ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നിടത്ത് വിള്ളലുകള്‍

July 29, 2011 കേരളം

കുമളി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നിടത്ത് പുതിയ വിള്ളലുകള്‍ ഉണ്ടായതായി കണ്ടെത്തി. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് പുതിയ വിള്ളലുകള്‍ ഉണ്ടായത്. ഇതില്‍ പത്താം ബ്ലോക്കിലെ വിള്ളല്‍ ഏറെ ഗൗരവമുള്ളതാണ്. ഭൂചലനത്തിനുശേഷം ജലവിഭവവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലും സംഘവും നടത്തിയ പരിശോധനയിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്.   നേരത്തേയുണ്ടായിരുന്ന വിള്ളലുകള്‍ വലുതായതായും പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ ഗാലറികളില്‍നിന്ന് പുറത്തേക്കൊഴുകുന്ന സ്വീപ്പേജ് വാട്ടറിന്റെ അളവും കൂടി. സ്വീപ്പേജ് വാട്ടറിനൊപ്പം ഒലിച്ചിറങ്ങുന്ന സുര്‍ക്കി മിശ്രിതത്തിന്റെ അളവും വര്‍ദ്ധിച്ചതായാണ് നിഗമനം. എന്നാല്‍, സ്വീപ്പേജ് വാട്ടറിന്റെ അളവില്‍ വര്‍ദ്ധനയില്ലാത്ത വിധമാണ് തമിഴ്‌നാട് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സ്വീപ്പേജ് വാട്ടര്‍ അളക്കാന്‍ കേരളത്തിന് സംവിധാനമില്ല.
മുല്ലപ്പെരിയാര്‍ മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനവും ബുധനാഴ്ചത്തെ തുടര്‍ചലനവും അണക്കെട്ടിന്റെ സുരക്ഷയെ എത്രമാത്രം ബാധിച്ചുവെന്ന് വിദഗ്ദ്ധപഠനത്തിലൂടെ മാത്രമേ വെളിവാകുകയുള്ളൂവെന്ന് പരിശോധന നടത്തിയ സംഘം സൂചിപ്പിച്ചു. അണക്കെട്ടിന്റെ പാരപ്പറ്റുകളില്‍ മുമ്പുണ്ടായിരുന്ന വിള്ളലുകളില്‍ പലതിനും വലിപ്പം കൂടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം