രാമായണത്തിലൂടെ…

August 1, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

ഓം രം രാമായ നമഃ

സ്വാമി സത്യാനന്ദ സരസ്വതി
വസിഷ്ഠന്റെ വാക്കുകള്‍ കേട്ട ദശരഥന്‍ സുമന്ത്രരോട് രാജയോഗ്യമായ രഥം കൊണ്ടുവരുവാന്‍ പറഞ്ഞു. സുമന്ത്രര്‍ തേരുമായി വന്നെത്തി. രാമന്‍ ദൃഢപ്രതിജ്ഞനായും അചഞ്ചലനായും കാണപ്പെട്ടു. താന്‍ ജനിച്ചു വളര്‍ന്ന നഗരം, കൊട്ടാരം, സ്‌നേഹനിധികളായ പുരവാസികള്‍, വാത്സല്യനിധികളായ മാതാക്കള്‍, നിലവിളിച്ചു കരയുന്ന അച്ഛന്‍, തന്റെ സമീപത്തില്ലാത്ത സഹോദരന്മാര്‍, ദീര്‍ഘമായ പതിനാലുകൊല്ലത്തെ വനവാസം, ഘോരരാക്ഷസ മൃഗസങ്കുലമായ വനം, ആശ്രയത്തിനാരുമില്ലാത്ത അന്തരീക്ഷം. വൈരുദ്ധ്യങ്ങളുടെ ആഞ്ഞടിക്കുന്ന തിരമാലകള്‍ ആരുടെയും ഹൃദയഭിത്തിയെ ഭേദിക്കും. അയോദ്ധ്യാനഗരം മുഴുവന്‍ സ്തബ്ധമായി കഴിഞ്ഞു. പ്രജ്ഞയറ്റ ശരീരം പോലെ ആ നഗരം നിശ്ചേഷ്ടമായി. പ്രസന്നവദനനായ രാമന്റെ വാക്കുകള്‍
”തേരില്‍ കരേറുക സീതേ വിരവില്‍ നീ
നേരമിനി കളഞ്ഞിടരുതേതുമേ”
സത്യധര്‍മ്മങ്ങളുടെ പ്രതിഷ്ഠാശിലയ്ക്കുമുകളില്‍ കൊത്തിവച്ച മൂലമന്ത്രമെന്നോണം ആ വാക്കുകള്‍ സ്ഥിതപ്രജ്ഞങ്ങളായിരുന്നു. അച്ഛനെ വണങ്ങി തേരിലേറി രാമാദികള്‍ വനത്തിലേക്ക് തിരിച്ചു. അതിദുഃഖിതനായ സുമന്ത്രര്‍ തേര്‍ നടത്തി. ദശരഥന്‍ സര്‍വ്വവും മറന്ന് ”നില്ക്കനില്‍ക്കെന്നു ചൊന്നാന്‍ രഘുനാഥനും ഗച്ഛഗച്ഛേതി വേഗാലരുള്‍ ചെയ്തിതു” രാജാവായ ദശരഥന്റെ വാക്കുകള്‍ അനുസരിക്കാനുള്ള ബാദ്ധ്യത സുമന്ത്രര്‍ക്കുണ്ട്. നില്ക്കണേ നില്ക്കണേ എന്നു വിലപിച്ചു വിളിച്ചത് ദശരഥനാണ്. സുമന്ത്രര്‍ രഥം നിര്‍ത്തുന്നതിനു മുമ്പ് രാമന്റെ വാക്കുകള്‍ ചെവികളില്‍ ചെന്നലച്ചു. അച്ഛന്റെ വാക്കുകള്‍ക്കെതിരെ ശബ്ദിക്കുന്നവനല്ല രാമന്‍. സന്ദര്‍ഭത്തിന്റെ ഔചിത്യവും  ദശരഥന്റെ വാക്കുകളിലടങ്ങിയിരുന്ന നിസ്സഹായതയും വിഷാദവും പരിഗണിക്കേണ്ടതാണ്. വേര്‍പാടുകൊണ്ട് അച്ഛന്‍ നിസ്സഹായനാണെങ്കിലും അസത്യം സംഭവിക്കാന്‍ പാടില്ല. വേര്‍പാടിലുള്ള വേദനകൊണ്ട് ഒരുപക്ഷേ പോകരുതെന്ന് ദശരഥന്‍ വിലക്കിയേക്കാം. അതുകൊണ്ട് സത്യലംഘനം സംഭവിക്കുകയും ചെയ്യും. അയോദ്ധ്യാവാസികളാകെ അടക്കാനാകാത്ത ദുഃഖവും ഭക്തിയും കൊണ്ട് രാമനെ തടഞ്ഞെന്നുവരാം. ”നാളെപ്പുലര്‍കാലേ പോകന്നതുണ്ടു ഞാന്‍ ” എന്നുള്ള രാമന്റെ പ്രതിജ്ഞ അസത്യമാവുകയും  ചെയ്യും. താത്ക്കാലിക വികാരങ്ങള്‍ക്കും സങ്കടത്തിനും ഒരുപക്ഷേ അതുകൊണ്ട് ശാന്തിനേടാന്‍ കഴിയും. രാമനെ അനുകരിക്കുവാനും ആശ്രയിക്കുവാനും അര്‍ഹമായ അവസരം അക്കാര്യം കൊണ്ട് നഷ്ടപ്പെടുകയായിരിക്കും ചെയ്യുക. ഇങ്ങനെയുള്ള അനിഷ്ടഫലങ്ങളൊന്നും ഉളവാകാതെ രാമന്‍ ”ഗച്ഛ ഗച്ഛ” എന്നിങ്ങനെ സുമന്ത്രരെ ഉത്തേജിപ്പിച്ചു.
അയോദ്ധ്യാനഗരം നിശ്ചലമായി. ദശരഥമഹാരാജാവ് പ്രജ്ഞയറ്റ് നിലംപതിച്ചു. അയോദ്ധ്യാവാസികളാബാലവൃദ്ധം രാമനാമം ഉരുവിട്ടു കരഞ്ഞു. പ്രാണന്‍ പോയതുപോലുള്ള സങ്കടം അയോദ്ധ്യാവാസികളെ ബാധിച്ചു. രാമന്‍ പോയ തേരിനു പുറകെ അവരും നടന്നുതുടങ്ങി. ദശരഥമഹാരാജാവിനെ അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് രാമന്റെ മാതൃഗേഹത്തിലെത്തിച്ചു.
ശ്രീരാമന്‍ തമസാനദീതിരത്തിലെത്തി വെള്ളം മാത്രം ആഹാരമായി കഴിച്ച് സീതയോടുകൂടി ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങി. ലക്ഷ്മണന്‍ അമ്പും വില്ലും ധരിച്ച് കാവല്‍ നിന്നു. സുമന്ത്രരും ലക്ഷ്മണനും ഓരോ ദുഃഖവൃത്താന്തങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ജനങ്ങളുടെ ദുഃഖവും സ്‌നേഹവും വനവാസത്തെ തടസ്സപ്പെടുത്തുമെന്നു രാമന് ബോദ്ധ്യമായി. നേരം പുലര്‍ച്ചയായാല്‍ കാര്യവിഘ്‌നം വരുമെന്നുള്ളത് തീര്‍ച്ചയാണ്. തളര്‍ന്നുറങ്ങുന്ന പൗരാവലിയെ ഉപേക്ഷിച്ച് ഉണരുന്നതിനുമുമ്പ് യാത്രയാകുവാന്‍ സുമന്ത്രരോട് ആജ്ഞാപിച്ചു. സുമന്ത്രരും രാമാദികളും അല്പദൂരം അയോദ്ധ്യക്ക് അഭിമുഖമായി യാത്ര ചെയ്തിട്ട് വനത്തിലേക്ക് തിരിച്ച് ശൃംഗിവേരത്തിനടുത്തെത്തി സീതാരാമന്മാര്‍ ശിംശപാവൃക്ഷചുവട്ടില്‍ സുഖമായി വസിച്ചു. രാമകാര്യത്തിന് ഉറക്കം തടസ്സമാകുമെന്നുള്ള കാര്യം വിസ്മരിക്കരുത്. ബോധമില്ലാതെയുള്ള ഉറക്കം താമസഗുണവും രാമന്‍ സാത്ത്വികനുമാണ്. താമസം കൊണ്ട് സാത്ത്വികത്തെ അനുഗമിക്കുവാന്‍ സാധ്യമല്ല. ഈശ്വരോപാസകരായ ആളുകള്‍ അനവസരത്തില്‍ ഉറങ്ങുന്നതിന്റെ ഫലം രാമന്‍ നഷ്ടപ്പെടുക എന്നുള്ളതുതന്നെ. അയോദ്ധ്യാവാസികള്‍ക്ക് രാമനെ വിട്ട് അയോദ്ധ്യയിലേക്ക് മടങ്ങേണ്ടിവന്നു. ഇതേ അവസ്ഥ രാമോപാസകന്മാര്‍ക്കും ഉറക്കം കൊണ്ട് സംഭവിക്കും. തീവ്രവൈരാഗ്യത്തോടെ  രാമനെ അനുഗമിച്ചെങ്കില്‍ ആ കുറവ് സംഭവിക്കുമായിരുന്നില്ല. തിരിച്ചു വന്ന് ”ബന്ധുമിത്രാദികളോടുമിടചേര്‍ന്ന് ചിത്തശുദ്ധ്യാ വസിച്ചീടിനാരേവരും” രാമനെ അനുഗമിക്കാന്‍ പുറപ്പെട്ടവര്‍ രാമനെവിട്ട് തിരികെയെത്തി പുത്രമിത്രാദികളോടു കഴിഞ്ഞു കൂടേണ്ടിവന്നു. അതിയായ തമസ്സുകൊണ്ടുള്ള ഉറക്കമാണിതിനു കാരണമെന്ന് വിസ്മരിക്കരുത്.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം