രാമായണത്തിലൂടെ…

August 2, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
സ്വാമി സത്യാനന്ദ സരസ്വതി
കാട്ടാളരാജാവായ ഗുഹന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന് ഇഷ്ടപ്പെട്ട ചങ്ങാതിയാണ്. ശൃംഗിവേരത്തിന്റെ  അധിപനും ഗുഹനാണ്. രാമന്‍തിരുവടി അടുത്തെത്തിയ വാര്‍ത്ത ഗുഹനില്‍ അത്യാഹ്ലാദം ഉളവാക്കി. പൂര്‍ണ്ണഭക്തിയോടുകൂടി നിറഞ്ഞ മനസ്സോടെ ഗുഹന്‍ പക്വമായ ഫലങ്ങള്‍ തേന്‍, പുഷ്പങ്ങള്‍ എന്നിവകളെല്ലാം ഭഗവാന്റെ മുമ്പില്‍ വച്ചിട്ട് വണങ്ങി. ദണ്ഡനമസ്‌ക്കാരം ചെയ്ത ഗുഹനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഭക്തവത്സലനായ ഭഗവാന്‍ വാത്സല്യാതിരേകത്താല്‍ കെട്ടിപ്പുണര്‍ന്നു. ജാതിവ്യത്യാസമോ മറ്റ് വിജാതീയചിന്തകളോ രാമനെ തെല്ലും ബാധിച്ചിരുന്നില്ല. തുല്യമനസ്സോടുകൂടി രണ്ടുപേരും കുശലപ്രശ്‌നം ചെയ്തു. ഗുഹന്റെ സര്‍വ്വസമ്പത്തും സാമ്രാജ്യവും രാമന് അടിയറവയ്ക്കുവാന്‍ ഗുഹന് തെല്ലും പ്രയാസമുണ്ടായില്ല. ഗുഹന്റെ സംതൃപ്തിക്കു വേണ്ടിയുള്ള രാമന്റെ വാക്കുകള്‍ എത്രകണ്ട് ഔചിത്യപൂര്‍ണ്ണമായിരുന്നുവെന്ന് നോക്കാം.
”രാജ്യം മമൈതല്‍ ഭവാന്‍ മത്സഖിയല്ലോ
പൂജ്യനാം നീ പരിപാലിക്ക സന്തതം”
ഈ രാജ്യം എന്റെതാണെന്നുള്ളതിന് സംശയമില്ല. നിന്റെ ആ ദിവ്യസങ്കല്പം അങ്ങനെതന്നെ പുലരട്ടെ! എന്നാല്‍ നീ തന്നെ രാജ്യം ഇപ്പോള്‍ ഭരിക്കയാണ് വേണ്ടത്. പലേ തെറ്റിദ്ധാരണകള്‍ക്കും രാമന്റെ വാക്കുകള്‍ മറുപടി നല്‍കും.
”സംവത്സരം പതിനാലുകഴിയണം
സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു-
മന്യേ വനവാസകാലം കഴിവോളം”
രാമന്റെ വനവാസകാലജീവിതത്തെ കര്‍മ്മശുദ്ധിയുള്ളതായി സൂക്ഷിക്കുന്ന ഈ വരികള്‍ രാമന്റെ സര്‍വ്വകര്‍മ്മങ്ങളിലും സ്വാധീനം ചെലുത്തി നിന്നിരുന്നു. രാമന്റെ ആജ്ഞയനുസരിച്ച് ഗുഹന്‍ കൊണ്ടുവന്ന വടക്ഷീരവും ഭസ്മവും കൂട്ടിച്ചേര്‍ത്ത് രാമനും ലക്ഷ്മണനും ജടാധാരികളായി മാറി. കൊട്ടാരത്തില്‍ സുവര്‍ണ്ണതല്പത്തില്‍ സുഖശയ്യാവലംബികളായിരുന്ന സീതാരാമന്മാര്‍ അതേ മനഃസ്ഥിതിയോടുകൂടി തന്നെ വൃക്ഷച്ചുവട്ടിലും ശയിച്ചു. സീതാരാമന്മാരുടെ ദുഃഖത്തിന് കാരണം കൈകേയിയാണെന്ന ഗുഹന്റെ അഭിപ്രായത്തോട് ലക്ഷ്മണന്‍ യോജിക്കുന്നില്ല. സുഖദുഃഖങ്ങള്‍ക്ക് കാരണം മറ്റൊരാളാണെന്ന അഭിപ്രായം ശരിയല്ലെന്നാണ് ലക്ഷ്മണന്‍ വ്യക്തമാക്കുന്നത്. അജ്ഞാനം കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ധര്‍മ്മോപദേശമാണ് ഗുഹനെ ഉപദേശിക്കുവാന്‍ ലക്ഷ്മണനെ പ്രാപ്തനാക്കിയത്.
നേരം പുലര്‍ച്ചയായി. നിത്യകര്‍മ്മങ്ങള്‍ക്കുശേഷം രാമന്‍ ഗുഹനോട് തോണികൊണ്ടുവരുവാന്‍ ആജ്ഞാപിച്ചു. ഗുഹന്‍ തന്നെ തോണി തുഴഞ്ഞു. അവര്‍ ഗംഗയ്ക്ക് അക്കരെയെത്തി രാമനെ പിന്തുടരുന്നതിനുള്ള ഗുഹന്റെ അഭ്യര്‍ത്ഥനയെ സാന്ത്വനവാക്കുകള്‍കൊണ്ട് രാമന്‍ തടഞ്ഞു; ഗുഹനെ സന്തോഷപൂര്‍വ്വം യാത്രയാക്കി. ഗുഹന്റെ മനസ്സിലും രാമന്റെ സ്മരണ ഭദ്രദീപമായി തീര്‍ന്നു. സീതാദേവിയോടു കൂടി രാമന്‍ ലക്ഷ്മണനുമായി മൃഗകന്ദം എന്നുപേരുള്ള കാട്ടുകിഴങ്ങ് പിഴുതെടുത്ത് ഭക്ഷിച്ചതിനുശേഷം വൃക്ഷച്ചുവട്ടില്‍ ദലങ്ങള്‍ക്കൊണ്ടുണ്ടാക്കിയ തല്പത്തില്‍ സുഖമായി ശയിച്ചു. അടുത്ത ദിവസം പുലര്‍ച്ചയില്‍ സൂര്യോദയത്തോടുകൂടി നിത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് രാമാദികള്‍ ഭരദ്വാജാശ്രമ സമീപത്തിലെത്തി. വനമദ്ധ്യത്തില്‍ ആദ്യമായി രാമസീതാലക്ഷ്മണന്മാര്‍ ചെന്നെത്തുന്ന ആശ്രമം ഭരദ്വാജന്റെതാണ്. ആശ്രമസവിധത്തില്‍ കണ്ട ഒരു ബ്രഹ്മചാരിയോട് രാമന്റെ ആഗമനവാര്‍ത്ത മുനിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. രാമന്റെ ആഗമനം അറിഞ്ഞ ഭരദ്വാജമുനി ആനന്ദസമുദ്രത്തില്‍ ആറാടി. സീതാരാമന്മാരെ ലക്ഷ്മണനോടൊത്ത് ഉപചരിച്ച് സ്വീകരിച്ചു. ദശരഥപുത്രനായ രാമന്‍ ആ മഹാമുനിയെ സീതയോടൊത്ത് നമസ്‌ക്കരിച്ച് വണങ്ങി. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അവതാരരഹസ്യം അറിയുന്ന മഹാമുനിയാണ് ഭരദ്വാജന്‍. മഹാതപസ്വിയും ജ്ഞാനിയുമായ അദ്ദേഹം പൂജ്യപൂജാവിധിക്രമമനുസരിച്ച് രാമസീതാലക്ഷ്മണന്മാരെ പൂജകളര്‍പ്പിച്ച് സന്തുഷ്ടരാക്കി, തപസ്സിന്റെ ഫലം തനിക്ക് സിദ്ധിച്ചതായി രാമനെ അറിയിച്ചു. അവതാരപുരുഷനായ രാമന്റെ ആഗമനം മഹാനുഗ്രഹമായി കരുതിയ മുനി രാമന്റെ വനവാസോദ്ദേശ്യവും വിവരിച്ചു. രാമാദികള്‍ ഭരദ്വാജമഹര്‍ഷിയുമായി കുശലപ്രശ്‌നവും ചെയ്ത് അന്നുരാത്രി അവിടെ കഴിഞ്ഞുകൂടി.
പ്രഭാതത്തില്‍ മുനികുമാരന്മാരുമൊത്ത് രാമന്‍ കാളിന്ദീനദി കടന്ന് മഹാമുനിയായ വാല്മീകിയുടെ ആശ്രമത്തിലെത്തി. ജടാമകുടധാരിയും സര്‍വ്വജനാരാദ്ധ്യനുമായ രാമന്റെ വാര്‍ത്തകളറിയാവുന്ന വാല്‍മീകിമഹര്‍ഷി
”സന്തോഷബാഷ്പാകുലാക്ഷനായ് രാഘവന്‍-
തന്‍തിരുമേനി ഗാഢം പുണര്‍ന്നീടിനാന്‍ ”
വിധിയാംവണ്ണം രാമനെ സല്‍ക്കരിച്ച മുനീന്ദ്രനെ നമസ്‌ക്കരിച്ച് ശ്രീരാമന്‍ വാസയോഗ്യമായ സ്ഥലം നിര്‍ദ്ദേശിച്ചുകൊടുക്കുവാന്‍ വാല്മീകിയോട് അപേക്ഷിച്ചു. വനവാസത്തിന്റെ കാരണങ്ങളും ഉദ്ദേശ്യവും മുനിയോട് വിവരിക്കേണ്ട ആവശ്യമില്ല; ”വേദാന്തിനാം ഭവതാമറിയാമല്ലോ”  എന്നാണ് രാമന്റെ തന്നെ സമാധാനം. മഹര്‍ഷീശ്വരന്മാരുടെ തപസ്സുകൊണ്ട് ശുദ്ധമായ അന്തരീക്ഷം താമസിക്കുന്നതിന് ഉത്തമമായ സ്ഥലമാണെന്ന രാമന്റെ വാക്കുകള്‍ തപസ്സിന്റെ മാഹാത്മ്യം പ്രകടമാക്കുന്നു. വാല്മീകിയും രാമനുമായിട്ടുള്ള സംഭാഷണം ലോകത്തിന് ശ്രദ്ധേയമായ സംഭാവന നല്‍കുന്നു. രാമന് വസിക്കുന്നതിന് ഉചിതമായ സ്ഥലങ്ങള്‍ ഏതെല്ലാമെന്നുള്ള വാത്മീകിയുടെ നിര്‍ദ്ദേശം സാധകനും സാധാരണക്കാരനും പ്രയോജനപ്പെടുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം