പോലീസ് വെടിവെപ്പ്: ലണ്ടനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

August 7, 2011 രാഷ്ട്രാന്തരീയം

ലണ്ടന്‍: പോലീസ് വെടിവെപ്പില്‍ 29 വയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ നോര്‍ത്ത് ലണ്ടനില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ബ്രിട്ടനില്‍ സമീപ വര്‍ഷങ്ങളില്‍ നടന്നതില്‍വച്ച് ഏറ്റവും അക്രമാസക്തമായ പ്രതിഷേധ പ്രകടനമായിരുന്നു ശനിയാഴ്ച രാത്രി ടോട്ടന്‍ഹാമില്‍ അരങ്ങേറിയത്. പ്രതിഷേധത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഒരു പോലീസുകാരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്ക് ഡഗ്ഗന്‍ എന്ന യുവാവാണ് കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് 300 ഓളംപേര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ് ജനക്കൂട്ടം പോലീസ് കാറുകള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.  തുടര്‍ന്ന് ജനക്കൂട്ടം ഒരു ബസ്സിനും നിരവധി വാഹനങ്ങള്‍ക്കും തീവച്ചു. കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിച്ച ജനക്കൂട്ടം വസ്തുക്കള്‍ ട്രോളികളില്‍ നിറച്ച് കടത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം