മദനിയുടെ ജാമ്യാപേക്ഷ: ചൊവ്വാഴ്‌ച ത്തേയ്‌ക്ക്‌ മാറ്റി

July 30, 2010 മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിയ്‌ക്കുന്നത്‌ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്‌ചത്തേയ്‌ക്ക്‌ മാറ്റി. മറുപടി സത്യവാങ്‌മൂലം സമര്‍പ്പിയ്‌ക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. ഈ മാസം 22ന്‌ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതിന്‍ പ്രകാരമാണ്‌ വാദം ഇന്നലത്തേയ്‌ക്ക്‌ മാറ്റിയിരുന്നത്‌.
കേസില്‍ നിലപാടറിയിക്കുന്നതിന്‌ അമാന്തം കാണിയ്‌ക്കുന്നതില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ചു. ജാമ്യഹരജി പരിഗണിക്കുന്നത്‌ ഇനിയും മാറ്റിവയ്‌ക്കാനാകില്ലെന്നും ചൊവ്വാഴ്‌ച തന്നെ നിലപാട്‌ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.ബാംഗ്ലൂര്‍ സെഷന്‍സ്‌ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ്‌ മദനി ഹൈക്കോടതിയെ സമീപിച്ചത്‌. മദനിക്കെതിരെ ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ്‌ മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരിയ്‌ക്കുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍