രാമായണത്തിലൂടെ…

August 4, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

ഓം രം രാമായ നമഃ

സ്വാമി സത്യാനന്ദ സരസ്വതി
”ഇന്ന് സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ കാണ്മതിന്നവകാശവും
വന്നിതെനിക്കു മുന്നംചെയ്ത പുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ”   
രത്‌നാകരനില്‍നിന്നും പരിവര്‍ത്തനം പ്രാപിച്ച വാല്മീകി സംതൃപ്തി തേടുന്നതും സീതാലക്ഷ്മണ സംയുക്തനായ രാമനെ ദര്‍ശിക്കുന്നതിലൂടെയാണ്. പ്രകൃതിപുരുഷബന്ധത്തിലെ അമൂല്യമായ ദര്‍ശനം ഇവിടെയും പ്രാധാന്യമര്‍ഹിക്കുന്നു. ജീവരാശികളോട് സമദര്‍ശിത്വം പുലര്‍ത്താന്‍ കഴിയാത്തപക്ഷം വേദാന്തം നിഷ്ഫലമായി തീരും. ലോകത്തിന് സേവനത്തിന്റെ പാതയൊരുക്കികൊടുക്കുന്നതാണ് പ്രകൃതിപുരുഷബന്ധം കൊണ്ടുള്ള സമദര്‍ശിത്വം. സമദര്‍ശിത്വം ഇല്ലെങ്കില്‍ സേവനമോ, സേവനത്തിലൂടെ അല്ലാതെ ധര്‍മ്മസംസ്ഥാപനമോ നടക്കുകയില്ല. പ്രപഞ്ചത്തിന്റെ ഈ ധര്‍മ്മനീതി മനസ്സിലാക്കികൊണ്ടാണ് രാമായണത്തിലുടനീളം രാമസീതാരഹസ്യം ചര്‍ച്ചചെയ്തിരിക്കുന്നത്. സന്ദര്‍ഭങ്ങള്‍ എത്ര വിരുദ്ധങ്ങളായാലും ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാതെ അവതാരോദ്ദേശ്യം ലോകസംഗ്രഹത്തിനുവേണ്ടി പഠിപ്പിക്കേണ്ട ചുമതല ഗുരുക്കന്മാര്‍ക്കുള്ളതാണ്. ഭരദ്വാജനും വാല്മീകിയും വസിഷ്ഠനും വാമദേവനും വിശ്വാമിത്രനുമെല്ലാം ഈ മഹല്‍കര്‍മ്മമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. രാമനെന്ന പരമാത്മസങ്കല്പം കേന്ദ്രബിന്ദുവാക്കികൊണ്ടാണ് ഇത് സാധിച്ചിട്ടുള്ളത്. ഈശ്വരനെ അന്യപുരുഷനായും ജീവരാശികളെ വേറിട്ടും ദര്‍ശിക്കുന്ന സ്വഭാവം വേദാന്തത്തിനോ ഭൗതികത്തിനോ യോജിക്കുന്നതല്ല. സീതയോടുകൂടി രാമനെ ദര്‍ശിച്ചതുകൊണ്ട് പുണ്യഫലം വന്നുവെന്ന് വാല്മീകി പറഞ്ഞതിന്റെ സാരം ഇതാണ്.
” കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ ത്രിദശകുലപതേ”
ത്രാണനിപുണത രക്ഷിക്കുന്നതിലുള്ള സാമര്‍ഥ്യമാണ്. കഷ്ടപ്പെടുന്നവനാണ് രക്ഷ ആവശ്യം. പരമാത്മാവായ രാമന്‍ രക്ഷിക്കേണ്ടത് പ്രകൃതിയെ അന്യമായി കണ്ട് കര്‍മ്മത്തിന്റെ ദുരിതഫലം സമ്പാദിച്ചവരെയാണ്. സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഈശ്വരപൂജ ചെയ്യുകയും പരാര്‍ത്ഥമായ കാര്യങ്ങളില്‍ വിരോധം ദര്‍ശിക്കുകയും ചെയ്യുന്ന ധാരാളംപേര്‍ ഇന്ന് സമൂഹത്തിലുണ്ട്. അത്തരക്കാരെ മേല്‍പ്പറഞ്ഞ കര്‍മ്മദോഷത്തില്‍നിന്ന് ത്രാണനം ചെയ്യുകയാണ് മുക്തിക്ക് സഹായകമാകുന്നത്. സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയുള്ള ഈശ്വരപൂജ മുക്തിക്ക് കാരണമാകുകയില്ല.
ചിത്രകൂടപര്‍വ്വതത്തിനും മഹാനദിയായ ഗംഗയ്ക്കും മദ്ധ്യേ മനോഹരമായ പര്‍ണ്ണശാലയ്ക്കുള്ള സങ്കേതം വാല്മീകിമഹാമുനി നിര്‍ദ്ദേശിച്ചു. വാല്മീകിമഹര്‍ഷിയുടെ ഉപചാരത്തിലും ജാനകിയുടെയും ലക്ഷ്മണന്റെയും പരിചരണത്തിലും ശ്രീരാമചന്ദ്രന്‍ ദേവേന്ദ്രനുതുല്യം പൂജിതനായി കഴിഞ്ഞുകൂടി.
രാമനെവിട്ട് അയോദ്ധ്യയിലേക്ക് തിരിക്കുന്ന സുമന്ത്രരോട് രാമന്‍ പറഞ്ഞയക്കുന്ന സമാധാനവാക്കുകള്‍ അച്ഛനമ്മമാരെ സാന്ത്വനിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. സൗഖ്യത്തെക്കാളും പ്രാധാന്യം മോക്ഷത്തിനാണ് രാമന്റെ വാക്കുകളിലുള്ളത്. ”സൗഖ്യമയോദ്ധ്യയിലേറും വനങ്ങളില്‍ മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും” രാമന്‍ വനത്തില്‍ പോയതുകൊണ്ട് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ മോക്ഷം സാധിക്കുമെന്നുള്ള സമാധാനം പരോക്ഷമായി ദശരഥനും കൗസല്യയ്ക്കും നല്‍കുന്ന ഉപദേശമാണ്. സൗഖ്യം നഷ്ടപ്പെട്ടതോര്‍ത്ത് ഖേദിക്കുകയും സൗഖ്യത്തെ ഓര്‍ത്ത് മോദിക്കുകയും ചെയ്യുന്നത് മോക്ഷകാരണമല്ല. അയോദ്ധ്യയിലായാലും വനത്തിലായാലും കര്‍മ്മങ്ങള്‍ വിധിയനുസരിച്ച് അനുഷ്ഠിക്കണം. മോക്ഷം ലഭിക്കാത്ത സൗഖ്യവും മോക്ഷം കൊണ്ടുള്ള സൗഖ്യവും ഉണ്ട്. രണ്ടും കര്‍മ്മത്തിലധിഷ്ഠിതവുമാണ്. നശ്വരമായ സുഖത്തെ ചിന്തിച്ച് ഫലത്തില്‍ ഇച്ഛവച്ച് ദുഃഖിക്കാതെ കര്‍മ്മം ചെയ്യുന്നത് മോക്ഷകാരണമാകും. മോക്ഷത്തിന് പ്രയോജനപ്പെടുന്ന കര്‍മ്മങ്ങളായാലും ഫലത്തില്‍ ഇച്ഛവയ്ക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കണമെന്നില്ല. മോക്ഷം ലഭിക്കാത്തിടത്തോളം ദുഃഖം അവസാനിക്കുകയുമില്ല. ആയതിനാല്‍ മോക്ഷോന്മുഖമായി തീര്‍ന്നിരിക്കുന്ന വനവാസം അച്ഛനും അമ്മയ്ക്കും ദുഃഖകാരണമല്ലെന്നാണ് രാമന്റെ നിര്‍ദ്ദേശം. മോക്ഷത്തെ ചിന്തിക്കകൊണ്ടുണ്ടാകാവുന്ന സൗഖ്യത്തിനാണ് രാമന്‍ പ്രാധാന്യം കല്പിച്ചിരിക്കുന്നത്. അയോദ്ധ്യയിലെ സുഖത്തെ ചിന്തിച്ചിരിക്കുന്നതാണ് അച്ഛനമ്മമാരുടെ ദുഃഖത്തിനുകാരണം. സുഖം എപ്പോഴും ദുഃഖകാരണമാണ്. എന്നാല്‍ മോക്ഷത്തെ ചിന്തിച്ചുള്ള ദുഃഖം സുഖകാരണവുമാണ്. താല്ക്കാലികമായി സീതാരാമലക്ഷ്മണന്മാര്‍ വനത്തില്‍ പോയത് ദുഃഖകാരണമാകാം. എന്നാല്‍ മോക്ഷത്തിന് വനവാസം വ്യക്തമായ മാര്‍ഗ്ഗമാണെന്ന് ചിന്തിച്ച് ദുഃഖമുപേക്ഷിച്ച് വസിക്കുവാനാണ് രാമന്‍ നിര്‍ദ്ദേശിക്കുന്നത്.
ആധുനികസമൂഹത്തില്‍ സൗഖ്യം ചിന്തിച്ച് ദുഃഖിക്കുന്ന ദശരഥന്മാരും കൗസല്യമാരുമുണ്ട്. സമ്പാദ്യസുഖത്തില്‍ നിന്നകന്ന് ത്യാഗത്തിലേക്ക് ഒരു ചുവട് വയ്ക്കുന്നതും അത്തരക്കാര്‍ക്ക് സഹിക്കാനാവില്ല. ത്യാഗം അവര്‍ക്ക് വനവാസത്തെക്കാളും ദുഃഖകരമാണ്. സുഖം നഷ്ടപ്പെടുത്തി ത്യാഗംകൊണ്ട് ധര്‍മ്മം സ്ഥാപിക്കണമെന്ന് അത്തരക്കാര്‍ക്ക് വിചാരവുമില്ല. സുഖം അനുഭവിക്കാന്‍ കിട്ടുന്ന അവസരത്തില്‍ കവിഞ്ഞ് ധര്‍മ്മം സ്ഥാപിക്കുവാനുള്ള പരിശ്രമങ്ങളില്‍ അവര്‍ക്ക് വിശ്വാസവുമില്ല. അങ്ങനെ പരിശ്രമിക്കുന്നത് ദശരഥനെപ്പോലെ ദുഃഖിക്കുന്നതിന് കാരണവുമാകും. അന്യന്റെ ത്യാഗത്തെ പ്രകീര്‍ത്തിക്കുകയും സ്വന്തം സുഖത്തിന് കളമൊരുക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ ഇന്ന് സമൂഹത്തില്‍ ധാരാളമുണ്ട്. വാചാലമായ ധര്‍മ്മപ്രഭാഷണവും നിഷ്‌ക്രിയമായ ധര്‍മ്മപ്രവൃത്തികളുമാണ് ഇത്തരക്കാര്‍ക്ക് ഭൂഷണം. ഇത് സമൂഹത്തിന്റെ തളര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും കാരണമാകുന്നു; ധര്‍മ്മത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഹാനികരവുമാകുന്നു. സൗഖ്യത്തിന് വേണ്ടി കാത്തിരുന്ന് ദുഃഖിക്കുന്ന ആധുനികദശരഥന്മാര്‍ക്കും കൗസല്യമാര്‍ക്കും രാമന്റെ വാക്കുകള്‍ വിലയുറ്റ മോക്ഷകവാടങ്ങള്‍ തുറന്നുകൊടുക്കുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം