ശ്രുതിയും സ്മൃതിയും

August 1, 2011 സനാതനം

സ്വാമി സത്യാനന്ദസരസ്വതി
(തുടര്‍ച്ച)
ശബ്ദത്തിനും രൂപത്തിനും അടിസ്ഥാനം ഒന്നുതന്നെ
ഒരു ശബ്ദം സൃഷ്ടിച്ച് തരംഗം അര്‍ത്ഥത്തെ വഹിക്കുന്നതായി പറഞ്ഞു. കോഴിയുടെ ശബ്ദത്തിന്റെ തരംഗശക്തിയും അച്ഛന്റെ ശബ്ദത്തിലൂടെ പ്രവര്‍ത്തിച്ച തരംഗശക്തിയും ഒരേ തത്ത്വത്തില്‍ അധിഷ്ഠിതമാണ്. കാണുന്ന രൂപത്തിനും കേള്‍ക്കുന്ന ശബ്ദത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതുകൊണ്ടാണ് ഗ്ലാസ് വീണു പൊട്ടിയാല്‍ ആ ശബ്ദം ശ്രുതിയായും ഗ്ലാസ് പൊട്ടിയെന്നുള്ള അറിവ് സ്മൃതിയായും രൂപപ്പെടുന്നത്. വസ്തുവും ശബ്ദവും തമ്മിലുള്ള ബന്ധം ഇങ്ങനെ ക്രമപ്പെടുത്തി സമന്വയിപ്പിച്ചിരിക്കുന്ന സിദ്ധാന്തമാണ് ശ്രുതിയും സ്മൃതിയും. ഇവയെവിട്ടു പ്രപഞ്ചത്തില്‍ ഒന്നിനും നിലനില്പില്ല. ശ്രുതി നശിക്കുന്നില്ല എന്ന പ്രസിദ്ധമായ ആശയം സത്യമാണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. ഓരോ വസ്തുവില്‍ നിന്നും പുറപ്പെടുന്ന ശബ്ദം ശ്രുതിയായും അതിന്റെ അര്‍ത്ഥം സ്മൃതിയായും രൂപപ്പെടുന്നു. സമ്പൂര്‍ണ്ണമായ അറിവിന് അന്വേഷണം ആവശ്യമാണ്. രാത്രിയില്‍ തേങ്ങ വീണാല്‍ ഉണ്ടാകുന്ന ശബ്ദം ശ്രുതിയായിത്തീരുമ്പോള്‍ ഉടനെ സ്മൃതിയില്‍ തേങ്ങ വീണു എന്ന ആശയം ഉയരുന്നു. എന്നാല്‍ അവയോടു ബന്ധപ്പെടുന്ന വൈകാരിതലങ്ങള്‍ പലതുണ്ട്. പാകമായതേങ്ങവീണാലും കള്ളന്മാര്‍ അടര്‍ത്തിയെടുക്കുന്ന തേങ്ങ വീണാലും ശബ്ദമുണ്ടാകാം. ശ്രുതി തേങ്ങ വീണപ്പോള്‍ കേട്ട ശബ്ദം. ഇവിടെ സംശയമുണ്ടായത് ശ്രുതിയിലല്ല, സ്മൃതിയിലാണ്. സ്മൃതിയിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് നിവൃത്തിവരുത്തേണ്ടത് ശ്രുതിയെ ആശ്രയിച്ചു വേണമെന്നാണ് ആചാര്യമതം. ശ്രുതിയേയും സ്മൃതിയേയും ആസ്പദമാക്കി ശബ്ദത്തെ അന്വേഷണവിധേയമാക്കേണ്ടിവരും. ശബ്ദത്തിന്റെ ആദ്യഭാഗം ചിന്തയിലൂടെയാണ് തുടങ്ങുന്നത്. അതിനുമുമ്പുള്ള അവസ്ഥ ആ ശബ്ദം ലയിച്ചുകിടക്കുന്ന മണ്ഡലമാണ്. അവിടെ അതിന് രൂപമില്ല. ശബ്ദത്തിന്റെ രൂപമില്ലാത്ത ഈ ലയനാവസ്ഥയെ പര എന്നു വിശേഷിപ്പിക്കുന്നു. ആ ശബ്ദം ചലനങ്ങള്‍ സ്വീകരിച്ച് നാഭിവരെയെത്തുന്ന ഘട്ടത്തെ പശ്യന്തിയെന്ന് ഭാരതീയ ദര്‍ശനം വിധികല്പിക്കുന്നു. അവിടെനിന്ന് അര്‍ത്ഥവ്യാപ്തിയോടുകൂടി മനസ്സ്, ബുദ്ധി എന്നിതുകളില്‍ വ്യാപിക്കുമ്പോള്‍ അതിനെ ‘മധ്യമ’ എന്നു വിളിക്കുന്നു. അവിടെ നിന്ന് ശബ്ദരൂപത്തില്‍ ബഹിര്‍ഗമിക്കുമ്പോള്‍ വൈഖരിയെന്ന നാമത്താല്‍ വിശേഷിപ്പിക്കുന്നു.
‘പരാപ്രത്യക്ചിതീരൂപാ പശ്യന്തീ പരദേവതാ
മധ്യമാ വൈഖരീരൂപാ ഭക്തമാനസ ഹംസികാ’
എന്ന് ശ്രീ ലളിതാസഹസ്രനാമസ്‌തോത്രത്തില്‍ ഈ നാലു ശബ്ദവിഭാഗങ്ങളെ സൂചിപ്പിച്ചിരിക്കുന്നു. നിശ്ചലമായ ‘പര’യില്‍ തുടങ്ങി പശ്യന്തി, മധ്യമ, വൈഖരി എന്നീ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ശബ്ദം ശ്രുതി പ്രധാനമാകുന്നു. പരയില്‍ ലയിച്ചുകിടക്കുന്ന അര്‍ത്ഥതലങ്ങളെ തരംഗങ്ങളിലൂടെ പുറത്തുകൊണ്ടുവരികയാണ് വൈഖരിവരെ എത്തുമ്പോള്‍ സംഭവിക്കുന്നത്. കാതുകള്‍ കൊണ്ട് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമാണ് വൈഖരി. ഉള്ളറകളില്‍ ഒളിഞ്ഞുകിടക്കുന്ന ശ്രുതി തത്ത്വങ്ങള്‍ തരംഗങ്ങളിലൂടെ വ്യാപരിച്ച് സ്മൃതിയിലെത്തുമ്പോള്‍ രൂപകല്പന, അര്‍ത്ഥകല്പന ഇവയുണ്ടാകുന്നു. രൂപം ലയിച്ചു കിടക്കുന്ന ‘പര’യെന്ന് അറിയപ്പെടുന്ന ശബ്ദലയനമണ്ഡലത്തിലാണ്. അക്കാരണത്താല്‍ ശബ്ദത്തിനും രൂപത്തിനും അടിസ്ഥാനം ഒന്നു തന്നെയെന്നു തെളിയുന്നു. ശബ്ദം ലയിക്കുന്നതും രൂപം ലയിക്കുന്നതും ഒരേ ചിദാകാശത്തിലാണ്. ഇങ്ങനെ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ശ്രുതി സ്മൃതി സ്വഭാവങ്ങളിലൂടെ പ്രകടമാവുകയാണു ചെയ്യുന്നത് ലയനമണ്ഡലത്തില്‍ നിന്ന് പുറപ്പെടുന്ന ശബ്ദത്തിനും ആ ശബ്ദം ഉയര്‍ത്തുന്ന രൂപത്തിനും അടിസ്ഥാനം രണ്ടില്ല. പ്രപഞ്ചത്തിലെ മുഴുവന്‍ രൂപനാമങ്ങളെ ക്രമീകരിച്ച് അര്‍ത്ഥതലങ്ങളുമായി ബന്ധപ്പെടുത്തി സജീവമാക്കിയിരിക്കുന്നത് മേല്പറഞ്ഞ ശ്രുതിയും സ്മൃതിയുമാണ്. ചുട്ടുകളയുവാന്‍ പറ്റുന്ന ഭൗതീകവസ്തുവല്ല ശ്രുതിയും സ്മൃതിയും.
ശ്രുതി ഏകവും സ്മൃതി പലതുമാണ്
ഹൈന്ദവ തത്ത്വസംഹിതയില്‍ ശ്രുതിക്ക് ഏകത്വവും സ്മൃതിക്ക് വൈവിധ്യവുമുണ്ട്. ശാസ്ത്രീയമായി ഇതെങ്ങനെയെന്ന് നോക്കാം. വിശേഷ ബുദ്ധിയുണ്ടെങ്കിലേ ഇതു തിരിച്ചറിയാനാവൂ. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ശ്രുതിക്കും സ്മൃതിക്കും ചില നിയമങ്ങളും പ്രാധാന്യങ്ങളും നിലനില്ക്കുന്നത് വിശേഷബുദ്ധികൊണ്ടാണ് അറിയുന്നത്. ഒരാളിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു മകന്റെ മനസ്സില്‍ പൊന്തിവരുന്നത് അച്ഛന്റെ രൂപമാണ്. മകനെയും അച്ഛനെയും ബന്ധിപ്പിക്കുന്ന ഒരു സംസ്‌കാരമാണ് അച്ഛന്റെ ശബ്ദത്തിലും ശരീരത്തിലും മകന്റെ ചിന്ത, ശരീരം ഇതുകളിലും വ്യാപിക്കുന്നത്. എന്നാല്‍ ഇത് ഭാര്യയുടെ സ്മൃതിപഥത്തില്‍ ഭര്‍ത്താവിന്റെ സംസ്‌കാരമാണ് വളര്‍ത്തുന്നത്. അനുജന്റെ സ്മൃതിപഥത്തില്‍ ജ്യേഷ്ഠന്റെ സംസ്‌കാരമാണ് പകര്‍ത്തുന്നത്. ശത്രുവിന്റെ മനസ്സില്‍ ശത്രുസംസ്‌കാരവും ഇതുപോലെതന്നെയുണ്ടാകുന്നു. ഈ വ്യത്യാസങ്ങളെല്ലാം സ്മൃതിമണ്ഡലത്തില്‍ മാത്രമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇവയ്ക്കടിസ്ഥാനമായ ശ്രുതി ഒന്നുതന്നെയാണ്. ആ ശ്രുതിയിലൂടെ സ്മൃതികളെ കൂട്ടിയിണക്കുന്ന തത്ത്വവും ഒന്നുതന്നെ. അച്ഛന്‍, ഭര്‍ത്താവ്, ജ്യേഷ്ഠന്‍, ശത്രു എന്നീ സങ്കല്പങ്ങള്‍ക്കെല്ലാം സ്മൃതിപ്രധാനമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവയ്‌ക്കെല്ലാം അടിസ്ഥാനം ഒരേ ശബ്ദവും അതില്‍ക്കൂടി ബന്ധപ്പെട്ടു നില്ക്കുന്ന ഒരേ ശരീരവും തന്നെ.
ശ്രൂതിയുടെ വ്യാഖ്യാനം സ്മൃതിയിലൂടെ വിവിധ സംസ്‌കാരങ്ങളായിത്തീരുന്നു. ഭാരതത്തിലെ ശ്രുതി സ്മൃതിബന്ധങ്ങള്‍ ഇത്ര വ്യാപ്തിയുള്ള ഒരു പ്രപഞ്ചതത്ത്വയെയാണ് തുറന്നുകാട്ടുന്നത്.
ശ്രുതിയും സ്മൃതിയും ജാതിമതാതീതം
മേല്പറഞ്ഞ ശ്രുതിസ്മൃതി ഭാവങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചിരിക്കുന്ന മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം ഇതുകളില്‍പെട്ട് പലതായിത്തീരുന്നില്ല. ശബ്ദത്തിന്റെ തരംഗമണ്ഡലവും അര്‍ഥതലങ്ങളും ബന്ധപ്പെടുന്ന നിയമം സമൂഹത്തില്‍ നിലനില്ക്കുന്ന ജാതിമതവര്‍ഗവര്‍ണങ്ങളെ അന്യമാക്കി തള്ളിക്കളയുന്നില്ല. എല്ലാത്തിനും ഒരേ തത്ത്വമാണ് അടിസ്ഥാനം. പ്രത്യയശാസ്ത്രപരമായ വികാരങ്ങള്‍ക്ക് ഇവിടെസ്ഥാനമില്ല. വികാരങ്ങള്‍ സ്മൃതി മണ്ഡലത്തില്‍ മാത്രമാണുള്ളത്. അതിന് അടിസ്ഥാനം വികാരരഹിതമായ ശ്രുതിയാണ്. രാഷ്ട്രീയതലങ്ങളിലെ ഭൗതികതാല്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ളതല്ല ഭാരതീയ തത്ത്വചിന്തയിലെ ശ്രുതിയും സ്മൃതിയും. പ്രപഞ്ചശരീരത്തില്‍ തങ്ങിനില്ക്കുന്ന അര്‍ത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലുവാനും ഗഹനങ്ങളായ പ്രപഞ്ചരഹസ്യങ്ങളെ വിശകലനം ചെയ്യുവാനും അവയെ നാമരൂപങ്ങളിലൂടെ  ആശയങ്ങളാക്കി പ്രചരിപ്പിക്കുവാനും കഴിയുന്ന ഉദാത്തവും ഉദാരവുമായ തത്ത്വങ്ങളാണ് ശ്രുതിയും സ്മൃതിയും. അവയെ ചുടാന്‍ ശ്രമിക്കുന്നത് ആകാശത്തില്‍ ഓങ്ങിവെട്ടുന്നവാളുപോലെ അപകടം സൃഷ്ടിക്കുകയേയുള്ളൂ.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം