ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ തീപ്പിടിത്തം: ദുരൂഹതയുണ്ടെന്ന് ജില്ലാകലക്ടര്‍

August 1, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം ഇന്നലെ രാത്രി കരകൗശലശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. കരകൗശലശാലയില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ലെന്നും ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെ.എസ്.ഇ.ബിയുടെ വിദഗ്ധ സംഘം പരിശോധനയില്‍ കണ്ടെത്തി. അനധികൃത വൈദ്യുതി കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം ജില്ലാകലക്ടര്‍ കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യസമ്പത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിസുരക്ഷാമേഖലയായി പ്രഖ്യാപിച്ച കോട്ടയ്ക്കത്തുണ്ടായ തീപ്പിടിത്തം പോലീസിനെയും ഭക്തജനങ്ങളെയും ഏറെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
അഗ്നിശമനസേനയുടെയും സമീപത്തുള്ള കടയുടമകളുടെയും സഹായത്തോടെയാണ് തീകെടുത്തിയത്. സമീപമുള്ള കാര്‍ത്തികതിരുനാള്‍ തീയേറ്ററിലേക്ക് അഗ്നിശമസേനാ വാഹനം കയറ്റാനാകാത്തത് ആദ്യം തടസ്സമായെങ്കിലും പിന്നീട് ഗേറ്റ് പൊളിച്ചാണ് തീ കെടുത്താന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ശിവാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്. സംഭവമറിഞ്ഞയുടന്‍തന്നെ മന്ത്രി വി.എസ്.ശിവകുമാര്‍ സ്ഥലത്തെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം