ആളില്ലാ ലെവല്‍ ക്രോസില്‍ തീവണ്ടി വാനിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

August 7, 2011 കേരളം

ഓച്ചിറ: കൊല്ലം ജില്ലയില്‍ വയനകത്ത് ആളില്ലാ ലെവല്‍ ക്രോസില്‍ തീവണ്ടി മെറ്റഡോര്‍ വാനിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.10നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് തീവണ്ടിയാണ് വാനിലിടിച്ചത്. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലും ഓച്ചിറയിലെ സ്വകാര്യ ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. വാനില്‍ ഉണ്ടായിരുന്നവര്‍ നിര്‍മ്മാണത്തൊഴിലാളികളായിരുന്നു.

വാനിന്റെ  ഡ്രൈവര്‍ ഓച്ചിറ കൊറ്റമ്പള്ളി കൊച്ചയ്യത്ത് ശശി(55), വള്ളികുന്നം മണക്കാട് സ്വദേശി സതീഷ് (34), വള്ളികുന്നം സ്വദേശിയായ അജയന്‍ (30), ബംഗാള്‍ ബര്‍ദാം സ്വദേശികളായ ആലോം മണ്ടേല്‍(20), ബോള്‍ കുമാറണി (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മഠത്തിക്കാരാഴ്മ തോട്ടത്തില്‍ സന്തോഷി (32) നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റ് പണി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് വരികയായിരുന്നു തൊഴിലാളികള്‍. സ്ഥലം എം.പി.കൂടിയായ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ രാത്രി 10 ന് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ രാത്രി വൈകിയും സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. സംഭവം അറിഞ്ഞയുടന്‍ റെയില്‍വേയുടെ കൊല്ലം ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍, അസി.ഡിവിഷണല്‍ എന്‍ജിനിയര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചു. ഡിവിഷണല്‍ സേഫ്ടി ഓഫീസര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് പ്രത്യേക റിലീഫ് തീവണ്ടിയും സ്ഥലത്തെത്തി.ഡ്രൈവര്‍ അശ്രദ്ധമായി ട്രാക്കിലേക്ക് വാന്‍ ഓടിച്ചുകയറ്റിയതാണ് അപകടത്തിനു കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം