യെദിയൂരപ്പ രാജിക്കത്ത് ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറും

July 29, 2011 ദേശീയം

ബാംഗ്ലൂര്‍: യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. നാലുപതിറ്റാണ്ടായി സംഘടനയെ ദക്ഷിണേന്ത്യയില്‍ വളര്‍ത്താന്‍ പരിശ്രമിച്ച എളിയ ബി.ജെ.പി പ്രവര്‍ത്തകനാണ് താനെന്നും വീണ്ടും പാര്‍ട്ടിയുടെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആഷാഢ മാസം കഴിയുന്ന ജൂലായ് 30ന് ശേഷം താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യെ ആദ്യമായി അധികാരത്തിലേറ്റിയ അതികായന്‍ കോടികളുടെ ഖനിഅഴിമതി വിവാദത്തെ തുടര്‍ന്നാണ് അടിതെറ്റിയത്. ബി.ജെ.പി. കേന്ദ്രനേതൃത്വത്തെ സമ്മര്‍ദത്തിലാഴ്ത്തി മുഖ്യമന്ത്രിസ്ഥാനത്തു തുടരാനുള്ള യെദ്യൂരപ്പയുടെ അവസാനനീക്കം ബി.ജെ.പി. നേതൃത്വം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയായിരുന്നു. അതേസമയം പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം തിരക്കിട്ട ശ്രമം തുടങ്ങി. ഇക്കാര്യം സംസ്ഥാനനേതൃത്വവുമായും നിയമസഭാംഗങ്ങളുമായും ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ്‌സിങ്, വെങ്കയ്യനായിഡു എന്നിവര്‍ ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന നിയമസഭാകക്ഷിയോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം