മൂന്നാര്‍ കൈയേറ്റം: തച്ചങ്കരി ഫൗണ്ടേഷന് എതിരായ നടപടി അട്ടിമറിച്ചു

August 2, 2011 കേരളം

തൊടുപുഴ: ചിന്നക്കനാലില്‍ തച്ചങ്കരി ഫൗണ്ടേഷന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ഭരണ-പ്രതിപക്ഷ മുന്നണികളിലെ ഉന്നതര്‍ ഇടപെട്ട് അട്ടിമറിച്ചു. എന്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാര്‍ ദൗത്യം തുടങ്ങിയപ്പോള്‍ 2007-ലാണ് ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയത്. നാലുവര്‍ഷം കഴിഞ്ഞിട്ടും ഒരിഞ്ചുപോലും ഏറ്റെടുത്തില്ല. ഇക്കാലയളവില്‍ കൂടുതല്‍ ഭൂമി അധീനതയിലാക്കി, ചട്ടംലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
ഐ.ജി. ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ടിസന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് മൂന്നാര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്‌സ്, തച്ചങ്കരി എസ്റ്റേറ്റ്‌സ്, മൂന്നാര്‍ കാറ്ററിങ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ഇവര്‍ ഭൂമി കൈയടക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കൈയേറ്റം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സംഘം ഇവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫ്. അധികാരത്തിലെത്തുകയും മൂന്നാറില്‍ ഒഴിപ്പിക്കല്‍ പുനരാരംഭിക്കുകയും ചെയ്തിട്ടും തച്ചങ്കരി ഫൗണ്ടേഷനെതിരെ യാതൊരു നടപടിയും തുടങ്ങിയിട്ടില്ല.

തച്ചങ്കരി എസ്റ്റേറ്റ്‌സും ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്‌സും കൈവശംവെച്ചിട്ടുള്ള നാലേക്കര്‍ തിരിച്ചുപിടിക്കാന്‍ 19/6/2007-ല്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ കോടതിയില്‍പോയി. രേഖകള്‍ വീണ്ടും പരിശോധിച്ച് കളക്ടര്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചിന്നക്കനാല്‍ വില്ലേജില്‍ 15 ഏക്കര്‍ സ്ഥലം തച്ചങ്കരി ഫൗണ്ടേഷന്‍ അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ആദ്യം കളക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഭൂമി തിരിച്ചുപിടിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം