ്പിക്കുകയാണെങ്കില്‍ പതിവ്രതയെന്നുവിളിക്കുവാന്‍ സാധ്യമല്ല. സീതയിലൂടെ പാതിവ്രത്യം എന്താണെന്നുള്ള വിശദീകരണവും രാമന്‍ നല്‍കുന്നു.  ഭര്‍ത്താവിനെ അനുഗമിക്കുന്നതിനുള്ള സീതാദേവിയുടെ വാക്കുകളിലൂടെയാണ്  ഈ മഹത്തായ സേവനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യിക്കുവാനും രാമന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ട്. രാമന്‍ ഉപദേശിക്കേണ്ട കാര്യം മുഴുവന്‍ സീതാദേവി വിശദീകരിക്കുന്നു. സ്ത്രീലോകത്തിന് നല്കുന്ന ഏറ്റവും ശക്തവും സ്വതന്ത്രവുമായ നിര്‍ദ്ദേശമാണിത് ഭര്‍ത്തൃകര്‍മ്മാനുകരണം തന്റെ കര്‍ത്തവ്യമാണെന്ന് സീതയെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമെ വനത്തിലേക്ക് വരുവാനുള്ള സീതയുടെ അപേക്ഷ രാമന്‍ സ്വീകരിക്കുന്നുള്ളു. കര്‍മ്മനിര്‍വ്വഹണത്തിനുള്ള ധൈര്യവും സ്ഥൈര്യവും സ്വയം ഉണ്ടായതിനുശേഷം വേണം ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കേണ്ടത്. അമ്മയോടുള്ള രാമന്റെ വാക്കുകള്‍ സഹോദരനായ ലക്ഷ്മണനെയും കൃത്യനിര്‍വ്വഹണത്തിന് പ്രാപ്തനാക്കിതീര്‍ക്കുന്നു.
പതിവില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് രാമന്‍ അന്ന് സീതാഗൃഹത്തിലെത്തിച്ചേര്‍ന്നത്. സാധാരണ ഉണ്ടാകാറുള്ള അകമ്പടി ഒന്നും അന്ന് ഉണ്ടായിരുന്നില്ല.  സീതാദേവി അത് പ്രത്യേകം ശ്രദ്ധിച്ചു. ആമുഖം ഒന്നും കൂടാതെ രാമന്‍ ഉടന്‍ തന്നെ വനവാസകാര്യം സീതയെ ധരിപ്പിക്കുന്നു. ‘
‘തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാന്‍ താതന്‍ അറികെടോ”
വനവാസം പുണ്യസമ്പാദനത്തിനും മോക്ഷസിദ്ധിക്കും തുറന്നമാര്‍ഗ്ഗമാണെന്ന് രാമന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. രാജാവാകേണ്ട രാമനെയാണ് ദശരഥന്‍ വനത്തിലേക്കയയ്ക്കുന്നത് അഭിഷേകസംഭാരങ്ങളെല്ലാം നടന്നു കഴിഞ്ഞിരിക്കുന്നു. സാധാരണഗതിയില്‍ സിംഹാസനത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടാലുണ്ടാകാവുന്ന പ്രതികാരമോ പ്രതികരണമോ രാമനുണ്ടായില്ല.
പ്രസന്നതാംയ ന ഗതാഭിഷേകത-
സ്തഥാ ന മമ്ലേ വനവാസദുഖതഃ  (രാമചരിതമാനസ)
മാത്രമല്ല, വനവാസം രാജ്യഭരണത്തെക്കാള്‍ അനുഗ്രഹമാണെന്നാണ് രാമന്റെ നിഗമനം. അവതാരോദ്ദേശ്യത്തിന് വനവാസം സഹായകമാണെന്നുള്ളത് തീര്‍ച്ചയാണ്. കര്‍ത്തവ്യത്തിലുറച്ച ബോധവും നിഷ്ഠയുമുണ്ടെങ്കില്‍ വ്യത്യസ്തമായുണ്ടാകുന്ന പൊരുളിലും പദവിയിലും മനുഷ്യമനസ്സ് അലിയുകയില്ല. സീതയെ പെട്ടെന്നു വിവരമറിയിക്കുന്നത് സീതയ്ക്ക് ഒരാഘാതം ഉണ്ടാക്കുമെന്നുള്ള ധാരണയും രാമനുള്ളതായി തോന്നുന്നില്ല. യാതൊരാമുഖവും കൂടാതെ ”ഞാനതുപാലിപ്പതിനാശു പോകുന്നു” എന്നിങ്ങനെ പ്രസ്താവിക്കാനിടയായത് രാമന് സീതയിലുള്ള ഉറച്ചവിശ്വാസം കൊണ്ടു തന്നെയായിരിക്കണം. സാധാരണസ്ത്രീത്വത്തിന് അംഗീകരിക്കുവാനും അനുസരിക്കുവാനും  കഴിയാത്തവണ്ണം ഭയം സൃഷ്ടിക്കുന്നതായിരുന്നു വനത്തെപ്പറ്റിയുള്ള രാമന്റെ വര്‍ണ്ണന. ”നാരീജനത്തിനെല്ലാം വിശേഷിച്ചുമൊട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടൊ” എന്ന് സ്ത്രീജനങ്ങള്‍ക്ക് സാധാരണയുണ്ടാകാറുള്ള ഭയത്തെപ്പറ്റി രാമന്‍ വിവരിക്കുന്നു. ദുഃഖങ്ങള്‍ തരണം ചെയ്തും പതിവ്രതാധര്‍മ്മം അനുഷ്ഠിക്കേണ്ടത് ഭാര്യയുടെ ധര്‍മ്മമാണ്. വനത്തിന്റെ ഭീകരചിത്രം വരച്ചു കാട്ടിയതിനുശേഷം സ്ത്രീത്വത്തിനുണ്ടാകാവുന്ന ഭയവും സൂചിപ്പിച്ചിട്ട് രാമന്‍ സീതാദേവിയിലൂടെ പാതിവ്രത്യത്തിന്റെ മഹിമ ലോകത്തിനു നല്‍കുന്നു. രാമന്റെ വര്‍ണ്ണനയും ഭീകരമായ വനത്തിന്റെ ചിത്രങ്ങളുമൊന്നും രാമനെ അനുഗമിക്കുന്നതിനുള്ള സീതയുടെ തീരുമാനത്തിന് തെല്ലും ഇളക്കം ഉണ്ടാക്കിയിട്ടില്ല. എന്തെല്ലാം ദുര്‍ഘടങ്ങള്‍ തരണം ചെയ്യേണ്ടിവന്നാലും ഭര്‍ത്തൃശുശ്രൂഷയില്‍നിന്നും ഭാര്യ പിന്തിരിയരുതെന്ന ഉദ്‌ബോധനമാണ് രാമന്‍ സീതയിലൂടെ ലോകത്തിന് നല്കുന്നത്. രാമന്റെ പ്രതിരോധങ്ങള്‍ പതിവ്രതാധര്‍മ്മത്തെ ഉറപ്പിക്കുന്നതിന് സീതയെ തയ്യാറാക്കുന്നു. സ്ത്രീത്വത്തിന്  അനുകരണീയമായ ഈ സന്ദേശം സീതാദേവിയുടെ വാക്കുകളിലൂടെ നമുക്ക് ലഭിക്കുന്നു. കര്‍ത്തവ്യത്തില്‍ അചഞ്ചലമായ നിഷ്ഠ സീതാദേവിക്കുണ്ടെന്നു രാമനറിഞ്ഞുകൂടായ്കയല്ല. ലോകത്തിനു നല്‍കേണ്ട ധര്‍മ്മോപദേശം എന്ന നിലയിലാണ് രാമന്റെ വാക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. രാമന്റെ വാക്കുകളിലൂടെ സീതയിലുണ്ടാകുന്ന പ്രതികരണങ്ങള്‍ ലോകത്തിലുളവാക്കുക എന്ന സേവനകര്‍ത്തവ്യം ഇവിടെ നിര്‍വ്വഹിക്കപ്പെട്ടു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം