വ്രതാനുഷ്ഠാനങ്ങള്‍

July 29, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലക്യഷ്ണന്‍
സ്ത്രീ-പൂരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാപേരും വ്രതാനുഷ്ഠാനങ്ങള്‍ ഒരു ശീലമാക്കിയാല്‍ സകുടുംബം ഐശ്വര്യമുണ്ടാകുമെന്നാണ് ഹൈന്ദവ വിശ്വാസം. ഇത് അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ആഴ്ചയില്‍ ഏഴുദിവസവും വര്‍ഷത്തില്‍ മുഴുവന്‍ മാസങ്ങളിലും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ഞായറാഴ്ച വ്രതം
ഞായറാഴ്ച വ്രതം ആദിത്യനെ ഉദ്ദേശിച്ച് അനുഷ്ഠിക്കുന്നതാണ്. തെറ്റിപ്പൂവ് പോലുള്ള ചുവന്നപൂക്കള്‍ അര്‍ച്ചനചെയ്ത് രക്തചന്ദനം പ്രസാദമായി ധരിക്കുന്നത് ശുഭകരമത്രേ. എന്നാല്‍ ഉപ്പ്, എണ്ണ എന്നിവ വര്‍ജ്ജിച്ച് ദാനകര്‍മ്മാദികള്‍ നടത്തി ഒരിക്കലൂണ് കഴിച്ച് ശുദ്ധവൃത്തിയോടെ കഴിയുന്നത് ഉത്തമം. ആദിത്യകഥകള്‍ വായിക്കുന്നതും കേള്‍ക്കുന്നതും ശീലമാക്കണം. കൃത്യതയോടെ ഈ വ്രതം അനുഷ്ഠിക്കുന്ന ഭക്തനില്‍ നിന്നും ചര്‍മ്മരോഗങ്ങള്‍, കണ്ണിനുവരുന്ന രോഗങ്ങള്‍ എന്നിവ മാറിനില്‍ക്കും. ആദിത്യനമസ്‌കാരം ഞായറാഴ്ചകളില്‍ നിര്‍വഹിക്കുന്നത് അത്യുത്തമമാണ്.

തിങ്കളാഴ്ച വ്രതം
സാക്ഷാല്‍ പരമശിവനെ സങ്കല്‍പ്പിച്ചാണ് ഈദിവസം വ്രതം അനുഷ്ഠിക്കുന്നത്. പ്രത്യേകിച്ചും മേടം,ഇടവം, ചിങ്ങം, വൃശ്ചികം, മാസങ്ങളില്‍ ഈ വ്രതമെടുക്കാനായാല്‍ ഫലം വര്‍ദ്ധിച്ചിരിക്കും. ചിങ്ങത്തിലായാല്‍ അതിവിശേഷഫലമുണ്ടാകും. ഒരിക്കലൂണോടെ അര്‍ദ്ധനാരീശ്വരപൂജ, ‘ഓം നമഃശിവായ’ എന്ന മന്ത്രത്തിന്റെ ജപം, ശിവപുരാണപാരായണം എന്നിവയാണ് ഈ ദിവസം സാധകന് വിധിച്ചിട്ടുള്ളത്. ഭര്‍ത്താവ് മക്കള്‍ ഇവര്‍മൂലം സുഖവും കുടുബശ്രേയസും വര്‍ദ്ധിക്കാന്‍ ഈ വ്രതം വഴിയൊരുക്കും.

ചൊവ്വാഴ്ച വ്രതം
ദുര്‍ഗ്ഗാ ദേവി, കാളി, ഹനുമാന്‍ എന്നിവരെ സങ്കല്‍പ്പിച്ചാണ് ചൊവ്വാഴ്ച വ്രതം. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍ ചുവന്ന പൂക്കള്‍ ഇവയാണ് അന്നേദിവസം പൂജയ്ക്ക് ഉപയോഗിക്കാവുന്നത്. രാത്രിയില്‍ ഉപ്പുചേര്‍ക്കാത്ത ഭക്ഷണം കഴിച്ച് ഭജനത്തോടെ ഉറങ്ങണം. ഈ ദിവസം ഹനുമാന്‍സ്വാമി ക്ഷേത്രവും ദേവീക്ഷേത്രവും ദര്‍ശനത്തിന് നല്ലതാണ്.

ബുധനാഴ്ച വ്രതം
പച്ചനിറത്തിലൂള്ള പൂജാദ്രവ്യങ്ങളാണ് ഈ വ്രതനാളില്‍ ഉപയോഗിക്കുന്നത്. ദാനം ചെയ്യേണ്ടതും പ്രഭാതത്തല്‍ കുളിച്ച് ശുദ്ധിയോടെ ബുധപൂജ ചെയ്യേണ്ടതുമാണ്. ചിട്ടയോടെ അനുവര്‍ത്തിക്കുന്ന വ്യക്തിക്ക് സര്‍വാഭീഷ്ഠസിദ്ധി ഫലം ചെയ്യും.

വ്യാഴാഴ്ച വ്രതം
മഹാവിഷ്ണു, ശ്രീരാമന്‍, ബൃഹസ്പതി എന്നീദേവന്‍മാരുടെ അനുഗ്രഹത്തിനായാണ് വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുന്നത്. പശുവിന്‍ പാല്‍, വെണ്ണ, നെയ്യ് എന്നിവകൊണ്ടുള്ള നിവേദ്യം അന്നേദിവസം ഭക്ഷിക്കുകയും കൊടുക്കുകയും വേണം. ഒരിക്കലൂണ് നിര്‍ബന്ധമാണ്. രാമായണം, ഭാഗവതകഥകള്‍ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും നല്ലതാണ്.

വെള്ളിയാഴ്ച വ്രതം
ദേവീസങ്കല്‍പ്പത്തിലാണ് ഈ ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടത്.
ലക്ഷ്മീ നാമങ്ങളുരുവിട്ട് ദേവീക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമം.മധുരപലഹാരങ്ങള്‍ വിതരണം ചെയ്യേണ്ടുന്ന ഈ നാളില്‍ അത്താഴം ഉപേക്ഷിക്കാന്‍ പാടില്ല.

 ശനിയാഴ്ച വ്രതം
ശനിപൂജയ്ക്കായി ഈദിനം നീക്കിവയ്ക്കുക. ശനീശ്വരപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് അത്യുത്തമം. ശനീശ്വരക്ഷേത്രമില്ലെങ്കില്‍ ശാസ്താക്ഷേത്രമോ ആജ്ഞനേയ ക്ഷേത്രമോ തെരഞ്ഞെടുക്കാം. കറുത്ത എള്ള്, ഉഴുന്ന്, എള്ളെണ്ണ, കറുത്തവസ്ത്രം എന്നിവ ശനിക്ക് പ്രിയങ്കരമായ വസ്തുക്കളാണ്. ശനിദശയിലാകട്ടെ ഈ വ്രതമനുഷ്ഠിക്കുന്നവരില്‍ നിന്നും ജീവിതദുഃഖങ്ങള്‍ അകന്നു പോകും. ഒരിക്കലൂണ് ഈ വ്രതനാളില്‍ നിര്‍ബന്ധമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം