വിലക്കയറ്റം: മൂന്നാം ദിനവും പാര്‍ലിമെന്റ്‌ സ്‌തംഭിച്ചു

July 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിലക്കയറ്റ പ്രശ്‌നത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷം പാര്‍ലിമെന്റ്‌ നടപടികള്‍ സ്‌തംഭിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന്‌ ലോക്‌സഭയും രാജ്യസഭയുംപിരിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ തന്നെ 11 മണിയ്‌ക്ക്‌ സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നിര പ്രശ്‌നവുമായി എഴുന്നേറ്റു. ആദ്യം ഇരുസഭകളും ഉച്ചയ്‌ക്ക്‌ 12 മണി വരെ നിര്‍ത്തിവച്ചെങ്കിലും പിന്നീട്‌ നടപടികള്‍ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ലോക്‌സഭയില്‍ ബി.ജെ.പി., എസ്‌.പി., ബി.എസ്‌.പി. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതിനെ തുടര്‍ന്നാണ്‌ സഭ ഇന്നത്തേയ്‌ക്ക്‌ പിരിയാന്‍ സ്‌പീക്കര്‍ തീരുമാനിച്ചത്‌.
ലോക്‌സഭാ നടപടികള്‍ ആരംഭിച്ച ഉടനെ ചോദ്യോത്തരവേള റദ്ദാക്കി റൂള്‍ 184 അനുസരിച്ച്‌ വിലക്കയറ്റത്തെ കുറിച്ച്‌ വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ നോട്ടീസ്‌ നല്‍കിയതോടെയാണ്‌ ബഹളം ആരംഭിച്ചത്‌. എന്നാല്‍, വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാവാമെന്ന നിലപാട്‌ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിനായി റൂള്‍ 198 അനുസരിച്ച്‌ വോട്ടെടുപ്പ്‌ കൂടാതെയുള്ള ചര്‍ച്ചയ്‌ക്കു വേണ്‌ടി തൃണമൂല്‍ കോണ്‍ഗ്രസ്‌ അംഗം സുദീപ്‌ ബന്ദോപധ്യായ നല്‍കിയ നോട്ടീസിനാണ്‌ മുന്‍തൂക്കം നല്‍കുകയെന്ന്‌ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു. തുടര്‍ന്നു പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. രാവിലെ സമാജ്‌വാദി പാര്‍ട്ടിയിലെയും ഇടതു കക്ഷികളിലെയും അംഗങ്ങള്‍ പാര്‍ലമെന്റിന്‌ മുന്നില്‍ ധര്‍ണ നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം