കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും

July 30, 2011 ദേശീയം

ബാംഗ്ലൂര്‍: നാളെ ഉച്ചയോടു  കൂടി രാജിവയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ദേശീയ നേതൃത്വത്തെ അറിയിച്ചു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് യെഡിയൂരപ്പ സമയം തേടിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തെ ധിക്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇന്ന് ഉച്ചയ്ക്ക് ചേരുന്ന എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്നാണു റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പയും ഇന്നു കേന്ദ്ര നേതൃത്വുമായി ചര്‍ച്ച നടത്തി.  യെഡിയൂരപ്പയുടെ രാജി ഉപാധികളോടെ അല്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, യെഡിയൂരപ്പ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നേതൃത്വം തയാറായെന്നും സൂചനയുണ്ട്.

സമയപരിധിക്കുള്ളില്‍ സ്ഥാനമൊഴിയണമെന്നു ബിജെപി ദേശീയ നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങും യെഡിയൂരപ്പയുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ കൂടുതല്‍ സമയം യെഡിയൂരപ്പ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം