രാമായണത്തിലൂടെ…

August 5, 2011 സനാതനം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

ജയ് സീതാരാം

സ്വാമി സത്യാനന്ദ സരസ്വതി
വനവാസസമയത്തും അച്ഛനനമ്മമാരുടെ ദുഃഖപരിഹാരം കാണേണ്ട പുത്രന്റെ ചുമതലയില്‍ രാമന്‍ ബദ്ധശ്രദ്ധനാണ് എന്നാല്‍ അത് അയോദ്ധ്യയിലെ സുഖങ്ങളെ ചിന്തിച്ചാകരുതെന്ന് രാമന് നിര്‍ബന്ധവുമുണ്ട്. നിര്‍ദ്ദേശവും നിയന്ത്രണവും വഴികാട്ടുന്ന വാക്കുകളാണ് രാമന്റേത്. ദശരഥനും കൗസല്യയും വാര്‍ദ്ധക്യകാലത്തില്‍ എത്തിക്കഴിഞ്ഞു.  ദശരഥന്റെ വാക്കുകളില്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ‘വൃദ്ധനായ് വന്നിതു ഞാനുമൊട്ടാകയാല്‍’ എന്നുള്ള ദശരഥന്റെ വാക്കുകള്‍ വാര്‍ദ്ധക്യത്തെ സ്പഷ്ടമാക്കുന്നു. മോക്ഷചിന്തയോടെ ഇരിക്കുകയാണ് സ്വധര്‍മ്മമായി അവര്‍ക്ക് അനുഷ്ഠിക്കാനുള്ളത്. ഇത്തരുണത്തില്‍ സുഖചിന്ത പരധര്‍മ്മവും ഭയാപഹവുമാണ്.
മോക്ഷചിന്തയില്ലാതെ സമ്പത്തും സൗഖ്യവുമോര്‍ത്ത് ദുഃഖിക്കുന്നവര്‍ ധാരാളം ഉണ്ട്. അതേസൗഖ്യം അന്വേഷിച്ച് അകലെപോയ പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്നവരുമുണ്ട്. തന്റെ സൗഖ്യവും സന്താനങ്ങളുടെ സൗഖ്യവും ആഗ്രഹിച്ചവര്‍ അതേ സൗഖ്യത്തിന്റെ വേര്‍പാട് ചിന്തിച്ച് ദുഃഖിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൗഖ്യം ദുഃഖത്തിന് കാരണമാകുന്നുവെന്ന് സ്പഷ്ടമാണ്. വാര്‍ദ്ധക്യകാലത്ത് നഷ്ടമാകുന്ന സുഖത്തെ ഓര്‍ത്ത് ദുഃഖിച്ചു മരിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലം പുനര്‍ജന്മത്തിന് കാരണമാണ്. ജന്മങ്ങളും കര്‍മ്മങ്ങളും അങ്ങനെ ആവര്‍ത്തിച്ച് അധഃപതിക്കാതിരിക്കുവാന്‍ രാമന്റെ വാക്കുകള്‍ പ്രയോജനപ്പെടും.
ഭരതന്‍ കേകയരാജ്യത്തില്‍നിന്നും തിരിച്ചെത്തിക്കഴിഞ്ഞു അയോദ്ധ്യയുടെ പ്രതീക്ഷയും പ്രതികരണവും എന്തായിരിക്കാം? രാമനില്ലാത്ത അയോദ്ധ്യ ദശരഥന്‍ ചരമമടഞ്ഞ അയോദ്ധ്യ, സഹോദരനായ ലക്ഷ്മണനും മൈഥിലിയുമില്ലാത്ത അയോദ്ധ്യ, ഭരതനും ശത്രുഘ്‌നനും ഇല്ലാതിരുന്ന അയോദ്ധ്യ, അയോദ്ധ്യാധിപതിയാകേണ്ട രാമന്റെ അഭിഷേകാഡംബരം കണ്ട അയോദ്ധ്യ, സൂര്യവംശത്തിന്റെ അരുണ കിരണങ്ങളടങ്ങി ഐശ്വര്യം അസ്തപ്രായമായ അയോദ്ധ്യ, മനം നിറയെ മധുരപ്രതീക്ഷകളുമായി അരുമമകനെ കാത്തിരിക്കുന്ന കൈകേയി.
”എന്മകനെന്തുദുഃഖിപ്പാനവകാശം
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാന്‍”
പ്രതീക്ഷയില്ലാത്ത സുരലോകസൗഖ്യം പ്രതികരിക്കാനര്‍പ്പിച്ച വാക്കുകള്‍ ഭരതന്റെ ശ്രദ്ധയെ തെല്ലുപോലുമാകര്‍ഷിച്ചില്ല. അച്ഛന്റെ മരണവാര്‍ത്തയില്‍ മൂര്‍ച്ഛിച്ചു വീണ ഭരതന്റെ തളര്‍ന്ന ചിന്ത അന്തിമാഭയസ്ഥാനമായ രാമന്റെ പാദങ്ങളില്‍ അഭയം തേടാമെന്ന് കരുതിയിരിക്കണം. ഹതവിധിയെന്നേ പറയാനുള്ളു. അമ്മയില്‍ നിന്നു ഭരതന്‍ വിവരണങ്ങളറിഞ്ഞു.
അയോദ്ധ്യയിലെ രാമനെക്കാള്‍ വനത്തിലെത്തിയ രാമന്‍ അയോദ്ധ്യാവാസികളില്‍ ശക്തമായി ജീവിക്കുന്നു. ഭരതന്റെ മനസ്സ് ജ്യേഷ്ഠനെക്കാണാന്‍ ആകാംക്ഷയുറ്റതായി രാമന്റെ അഭിഷേകവിഘ്‌നം നൂറു ബ്രഹ്മഹത്യയെക്കാള്‍ പാതകം നിറഞ്ഞതെന്നാണ് ഭരതന്റെ സങ്കല്പം. കുലഗുരുവായ വസിഷ്ഠനെയും ഗുരുപത്‌നിയായ അരുന്ധതിയേയും ഖഡ്ഗം കൊണ്ട് നിഗ്രഹിച്ചാലുള്ള പാപം രാമാഭിഷേകവിഘ്‌നത്തെയപേക്ഷിച്ച് ലഘുവാണ്. വനവാസിയായ രാമന്റെ സ്വാധീനം അയോദ്ധ്യയിലും ഭരതനിലും ഇത്രയേറെ ശക്തമാകുമെന്ന് കൈകേയി ചിന്തിച്ചു കാണുമോ? ദശരഥന്റെ ചരമഗതിക്കും, ഭരതന്റെ ദുര്‍ഗതിക്കും കാരണമാക്കിയ രാമന്റെ വിയോഗം അയോദ്ധ്യയെ ശോകമൂകമാക്കി. രാമന്റെ സാന്നിദ്ധ്യത്തില്‍ ചൈതന്യം നിറഞ്ഞ അയോദ്ധ്യ സജീവവും സന്തോഷ്ടവുമായിരുന്നു. രാമന്‍ അകലുന്നിടത്തെല്ലാം ദുഃഖവും ദുര്യോഗവും സംഭവിക്കും. സന്തോഷിക്കുന്ന ഒരു മണല്‍ത്തരിപോലും ഇന്ന് അയോദ്ധ്യയിലില്ല. പാറിപ്പറന്ന കൊടിക്കൂറകള്‍ ഇന്ന് നിശ്ചലമാണ്. നാദം മുഴക്കിയ ഭേരികള്‍ ഇന്ന് നിശബ്ദമാണ്. എങ്ങും നിറഞ്ഞുനില്‍ക്കുന്ന മൂകത. എവിടെയും നിശബ്ദത, എല്ലായിടത്തും നിഷ്‌ക്രിയത്വം, നിറകണ്ണുകളോടെ നിര്‍നിമേഷരായി നില്‍ക്കുന്ന രാജധാരങ്ങള്‍, നിര്‍ദോഷികളായ അയോദ്ധ്യാവാസികള്‍, നിഷ്‌ക്കരുണം ശിക്ഷിക്കപ്പെട്ട ഭരതന്‍- എല്ലാമെല്ലാം രാമന്റെ വിയോഗം ഒന്നുകൊണ്ടുമാത്രം.
പരമാത്മാവിന്റെ സാന്നിദ്ധ്യമില്ലാത്ത യാതൊന്നും ഈ പ്രപഞ്ചത്തില്‍ സജീവമായിരിക്കയില്ല. വളര്‍ച്ചയില്‍നിന്ന് തളര്‍ച്ചയിലേക്കും ചൈതന്യത്തില്‍നിന്ന് ജഡതയിലേക്കും സൗഖ്യത്തില്‍ നിന്ന് ദുഃഖത്തിലേക്കും അമര്‍ന്നടിഞ്ഞു പോകുന്ന അവസ്ഥയാണ് ഇന്ന് ആ നഗരത്തിനുള്ളത്. അയോദ്ധ്യയുടെ ചൈതന്യമായ രാമന്‍ വേര്‍പെട്ടതോടെ അയോദ്ധ്യ ജഡവസ്തുവായിത്തീര്‍ന്നു. രാമന്റെ അനുവാദമോ അനുഗ്രഹമോ ഇല്ലാതെ ആ ചൈതന്യം പുനരാര്‍ജ്ജിയ്ക്കുവാന്‍ ഭരതന്‍ ശക്തനല്ല. രാമനെക്കൂടാതെ ഭരതന്‍ ഭരണനിപുണനാവുകയില്ല. കുലഗുരുവിന്റെ സങ്കല്പമാണെങ്കിലും അതു രാമനെ കേന്ദ്രീകരിച്ചായിരുന്നു. രാമനില്ലാത്ത അയോദ്ധ്യകൊണ്ട് കൈകേയിക്ക് ഭരതനെ തൃപ്തനാക്കാന്‍ കഴിഞ്ഞില്ല. അച്ഛനെ പിടിച്ചുകെട്ടാന്‍ തുനിഞ്ഞ ലക്ഷ്മണനെ രാമന്‍ ശാന്തനാക്കിയിട്ടുണ്ട്. ഇത് കൈകേയിയ്ക്കറിയാവുന്നതാണ്.
”ഭര്‍ത്താവിനെക്കൊന്നപാപേ! മഹാഘോരേ!
നിസ്ത്രപേ നിര്‍ദ്ദയേ ദുഷ്‌ടേ നിശാചരീ”
എന്നിങ്ങനെ അമ്മയുടെ നേര്‍ക്കു ചൊരിഞ്ഞ ശകാരവാക്കുകള്‍ ഏറ്റുവാങ്ങുകയല്ലാതെ കൈകേയിക്ക് മറ്റുമാര്‍ഗ്ഗമില്ല. ലക്ഷ്മണനെ ശാന്തനാക്കിയ രാമനെ കൈകേയി ഓര്‍മ്മിച്ചിരിക്കുമോ? ഭരതനെ ശാന്തനാക്കുവാന്‍ രാമന്‍ അടുത്തില്ലാത്ത കുറവ് രാമനെ വനത്തിലയച്ച കൈകേയി അല്പമെങ്കിലും  അനുഭവിച്ചു കാണും. അയോദ്ധ്യയിലെ ആബാലവൃദ്ധം ജനങ്ങളും ഇങ്ങനെ രാമന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും രാമസങ്കല്പത്തിന്റെ പ്രാധാന്യം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഏഷണിക്കും സ്വാര്‍ത്ഥമോഹത്തിനും വഴിമാറിക്കൊടുത്ത ഏതൊരിടത്തും ഇതേ അനുഭവം തന്നെ ഉണ്ടാകും. പരമാത്മാചിന്തയെ വിട്ടകന്ന മനസ്സിന് പരിതഃസ്ഥിതികളൊന്നും പരമമായ ശാന്തി നല്‍കുകയില്ല.
നേതാവിനെപ്പോലെയോ രാജാവിനെപ്പോലെയോ ചക്രവര്‍ത്തിയെപ്പോലെയോ മറ്റൊരാളാണ് പരമാത്മാവ് എന്ന് ചിന്തിക്കുന്ന വിരുദ്ധഭാവത്തില്‍ നിന്നാണ് ഈശ്വരചിന്തയോട് വിരോധം വര്‍ദ്ധിച്ചത്. ഈ ലോകത്തു കാണുന്ന സമ്പത്തും സൗഖ്യവും സമാനചിന്തയോടെ സമവീക്ഷണം ചെയ്ത സമരസപ്പെടുത്തുവാനുള്ള സാന്നിദ്ധ്യമാണ് പരമാത്മചിന്തകൊണ്ട് ഉണ്ടാകുന്നത്. തന്നില്‍നിന്ന് അന്യമായിക്കണ്ട് ഈശ്വരനെ ആരോപിക്കാനും, ആക്ഷേപിക്കാനും തുനിയുന്ന മൂഢത്തരം കൊണ്ട് അയോദ്ധ്യയ്ക്ക് സംഭവിച്ച അപകടവും കൈകേയിക്ക് സംഭവിച്ച അമളിയും ലോകത്തിനുണ്ടാകാതിരിക്കട്ടെ. സര്‍വ്വപ്രീതികാരകനായ രാമന്‍ അന്യനാണെന്നു കരുതിയതുകൊണ്ട് അയോദ്ധ്യക്കു വന്ന അപകടം ഈശ്വരനെ അകലെക്കാണുന്ന ആധുനിക ലോകത്തിന് സംഭവിക്കാതിരിക്കട്ടെ.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം