തീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗം 31 ന്‌

July 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയ്‌ക്കല്‍:കേരളത്തില്‍ തീവ്രവാദവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനു മുസ്‌ലിം ലീഗ്‌ മുന്‍കൈ എടുക്കും. ഇതിനായി തീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗം 31 ശനിയാഴ്‌ച കോട്ടയ്‌ക്കലില്‍ വിളിച്ചുചേര്‍ക്കുമെന്നു മുസ്‌ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അറിയിച്ചു.ഓഗസ്‌റ്റ്‌ ആറിനു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസൗഹൃദ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും പോലുള്ള സംഘടനകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അവരെ നിയന്ത്രിക്കേണ്ടത്‌എല്ലാവരുടെയും ആവശ്യമാണ്‌. എന്നാല്‍, ഈ സംഘടനകളെ നിരോധിക്കണം എന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു തീരുമാനിക്കേണ്ടതു സര്‍ക്കാരും കോടതിയും ആണെന്നും, അവര്‍ എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.മതനിന്ദയുണ്ടായാല്‍ പ്രതികരിക്കേണ്ട ചുമതല വിശ്വാസികള്‍ക്കുണ്ട്‌. പക്ഷേ, അതിനു കാരണമായവര്‍ മാപ്പ്‌ അപേക്ഷിച്ചാല്‍ അതു നല്‍കേണ്ടതു കടമയാണെന്നാണു പ്രവാചകന്‍ പഠിപ്പിച്ചത്‌.തീവ്രവാദ സംഘടനകള്‍ ഭരണഘടനയ്‌ക്കും രാജ്യത്തിനും എതിരായാണു പ്രവര്‍ത്തിക്കുന്നത്‌. അവര്‍ക്ക്‌ എതിരായി സര്‍ക്കാരോ പൊലീസോ പ്രവര്‍ത്തിക്കുമ്പോള്‍ അതു മുസ്‌ലിം സമുദായത്തിന്‌ എതിരാണെന്നു കരുതേണ്ടതില്ല.
തീവ്രവാദ സംഘടനകളെ പിന്തുണച്ച്‌ അബദ്ധം പറ്റിയതു മറയ്‌ക്കാനാണ്‌ സിപിഎം ഇപ്പോള്‍ മുസ്‌ലിംലീഗിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നു മുസ്‌ലിംലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദാറുല്‍ ഖദ എന്താണെന്നറിയാതെയാണ്‌ മുസ്‌ലിംലീഗിനു ബന്ധമുണ്ടെന്നു സിപിഎം പറയുന്നത്‌. അതു തെക്കന്‍ കേരളത്തില്‍ മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സംഘടനയാണ്‌. തീവ്രവാദ സംഘടനകള്‍ക്ക്‌ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ പാര്‍ട്ടിയാണ്‌ സിപിഎം. എന്‍ഡിഎഫുകാര്‍ക്കെതിരായ കേസുകള്‍ എഴുതിത്തള്ളിച്ചു എന്ന സിപിഎം ആക്ഷേപം അടിസ്‌ഥാനരഹിതമാണ്‌.
ഈ ആക്ഷേപം ശരിയാണെന്നു തെളിയിക്കാന്‍ സിപിഎമ്മിനെവെല്ലുവിളിക്കുന്നു. സമുദായത്തിലെ സംഘടനകളുമായി ചേര്‍ന്നു പോപ്പുലര്‍ ഫ്രണ്ടിനെ നേരിടും. ഇക്കാര്യത്തിനായി സമാന ചിന്താഗതിക്കാരായ സംഘടനകളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം