കേരള പരിസ്ഥിതി ഉച്ചകോടി ഇന്നു തുടങ്ങും

August 3, 2011 കേരളം

തിരുവനന്തപുരം: കേരളത്തിലെ ഓരോ ജില്ലയും നേരിടുന്ന പരിസ്ഥിതി ഭീഷണികള്‍ വിലയിരുത്തുകയും അവയ്ക്കു പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന പ്രഥമ കേരള പരിസ്ഥിതി ഉച്ചകോടി ഇന്നു തുടങ്ങും. സകേരള സര്‍വകലാശാലാ ഗാന്ധിയന്‍ പഠനകേന്ദ്രം, ഗ്രീന്‍ കമ്യൂണിറ്റി, പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ജൈവവൈവിധ്യ ബോര്‍ഡ്, വിവിധ സംഘടനകള്‍ എന്നിവ ചേര്‍ന്നാണു വിപുലമായ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തു മലിനമായിക്കൊണ്ടിരിക്കുന്ന ജലം, വായു, മണ്ണ്, വിഷമയമാവുന്ന ഭക്ഷണം, വേനല്‍ച്ചൂടിന്റെ ഏറുന്ന കാഠിന്യം, പകര്‍ച്ചവ്യാധികളുടെയും പുതിയ രോഗങ്ങളുടെയും കടന്നുകയറ്റം, അനുദിനം ശോഷിച്ചുവരുന്ന പ്രകൃതിസമ്പത്ത് തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രധാന വിഷയങ്ങള്‍.പതിനാലു ജില്ലാതല റിപ്പോര്‍ട്ടുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ 60 പ്രബന്ധങ്ങള്‍, ശാസ്ത്രജ്ഞരുടെയും വിദ്യാര്‍ഥികളുടെയും അവതരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എണ്‍പതോളം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

ഇന്നു രാവിലെ ഒന്‍പതിനു പാളയത്തെ സര്‍വകലാശാലാ ആസ്ഥാനത്തുനിന്നു സമ്മേളനസ്ഥലമായ തൈക്കാട് ഗാന്ധിഭവനിലെ സൈലന്റ് വാലി നഗറിലേക്കു നടക്കുന്ന ഹരിത റാലിയോടെ ഉച്ചകോടിക്കു തുടക്കമാവും. വെള്ളിയാഴ്ച സമാപിക്കും. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളുടെ പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍, പരിസ്ഥിതി ആഘാതം കുട്ടനാട്ടില്‍, അഗസ്ത്യകൂടവും കാണിക്കാരും, കാവുകളുടെ പരിസ്ഥിതി പ്രാധാന്യം, പ്ലാച്ചിമടയും കോര്‍പറേറ്റ് ചൂഷണവും, ഖരമാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍, പരുക്കേറ്റ പരിസ്ഥിതിയും ശുചിത്വ കേരളവും എന്നിവയാണ് ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം