ശിവസങ്കല്‍പ്പം

August 3, 2011 സനാതനം

സ്വാമി സത്യാനന്ദ സരസ്വതി

ഓം നമഃ ശിവായ

‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’        (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’.   (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.

ലിംഗോത്പത്തി

രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം