ലോക്‌പാല്‍ ബില്‍ അവതരിപ്പിച്ചു

August 4, 2011 ദേശീയം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണസ്വാമിയാണ് ബില്ല് അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് സുഷ്മാ സ്വരാജ് വിമര്‍ശിച്ചു. പ്രധാനമന്ത്രിയെയും ഉന്നതനീതിപീഠത്തെയും ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന അന്ന ഹസാരെയും സംഘവും ബില്ലിന്റെ അവതരണം തടയണമെന്ന് ലോക്‌സഭാംഗങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഹസാരെയും സംഘവും ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു.
ചെയര്‍മാനും എട്ടംഗങ്ങളുമാണ് ലോക്പാല്‍ സമിതിയില്‍ ഉണ്ടാവുക. ഇതില്‍ പകുതിപ്പേരും ന്യായാധിപരായിരിക്കും. 25 വര്‍ഷത്തോളം ഭരണപരിചയമുള്ളവരും അഴിമതിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടവരുമായ വ്യക്തികള്‍ ലോക്പാലിന്റെ ഭാഗമായിരിക്കും.
പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം മാത്രം അന്വേഷിക്കാനേ ലോക്പാലിന് സാധിക്കൂ. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള ആരോപണങ്ങളും ലോക്പാലിന്റെ പരിധിയില്‍ പെടില്ല. മന്ത്രിമാര്‍, എം.പി.മാര്‍, ഗ്രൂപ്പ് എ ഓഫീസര്‍മാര്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍, ട്രസ്റ്റ്, സൊസൈറ്റി, പാര്‍ലമെന്‍റ് ചുമതലപ്പെടുത്തുന്ന സമിതികള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍പ്പെടും. ആരോപണം തെളിയിക്കപ്പെട്ടാല്‍ നടപടി ശുപാര്‍ശ ചെയ്യാനുള്ള അധികാരവും ലോക്പാലിനുണ്ടാവും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം