പാക്കിസ്‌ഥാനില്‍ വിമാനം തകര്‍ന്ന്‌ 152 മരണം;115 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

July 29, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്‌: പാക്ക്‌ യാത്രാവിമാനം ഇസ്‌ലാമാബാദിനു സമീപം മര്‍ഗല മലനിരകളില്‍ തട്ടിത്തകര്‍ന്ന്‌ 152പേര്‍ മരിച്ചു.115 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. യാത്രക്കാരും ജീവനക്കാരും അടക്കം വിമാനത്തിലെ 152 പേരും കൊല്ലപ്പെട്ടതായി പാക്കിസ്‌ഥാന്‍ സ്‌ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആദ്യം വലിയ ഹെലികോപ്‌റ്ററകളെത്തിയെങ്കിലും പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന്‌ തിരിച്ചയച്ചു.പിന്നീട്‌ ചെറുവിമാനങ്ങളെത്തിയാണ്‌ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്‌. കനത്ത മഴയും മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമായി. കാട്ടുമൃഗങ്ങളുടെ ശല്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമായി. ഇനിയും തിരിച്ചറിയാത്തവരുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും പാക്ക്‌ വാര്‍ത്താവിതരണ
വകുപ്പ്‌ മന്ത്രി വ്യക്‌തമാക്കി.
അഞ്ചു കുട്ടികളും 29 സ്‌ത്രീകളും രണ്ടു യുഎസ്‌ പൗരന്മാരും ഉള്‍പ്പെടെ 144യാത്രക്കാരും എട്ടു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്‌; ആരും രക്ഷപ്പെട്ടില്ല. പാക്കിസ്‌ഥാനില്‍ സമീപകാലത്തെ ഏറ്റവും വലിയ വിമാനാപകടമാണിത്‌. മൂടല്‍മഞ്ഞും മോശം കാലാവസ്‌ഥയും മൂലം പൈലറ്റിനു വിമാനത്താവളം കാണാന്‍ കഴിയാതിരുന്നതാണു ദുരന്തകാരണമെന്നാണു പ്രാഥമിക നിഗമനം. ഇസ്‌ലാമാബാദ്‌ നഗരത്തിനു വടക്കുഭാഗത്തു കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന മലനിരയാണു മര്‍ഗല.
പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ബ്ലൂ എയര്‍ലൈന്‍സിന്റെകറാച്ചി – ഇസ്‌ലാമാബാദ്‌ വിമാനമാണ്‌ ഇന്നലെ രാവിലെ 10ന്‌ (ഇന്ത്യന്‍ സമയം 10.30) തകര്‍ന്നത്‌. രാവിലെ 7.50നു കറാച്ചിയില്‍നിന്നു പുറപ്പെട്ട വിമാനം 9.50ന്‌ ഇസ്‌ലാമാബാദില്‍ ഇറങ്ങേണ്ടതായിരുന്നു.വിമാനം 792 മീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കേ ഇസ്‌ലാമാബാദില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയതാണ്‌. പെട്ടെന്ന്‌ ഒരു കിലോമീറ്റര്‍ ഉയരത്തിലേക്കു പോയ വിമാനം അപ്രത്യക്ഷമായി.പിന്നീട്‌, താവളത്തിലേക്കുള്ള ലക്ഷ്യം തെറ്റി, തലസ്‌ഥാന നഗരത്തിലൂടെ വളരെ താഴ്‌ന്നു പറന്ന വിമാനം മര്‍ഗലയിലെ ദമാനെ കോഹ്‌ വ്യൂപോയിന്റില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍