ശിവസങ്കല്‍പ്പം

August 1, 2011 സനാതനം

സ്വാമി സത്യാനന്ദ സരസ്വതി

ഓം നമഃ ശിവായ

ശിവലിംഗം

ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1.  ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ    മുനിര്‍ദോഹദലിംഗദര്‍ശി’  (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം