രാമായണത്തിലൂടെ…

August 3, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

ജയ് സീതാരാം

സ്വാമി സത്യാനന്ദ സരസ്വതി
സമദൃഷ്ടികള്‍, ദ്വേഷഹീനമതികള്‍, ശാന്തന്മാര്‍, ധര്‍മ്മാധര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് ഭഗവാനെ ഭജിക്കുന്നവര്‍, നിര്‍ദ്വന്ദ്വര്‍, നിസ്പൃഹര്‍, നിരീഹര്‍, മന്ത്രജാപകര്‍, നിരഹങ്കാരികള്‍, ശാന്തരാഗദ്വേഷമാനസന്മാര്‍, ലോഷ്ടാശ്മകാഞ്ചനതുല്യമതികള്‍ എന്നിങ്ങനെ ഭഗവാനില്‍ തന്നെ സര്‍വ്വവും അര്‍പ്പിച്ചു വാഴുന്നവരുടെ മനഃപങ്കജമാണ് രാമന് സീതാസമേതനായി വാഴുവാനുള്ള സ്ഥലം. സര്‍വ്വലോകങ്ങളും ഭഗവാന്റെ ആവാസസ്ഥാനമാണെങ്കില്‍ അതില്‍നിന്ന് വ്യത്യസ്തമായി ഭഗവാന് വസിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലല്ലോ. ഭഗവാന്‍ അന്തര്യാമിയും ബഹിര്യാമിയുമാണ്. എന്നാല്‍ മഹാമുനിയോടാണ് വാസസ്ഥലം ചോദിച്ചത്. ഉത്തമായ സ്ഥലമേ മുനിക്ക് നിര്‍ദ്ദേശിക്കാനാകൂ. എന്തിനാണ് വാല്മീകിയിലൂടെ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുന്നത്? ബാഹ്യലോകത്തില്‍ ദൃഷ്ടിയും മനസ്സും ഉള്ളവര്‍ക്ക് ഭഗവാന് മാന്യമായ ഇരിപ്പിടം നിര്‍ദ്ദേശിക്കാനാവില്ല. അവരുടെ ശ്രദ്ധ ഈശ്വരനെവിട്ട് ബാഹ്യവസ്തുക്കളില്‍ നില്‍ക്കും. അവര്‍ക്ക് സ്വാര്‍ത്ഥത വര്‍ദ്ധിക്കും. തല്‍ഫലമായി മുകളില്‍ പറഞ്ഞ മാനസിക വൃത്തികളൊന്നും ഉണ്ടാവുകയില്ല. ധര്‍മ്മബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് അതുകൊണ്ട് കഴിയുകയുമില്ല. സമൂഹത്തിന്റെ ശ്രേയസ്സും പ്രേയസ്സും ബോധപൂര്‍വ്വം നിയന്ത്രണമാര്‍ജ്ജിച്ച വ്യക്തികളില്‍നിന്നേ വളരുകയുള്ളു. ബാഹ്യവൃത്തിയും ബുദ്ധിയുംകൊണ്ട് സമൂഹത്തില്‍ സമത്വം വളര്‍ത്താന്‍ തുനിയുന്നവരുടെ അജ്ഞതയ്ക്ക് മതിയായ പരിഹാരം വാല്മീകിയുടെ വാക്കുകളില്‍നിന്നും ലഭിക്കുന്നു. രാമന്‍ ധര്‍മ്മം സ്ഥാപിക്കുന്നതിന് തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങളും വ്യക്തികളും മാനസപരിവര്‍ത്തനത്തിന് വേണ്ടത്ര യോജിക്കുന്നതായിരുന്നു. സാധാരണത്വത്തില്‍ മഹത്വം കാണാനുള്ള രാമന്റെ നിര്‍ദ്ദേശം ഇന്നേവരെ ലോകത്തുണ്ടായിട്ടുള്ള സമസ്ത പുരോഗമനസിന്താദ്ധങ്ങളേയും കടന്നുനില്‍ക്കുന്നതാണ്. അതറിയുന്ന വാല്മീകി പറയുന്നതുതന്നെ ഈ സത്യം വെളിവാക്കിത്തരുന്നു.
”സര്‍വ്വലോകങ്ങളും നിങ്കല്‍ വസിക്കുന്നു
സര്‍വ്വലോകേഷു നീയും വസിച്ചീടുന്നു
ഇങ്ങനെ സാധാരണം നിവാസസ്ഥല-
മങ്ങനെയാകയാലെന്തു ചൊല്ലാവതും”
ഭഗവാന്റെ സാധാരണമായ നിവാസസ്ഥലം ഗുണദോഷസമിശ്രമായ സാധാരണലോകമാണ്. അങ്ങനെയുള്ള സാധാരണലോകത്തില്‍ ‘ദേശം വിശേഷേണ ചോദിക്കകാരണം’ എന്നുള്ള സൂചനതന്നെ സാധാരണലോകത്തിലെ വിശേഷദര്‍ശനത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. സാധാരണം ഭൗതികവും വിശേഷേണയുള്ളത് ഈശ്വരീയവുമാണ്. സാധാരണത്വത്തില്‍ ഈശ്വരവിസ്മൃതി സ്വാഭാവികമായതിനാല്‍ വിശേഷേണ ഈശ്വരചിന്തയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് താല്പര്യം. അതിനുവേണ്ടി മനസ്സിനെ നിര്‍മ്മലമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെയാണ് വിശേഷണങ്ങളാക്കി വിശേഷിപ്പിച്ചിരിക്കുന്നത്. സ്വന്തം വ്യക്തിത്വം ആത്മാരാമത്വംകൊണ്ട് പവിത്രമാക്കിയിരിക്കുന്ന മഹാത്മാവിന് മാത്രമേ സാധാരണലോകത്തിന് ഈ നിര്‍ദ്ദേശവും നിയന്ത്രണവും നല്‍കാനാകൂ.
സീതയുമായി വസിക്കുന്നതിനുള്ള  സ്ഥലമാണ് ആവശ്യപ്പെട്ടത്. സീത പ്രകൃതിസ്വരൂപിണിയാണ്. പ്രകൃതിയോടൊത്ത് വസിക്കുന്ന രാമനാണ് വാസസ്ഥലമാവശ്യം. പ്രകൃതിപുരുഷബന്ധത്തില്‍ അടിയുറച്ചു നില്‍ക്കുന്ന അഭേദദര്‍ശനം ജ്ഞാനത്തിന് അത്യന്താപേക്ഷിതവുമാണ്. സീതാസമേതനായ രാമനെയാണ് നാം കാണുന്നത്. പ്രകൃതിയിലൂടെ രാമനെ ദര്‍ശിക്കുക എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാമനെ വേര്‍പെടുത്തി പ്രകൃതിയെ ദര്‍ശിച്ചാല്‍ പ്രകൃതിഗുണങ്ങള്‍ക്ക് അടിപ്പെട്ട് മൃഗപ്രായരായി അധഃപതിക്കും.
”യാതൊരേടത്തു സുഖേന വസിക്കാവു
സീതയോടുംകൂടി എന്നരുള്‍ചെയ്യണം”
എന്നുള്ള രാമന്റെ വാക്കുകളില്‍ ‘സുഖേന’ എന്നുള്ള പ്രയോഗത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. പ്രകൃതിയിലെ സമസ്ത ജീവരാശികളിലുമുള്ള സമദര്‍ശിത്വമാണ് സീതയോടുകൂടിയുള്ള രാമന്റെ വാസം. രാമന്‍ ജീവാത്മഭാവത്തില്‍ ജീവരാശികളില്‍ രമിക്കുന്നവനാണ്. ജീവരാശികള്‍ പ്രകൃതിയും സീത പ്രകൃതിസ്വരൂപിണിയുമാണ്. പ്രകൃതിയെ വിട്ട് ജീവാത്മാവിനേയോ പരമാത്മാവിനെയോ അറിയാനാവില്ല. സീതയോടും കൂടി സുഖേന വസിക്കാവു എന്നുള്ളതിന്റെ താല്‍പ്പര്യം ഇതാണ്. സുഖം രാമനെ വിട്ട് പ്രകൃതിയിലൂടെ മാത്രമോ പ്രകൃതിവിട്ട് രാമനിലൂടെ മാത്രമോ നേടാനാവില്ല. അല്ലാതുള്ളത് നിര്‍ഗുണം മാത്രം. ‘സാധാരണം നിവാസസ്ഥലം’, ‘ദേശം വിശേഷേണ ചോദിക്കകാരണം’, ‘സീതയോടും കൂടി സുഖേന വസിക്കാവൂ’ എന്നീപ്രയോഗങ്ങളുടെ പ്രത്യേകത ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്. മനസ്സിന്റെ മാലിന്യങ്ങള്‍ നിരാകരിക്കാനുള്ള നിര്‍ദ്ദേശവും തല്‍ഫലമായുള്ള സുഖവും നിബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രകൃതിയെ മാലിന്യങ്ങള്‍ വര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കാതെ മാലിന്യങ്ങളകറ്റുവാന്‍ ഉപയോഗിക്കണം. രാമന്‍ ആരെന്നറിയുന്ന വാലമീകി പരമാത്മാവിനേയും മായാസ്വരൂപിണിയേയുമാണ് സീതാരാമന്മാരില്‍ ദര്‍ശിക്കുന്നത്. വാല്മീകിയുടെ പൂര്‍വ്വകഥയില്‍ കാണുന്ന രത്‌നാകരന്‍ ഭോഗലോകത്തില്‍ അമിതാസക്തിയുള്ള ജീവന്റെ സംസ്‌ക്കാരമാണ്. രത്‌നാകരന്‍ പ്രത്യക്ഷമായ കവര്‍ച്ചയും കൊള്ളയും പിടിച്ചുപറിയും നടത്തി. ആധുനികലോകം പ്രത്യക്ഷമായും പരോക്ഷമായും അതു നിര്‍വ്വഹിക്കുന്നു. അനേകം രത്‌നാകരന്മാരെ ആധുനികലോകത്ത് ദര്‍ശിക്കാനാകും. സ്വാര്‍ത്ഥചിന്തകള്‍കൊണ്ട് ധര്‍മ്മനീതി മറന്ന മാനസികവൃത്തിയാണ് അവര്‍ക്കുള്ളത്. സ്വാര്‍ത്ഥതയ്ക്കുവേണ്ടി അവര്‍ അനുവര്‍ത്തിക്കാത്ത അക്രമപ്രവര്‍ത്തികള്‍ ഇല്ല. ബാഹ്യലോകത്തുനിന്നുമുള്ള സുഖം ശാശ്വതമാണെന്നുള്ള ചിന്തയാണതിനുകാരണം. അങ്ങനെ ചിന്തിക്കുന്നവരെ പരിവര്‍ത്തനപ്പെടുത്തിയത് രാമനാമവും അതിനുപദേശം നല്‍കിയത് സപ്തര്‍ഷികളുമാണ്.  അര്‍ഹതയുള്ള ഗുരുക്കന്മാരില്‍നിന്നാണ് ആ ഉപദേശം നേടേണ്ടത്. രത്‌നാകരനെ വാല്മീകിയാക്കിയ മന്ത്രവും ഗുരുത്വവും ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. സ്വന്തം എന്നുള്ള ചിന്തയില്‍ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി അനുഷ്ഠിച്ച ദുരന്തകര്‍മ്മങ്ങളുടെ ഫലം സ്വയം അനുഭവിക്കേണ്ടിവരുമെന്ന ചിന്തയാണ് മാറ്റത്തിനുള്ള കാരണം. എങ്കിലും അത്തരം മാറ്റത്തിനും അര്‍ഹതയുള്ള സമയം വന്നുചേരണം. അടിസ്ഥാനപരമായ കുറ്റബോധവും അതില്‍നിന്ന് നിവൃത്തി നേടുവാനുള്ള ആഗ്രഹവും പരിശ്രമവും രത്‌നാകരനുണ്ടായിരുന്നു. ആധുനികലോകത്തില്‍ അനേകം അനേകം രത്‌നാകരന്മാരെ വാല്മീകിയുടെ പൂര്‍വ്വകഥയിലൂടെ വരച്ചുകാട്ടിയിരിക്കുന്നു. കൊള്ളക്കാരായ അത്തരം സാമൂഹ്യദ്രോഹികള്‍ക്ക് സപ്തര്‍ഷിമാരും രാമമന്ത്രവും പ്രയോജനപ്പെടട്ടെ. ലോകത്ത് എമ്പാടും എക്കാലവും വന്നുചേരാവുന്ന അധര്‍മ്മചിന്തയും അനീതിയും അക്രമവാസനകളുമാണ് രത്‌നാകരന്‍. അതിനുള്ള ശാശ്വതപരിഹാരം ഗുരുത്വവും ഈശ്വരചിന്തയും മാത്രമാണ്. രാമന്റെ മാഹാത്മ്യം രത്‌നാകരനെ വാല്മീകിയാക്കി ആധുനികലോകത്തിന് വഴികാട്ടുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം