ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

August 5, 2011 ദേശീയം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. കായികമന്ത്രിയുടെ നിര്‍ദേശം മറികടന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായി സുരേഷ് കല്‍മാഡിയെ നിയോഗിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് (പി.എം.ഒ) സി.എ.ജി. കുറ്റപ്പെടുത്തിയിട്ടുണ്ട്.

2004 ഡിസംബറിലാണ് കല്‍മാഡിയെ ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായി നിയമിച്ചത്. അന്നത്തെ കായികമന്ത്രി സുനില്‍ദത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രസിഡന്റായിരുന്ന കല്‍മാഡിയെ ചെയര്‍മാനാക്കിയതെന്ന് സി.എ.ജി. റിപ്പോര്‍ട്ട് പറയുന്നു. 2000 കോടിയോളം രൂപ ചെലവാക്കാന്‍ അധികാരമുണ്ടായിരുന്ന സംഘാടകസമിതിയുടെ തലപ്പത്തേക്ക് കല്‍മാഡിയെ നിയോഗിച്ചതിന് പി.എം.ഒയെ കുറ്റപ്പെടുത്തുന്ന സി.എ.ജി. റിപ്പോര്‍ട്ടാണ് പാര്‍ലമെന്റില്‍ വെക്കുന്നത്.

2010ലെ ഗെയിംസിന് ആറുവര്‍ഷം മുമ്പുതന്നെ സംഘാടകസമിതി രൂപവത്കരിച്ചെങ്കിലും ഏറെക്കാലം നിര്‍ജീവമായിരുന്നതിന് ഏറെ വിമര്‍ശം കേള്‍ക്കേണ്ടിവന്നിരുന്നു. പിന്നീട് ഗെയിംസിനുവേണ്ടി ഓരോ കരാറുകള്‍ ഉണ്ടാക്കിയതിലും ഉയര്‍ന്ന തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിനും ഏറെ ആരോപണങ്ങളുണ്ടായി. ആദ്യവസാനം ക്രമക്കേടും അഴിമതിയും ആരോപിക്കപ്പെട്ടതോടെ ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രധാനമന്ത്രി ഇടപ്പെട്ട് മുന്‍ സി.എ.ജി വി.കെ. ഷുങ്ഗ്ലുവിന്റെ നേതൃത്വത്തില്‍ ഗെയിംസിനുശേഷം ഒരു സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ ആറ് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു.

ഗെയിംസിന് ടൈമിങ്, സ്‌കോറിങ്, റിസള്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സ്വിസ് കമ്പനിക്ക് ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കിയതുവഴി ഖജനാവിന് 90 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത കല്‍മാഡി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം