ആഗോള ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

August 6, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍/ലണ്ടന്‍: ആഗോള ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. 2008ലെ സാമ്പത്തികമാന്ദ്യത്തിന്റെ ആവര്‍ത്തനസാധ്യതയെക്കുറിച്ചുള്ള നിക്ഷേപകരുടെ ഭീതിയാണ് വിപണികളില്‍ പ്രതിഫലിച്ചതെന്നു ധനകാര്യ വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ പ്രധാന ഓഹരിസൂചികകളായ നാസ്ഡാക്ക്, ഡൗ ജോണ്‍സ് എന്നിവയും യൂറോപ്പിലെ ഡാക്‌സ്, എഫ്.ടി.എസ്.ഇ. എന്നിവയും വ്യാഴാഴ്ച ഇടിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച ഏഷ്യയിലെ പ്രമുഖ ഓഹരി വിപണികളിലും ഇടിവുണ്ടായി. ഹോങ്കോങ്, ടോക്യോ, തായ്‌പെയ്, ചൈന എന്നിവിടങ്ങളിലും ഇന്ത്യയിലും വിപണി കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പുതിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറായതുമില്ല. എന്നാല്‍, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് വന്നതോടെ വെള്ളിയാഴ്ച അമേരിക്കയിലെ ഓഹരിവിപണി അല്പം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും യൂറോ മേഖലയിലെ വായ്പാ പ്രതിസന്ധി മറ്റു മേഖലകളിലേക്കു പടരാനിടയുണ്ടെന്ന യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ജോസ് മാനുവല്‍ ബറോസോയുടെ പ്രസ്താവനയുമാണ് വാരാന്ത്യത്തില്‍ വിപണികളെ ഉലച്ചത്.

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിക്ക് ബോണ്ടു വഴിയുള്ള വരുമാനം ഇടിഞ്ഞത് ഈയാഴ്ചയാണ്. ജര്‍മന്‍ ഏകീകരണത്തിനുശേഷം ആദ്യമാണ് രാജ്യം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികമായി കുതിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ രൂക്ഷമായ നാണ്യപെരുപ്പവും വിലക്കയറ്റവും സമ്മര്‍ദ്ദത്തിലാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം